16 July Thursday

യുഎഇയിൽ സമൂഹ നോമ്പ് തുറയ്ക്ക് വിലക്ക്; കൂടാരങ്ങൾക്ക് അനുമതിയും ഇല്ല

സഫറുള്ള പാലപ്പെട്ടിUpdated: Wednesday Apr 22, 2020

അബുദാബി > കോവിഡ് 19 വ്യാപനത്തെ തടയാൻ യുഎഇ ദേശീയ തലത്തിൽ തുടരുന്ന മുൻകരുതൽ പ്രതിരോധ നടപടികളുടെ ഭാഗമായ്‌ ഇത്തവണ റമദാനിൽ കൂടാരങ്ങൾക്കുള്ള എല്ലാ അനുമതികളും റദ്ദാക്കിയതായി ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്റ് ചാരിറ്റബിൾ ആക്ടിവിറ്റിസ് വകുപ്പ് അറിയിച്ചു.

പൊതുജന സമ്പർക്കം വൈറസ് വ്യാപനത്തിന് പ്രധാന കാരണമായി മാറുന്ന പശ്ചാത്തലത്തിലാണ് റമദാനിലെ എല്ലാവിധ കൂടിച്ചേരലുകളും ഒഴിവാക്കുന്നതിനായി കൂടാരങ്ങളൊരുക്കുന്നതിനുള്ള അനുമതി നിഷേധിച്ചിരിക്കുന്നത്.
റംസാൻ കാലങ്ങളിൽ വിവിധ ഇടങ്ങളിൽ കൂടാരങ്ങൾ ഒരുക്കി സമൂഹ നോമ്പുതുറക്കുള്ള സൗകര്യങ്ങൾ ഒരുക്കുക പതിവായിരുന്നു. അതാണ് ഇത്തവണ ഒഴിവാക്കിയിരിക്കുന്നത്.

റമദാൻ കൂടാരങ്ങൾ അനുവദിക്കില്ലെന്ന് മാത്രമല്ല, നോമ്പ് കാലങ്ങളിൽ പള്ളികളുടെ മുറ്റത്ത് ഭക്ഷണങ്ങളുമായി കൂടിച്ചേരുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. റംസാൻകാലങ്ങളിൽ ഉത്സവപ്രതീതി സൃഷ്ടിച്ചുകൊണ്ട് വിവിധ സംഘടനകൾ സംഘടിപ്പിക്കാറുള്ള സമൂഹ നോമ്പുതുറകളും ഇത്തവണ ഉണ്ടായിരിക്കുന്നതല്ല.
ഭക്ഷണ വിതരണത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഐ.എ.സി.ഡി അംഗീകരിച്ചതും ലൈസന്സുള്ളതുമായ ചാരിറ്റി സ്ഥാപനങ്ങളെ സമീപിക്കണം.

ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും മുൻഗണന നൽകുന്നത്. മഹാമാരിക്കെതിരെ സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഉറപ്പാക്കി, വിവിധ സർക്കാർ ഏജൻസികളുമായി ഏകോപിപ്പിക്കുന്നതിനാണ് ഈ തീരുമാനമെന്ന് വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് ദർവിഷ് അൽ മുഹൈരി ചൂണ്ടിക്കാട്ടി.

വ്രതമാസത്തിൽ പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കുന്നതിനായി ആരംഭിച്ച നൂതന ഡിജിറ്റൽ സംരംഭമായ 'മീൽസ് ഓഫ് ഹോപ്പ്'ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനു ഐ.എ.സി.ഡി തുടരുമെന്ന് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യുഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മുഹമ്മദ് മുസാബെ ദാഹി വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top