02 July Thursday

ഖത്തറില്‍ പ്രവാസി മരിച്ചു; കോവിഡ് മരണം പത്തായി

അഹമ്മദ്കുട്ടി അറളയില്‍Updated: Wednesday Apr 22, 2020

ദോഹ>  കൊറോണവൈറസ് ബാധിച്ച് ഖത്തറില്‍ ഒരാള്‍കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിത മരണം 10 ആയി.55 കാരനായ പ്രവാസിയാണ് മരിച്ചത്. വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍ച്ച് 23ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം അത്യസന്ന നിലയിലായിരുന്നു.

ബുധനാഴ്ച പുതുതായി 608 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ വൈറസ് ്ബാധിതരുടെ എണ്ണം 7,141  ആയി വര്‍ദ്ധിച്ചതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.  ചൊവ്വാഴ്ച 75  പേര്‍ രോഗമുക്തി നേടി. ഇതുവരെ 689 പേരാണ് രോഗംഭേദമായി ആശുപത്രി വിട്ടത്നിലവില്‍ 6,442 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 

നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസി തൊഴിലാളികളാണ് പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ ഭൂരിഭാഗവും.
24 മണിക്കൂറിനിടെ 3,287  പേരുടെ കോവിഡ് പരിശോധന പൂര്‍ത്തീകരിച്ചു. ഇതുവരെ 70,012  പേരില്‍ കോവിഡ് പരിശോധനകള്‍ രാജ്യത്ത് നടന്നതായും മന്ത്രാലയം വ്യക്തമാക്കി.രാജ്യത്ത് കോവിഡ് രോഗപ്പകര്‍ച്ച മൂര്‍ധന്യാവസ്ഥയിലാണെന്നും വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് വരാനുള്ള സാധ്യതയുണ്ടെന്നും മന്ത്രാലയം വെളിപ്പെടുത്തി.


അതിനിടെ, കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും സര്‍ക്കാര്‍ പുതിയ നിബന്ധനയേര്‍പ്പെടുത്തി. ഇത്തരം സ്ഥാപനങ്ങളില്‍ നേരിട്ടെത്തിയാല്‍ ഭക്ഷ്യവസ്തുക്കള്‍ പാര്‍സലായി നല്‍കരുത്. പകരം, ആവശ്യക്കാര്‍ക്ക് വീടുകളിലെത്തിച്ചുകൊടുക്കണം. ഇത്തരം സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പാര്‍സല്‍ വാങ്ങുന്നതിനായി ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിയന്ത്രണം.

റസ്‌റ്റൊറണ്ടുകളും കഫേകളും ഇനിമുതല്‍ വാതില്‍ അടച്ചിടണം. ഉപഭോക്താക്കളെ കടയ്‌ക്ക് അകത്തും പുറത്തും നില്‍ക്കാന്‍ അനുവദിക്കരുത്. ജീവനക്കാര്‍ നിര്‍ബന്ധമായും കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും വ്യവസായ വാണിജ്യ മന്ത്രാലയം നിര്‍ദേശിച്ചു

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top