02 July Thursday

സൗദി കര്‍ഫ്യൂ ഇളവുകാര്‍ക്ക് ‘തവക്കല്‍നാ ’ ഓണ്‍ ലൈന്‍ പാസ്

എം എം നഈംUpdated: Tuesday May 5, 2020

ദമ്മാം> സൗദിയില്‍ കര്‍ഫ്യൂ ഘട്ടങ്ങളില്‍ ഇളവ് പ്രാഖ്യാപിച്ച വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് സഞ്ചരിക്കുന്നതിന്നായി ഓണ്‍ലൈന്‍ മുഖേന തവക്കല്‍നാ എന്ന പേരില്‍ അനുമതി പത്രം നല്‍കുമെന്ന് സൗദി ഡാറ്റാ അതോറിറ്റി അ റിയിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഔദ്യോഗിക തിരിച്ചറിയല്‍ രേഖയുടെ നമ്പറും മൊബൈല്‍ നമ്പറും ജനന തിയതിയും ഉപയോഗിച്ച്  പ്രത്യേക ആപ്ലിക്കേഷന്‍ മുഖേന രജിസ്റ്റര്‍ ചെയ്യാമെന്ന് അതോറിറ്റി വ്യക്തമാക്കി.

കര്‍ഫ്യൂ ഇളവ് ചെയ്ത വിഭാഗങ്ങള്‍ക്കു പുറമേ അത്യാവശ്യ ചികിത്സ വേണ്ടവര്‍ , മറ്റു മാനുഷിക പരിഗണന വേണ്ടവര്‍ തവക്കല്‍നാ എന്ന ഓണ്‍ ലൈന്‍ തസ് രീഹ് സഹായകമാവുമെന്ന് അതോറിറ്റി അറിയിച്ചു.

പ്രത്യേക ബാര്‍കോഡിലുള്ള തസ് രീഹ് റോഡുകളില്‍ കര്‍ഫ്യൂ ചുമതലയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കാണിക്കണം. അവര്‍ തങ്ങളുടെ പക്കലുള്ള മൈദാന്‍ എന്ന പേരിലുള്ള ആപ്ലിക്കേഷന്‍ മുഖേന ബാര്‍കോഡ് പരിശോധിക്കും. പരിശോധനയില്‍ പാസ് വിവരം ലഭ്യമായില്ലെങ്കില്‍ നിയമ ലംഘനം രേഖപ്പെടുത്തിയേക്കും. തവക്കല്‍നാ എന്ന പേരിലുളള പുതിയ പാസ് ഔദോഗികമായി നടപ്പിലാക്കി തുടങ്ങിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

സൗദിയില്‍ പുതുതായി 1645 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28656 ആയി ഉയര്‍ന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 19 ശതമാനം സ്വദേശികളും 81 ശതമാനം വിദേശികളുമാണ്. രോഗം ബാധിച്ച് 7 പേര്‍ കുടി മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ 191 ആയി ഉയര്‍ന്നു.342 പേര്‍ ഇന്നു സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 4476 ആയി ഉയര്‍ന്നു.

രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രധാന സ്ഥലങ്ങളുടെ വിവരം മക്ക 287, ദമ്മാം 261, ജിദ്ദ 261, ജുബൈല്‍ 217, മദീന 152, ഹുഫൂഫ് 133, റിയാദ് 131, ബീഷ 53, കോബാര്‍ 26,തായിഫ് 14, സഫ് വാ 13, യാമ്പു9, ഖുന്‍ഫുദ 9, നഅ് രിയ്യ 8, ഖര്‍യാത് 7, തബൂക് 4, ഖതീഫ്3, ദഹ് റാന്‍4, ഖര്‍ജ് 4 അറാര്‍ 4.മറ്റ് പത്തില്‍ പരം സ്ഥലങ്ങളില്‍ ഓരോന്നുമാണ് റിപ്പോര്‍ട്ട് ചെയ്തത്.


പ്രധാന വാർത്തകൾ
 Top