25 March Monday

വാടുന്ന താമര ; വിടരുന്ന പ്രതീക്ഷ

ഷാജു വി ഹനീഫ്,കുവൈത്ത്Updated: Saturday Jun 2, 2018
ഷാജു വി ഹനീഫ്

ഷാജു വി ഹനീഫ്

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ അംഗീകാരം ലഭിച്ചു എന്നതും ദേശീയ തലത്തിൽ വർഗ്ഗീയതക്കും പണക്കൊഴുപ്പിനുമെതിരായി ജനങ്ങൾ വിധിയെഴുതി എന്നതുമാണ് ഈ  ഉപതെരെഞ്ഞെടുപ്പുകളുടെ ബാക്കി പത്രം..എൽ ഡി എഫ് ഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളം ഇത് രാഷ്ട്രീയ വിജയമാണ്.'സർക്കാർ കൂടെയുണ്ട്' എന്നത് കേവലം  പരസ്യ വാചകമല്ല എന്നത് ജനങ്ങൾ അനുഭവിച്ചറിയുന്നു എന്നതിന്റെ സാക്ഷ്യപത്രം.ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാവ് എന്നതിന്റെ നേർസാക്ഷ്യം.പ്രതിപക്ഷധർമ്മം മറന്ന മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിനെയും നാടിന്റെ സാമൂഹ്യ സംതുലിതാവസ്ഥയെ തകിടം മറിക്കുന്ന  അതിവിപത്തായ ബി ജെ പിയെയും ഒരു പോലെ തൂത്തെറിയാൻ കഴിഞ്ഞു എന്നത് ഏറ്റവുമധികം ആഹ്ളാദകരമാണ്.അതിലുപരി   കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളുടെ അതി നീചമായ കുപ്രചരണങ്ങൾ കൂടി അതി ജീവിച്ചാണ് ഇടത് വിജയം.സ്ഥാനാർത്ഥിയുടെ വ്യക്തിഹത്യയിൽ തുടങ്ങിയ കുപ്രചാരണത്തിന്റെ മൂർത്തഭാവമായിരുന്നു തെരെഞ്ഞെടുപ്പ് ദിവസം കണ്ടത്.അന്നേദിവസം നടന്ന ദൗർഭാഗ്യകരമായ ഒരു ദുരഭിമാനക്കൊലയെ പോലും രാഷ്ട്രീയ വൽക്കരിച്ച് കൊണ്ട് മാധ്യമങ്ങൾ അവരുടെ വൃത്തികെട്ട അജണ്ട നടപ്പാക്കുകയായിരുന്നു..കോർപ്പറേറ്റു മുതാളിൽമാരുടെ ഉറ്റ ചങ്ങാതിമാരായ ഈ മാധ്യമങ്ങൾ ഇടത് പക്ഷ സർക്കാരുകൾക്കെതിരെ ഇത്തരം നിലപാടുകൾ വെച്ച് പുലർത്തുമ്പോളാണ് ഇടത് പക്ഷമാണ് ശരി എന്ന ബോധ്യം സാധാരണ ജനങ്ങൾക്കുണ്ടാകുന്നത് എന്നത് ഒരേ സമയം ആശ്വാസകരവും ഇടത് പക്ഷ മുന്നണിക്ക്  ജനങ്ങളോടുള്ള ഉത്തരവാദിത്വം കൂട്ടുന്നതുമാണ്.

പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കിയതുൾപ്പെടെയുള്ള ഭരണ നേട്ടങ്ങളെ പ്രാദേശിക മാധ്യമങ്ങൾ എത്ര തന്നെ തമസ്കരിച്ചാലും ജനങ്ങൾ അംഗീകരിച്ചതിന്റെ വിജയം കൂടിയാണ് ചെങ്ങന്നൂരിലേത്.അടിസ്ഥാന വികസന രംഗത്തും കാർഷിക രംഗത്തും ഈ സർക്കാർ ഉണ്ടാക്കിയെടുത്ത ഉണർവ്വിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയം.പൊതുവിദ്യാഭ്യാസവും പൊതു വിതരണവും കാര്യക്ഷമമാക്കിയ ഗവണ്മെന്റിനുള്ള അംഗീകാരം.

പ്രവാസികളെ സംബന്ധിച്ചിടത്തോളം ,അവരുടെ സാമൂഹികവും സാംസ്കാരികവുമായ സ്വത്ത്വത്തെ ഇത്രത്തോളം അംഗീകരിച്ചിട്ടുള്ള ഒരു സർക്കാർ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം.ലോക കേരള സഭയും 'മലയാളംമിഷൻ'  ഉൾപ്പെടെയുള്ള സാംസ്കാരിക പ്രവർത്തനങ്ങളും 'പ്രവാസിമലയാളികൾ' എന്ന എക്കാലവും പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയോടുള്ള കരുതലായിരുന്നു.പ്രവാസി ക്ഷേമ പെൻഷനുൾപ്പെടെയുള്ള  ക്ഷേമ പ്രവർത്തനങ്ങളും  പ്രവാസികൾക്കിടയിൽ  ഈ സർക്കാരിന് മതിപ്പുണ്ടാക്കിയിട്ടുള്ളതാണ്.ചെ
ങ്ങന്നൂർ ഉപ തെരെഞ്ഞെടുപ്പിൽ തങ്ങളാൽ കഴിയുന്ന രീതിയിൽ ഇടത് സ്ഥാനാർഥിക്കു വേണ്ടിയുള്ള പ്രവാസികളുടെ വലിയ തോതിൽ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.ആ അർത്ഥത്തിൽ ഇത് പ്രവാസികളുടെ കൂടി വിജയമാണ്.

ദേശീയതലത്തിൽ ബി ജെപി ക്ക് കിട്ടിയ തിരിച്ചടി പ്രതിപക്ഷ ഐക്യ നിരക്ക് ആവേശം നൽകുന്നതാണ്.ഉപതെരഞ്ഞെടുപ്പ് നടന്ന നാല് ലോക്സഭാസീറ്റുകളിൽ മൂന്നും ബിജെപി സഖ്യത്തിന് നഷ്ടമായിരിക്കുന്നു.ആസൂത്രണം ചെയ്ത വർഗ്ഗീയ കലാപങ്ങളിലൂടെ ബി ജെപി നേട്ടം കൊയ്ത  ഉത്തർ പ്രദേശിലെ കൈറാന ലോക്സഭാ ഉപതെരെഞ്ഞെടുപ്പിൽ വിജയിച്ചത് സമാജ്‌വാദി ആർ എൽ ഡി സഖ്യ സ്ഥാനാർഥിയായ തബസ്സും ഹസൻ ആണ്.2014 ഇൽ രണ്ട് ലക്ഷത്തിലധികം വോട്ടിനു ബി ജെ പി ജയിച്ച ഒരു മണ്ടലത്തിൽ ന്യൂനപക്ഷസമുദായാംഗമായ ഒരു വനിതാ വിജയിച്ചു വന്നു എന്നത് ശ്രദ്ധേയമാണ്.ആർ എസ് എസ് ഭീകരവാദത്തിന്റെ സമീപകാല പരീക്ഷണ സാലയായ മുസാഫർപൂർ കഴിഞ്ഞാൽ ഏറ്റവുമധികം വർഗ്ഗീയ കലാപങ്ങൾ നടന്ന സ്ഥലമാണ് കൈറാന.മഹാരാഷ്ട്രയിലും ഒരു സിറ്റിങ് സീറ്റ് ബിജെപിയിൽ നിന്നും പ്രതിപക്ഷം പിടിച്ചെടുത്തിരിക്കുന്നു.ദുശാഠ്യങ്ങൾ മാറ്റി വെച്ച് കോൺഗ്രസ്സും എൻ സി പിയും ഒന്നായതിന്റെ ഫലമായിരുന്നു ഭണ്ടാര ഗോണ്ടിയായിലെ വിജയം.പാൽഗറിൽ മാത്രമാണ് ബി ജെപ്പിക്ക് വിജയം നേടാനായത്.അവിടെ സിപിഐ എം സ്ഥാനാർഥി  എഴുപത്തിനായിരത്തിലധികം വോട്ട് പിടിച്ചു. എന്നതും ശ്രദ്ധേയമാണ്.ഇതോടൊപ്പം നടന്ന നിയമസഭാ ഉപതെരെഞ്ഞെടുപ്പിൽ പതിനൊന്നിൽ പത്തും നേടിയത് പ്രതിപക്ഷ കക്ഷികളാണ് എന്ന വസ്തുത മനസ്സിലാക്കുമ്പോളാണ് മോദിപ്രഭാവത്തിനേറ്റ തിരിച്ചടിയുടെ ആഴം അളക്കാനാവൂ.

സംസ്ഥാനത്ത്  ഭരണത്തിലിരിക്കുന്ന കക്ഷി തിളക്കമാർന്ന ജയം നേടിയ സ്ഥാനത്താണ് കേന്ദ്ര  ഭരണകക്ഷിയുടെ ഈ പരാജയം എന്നത് എടുത്ത്  പറയേണ്ട ഒന്നാണ്..വർഗ്ഗീയതായേ  ആളിക്കത്തിച്ച് അധികകാലമൊന്നും ജനങ്ങളുടെ മുന്നിൽ പിടിച്ച് നിൽക്കാനാവില്ല എന്നത് യാഥാർഥ്യമാണ്.മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ യഥാർത്ഥ ചോയ്‌സ് ഇടത് പക്ഷം തന്നെയാണ് എന്ന് അടിവരയിടുന്നതാണ് ചെങ്ങന്നൂരിലെ ഇടത് വിജയം.ഫാസിസത്തിനെതിരെ ഏറ്റവും മികച്ച പ്രതിരോധം  വിശാല ഐക്യനിര കെട്ടിപ്പടുക്കുക എന്നതാണെന്ന് യൂ പി യും കൈറാനയും ഓർമ്മപ്പെടുത്തുന്നുണ്ട്. ഇന്ത്യൻ ജനത വലിയൊരു തെറ്റ് തിരുത്തി കൊണ്ടിരിക്കുകയാണ്,.തിരുത്തുക എന്നത് തന്നെയാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top