19 September Saturday

കുവൈത്തില്‍ നമസ്‌കാരം വീടുകളില്‍; ഐഡി കാലാവധി തീര്‍ന്നാലും ഖത്തറിലേക്ക് പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Sunday Mar 15, 2020

കുവൈത്ത്‌ സിറ്റി > പള്ളികളില്‍ നമസ്‌കരിക്കുന്നതിനുപകരം വീടുകളില്‍വെച്ച് നമസ്‌കാരം നിര്‍വഹിക്കാന്‍ കുവൈത്ത് ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. കൊറോണ പാശ്ചാത്തലത്തിലാണ് തീരുമാനം. മസ്ജിദുകളില്‍ സംഘടിത നമസ്‌കാരം (ജമാഅത്ത്)നിര്‍ത്തിവെക്കാനും മസ്ജിദുകള്‍ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. മസ്ജിദുകളില്‍ മുഅദ്ദിനുകള്‍ ബാങ്ക് വിളിക്കുക മാത്രമാണ് ചെയ്യുക. ബാങ്ക് വിളിയുടെ അവസാനത്തില്‍, 'എവിടെയാണോ ഉള്ളത് എങ്കില്‍ അവിടെ വെച്ച് നമസ്‌കാരം നിര്‍വഹിക്കുക' എന്നര്‍ഥം വരുന്ന വാചകം മുഅദ്ദിനുകള്‍ മൈക്കുകളിലൂടെ മുഴക്കണമെന്നും നിര്‍ദേശമുണ്ട്. ശനിയാഴ്ച മുതല്‍ ഇത് നടപ്പായി തുടങ്ങി. ജുമുഅ ഖുതുബയും നമസ്‌കാരവും പുതിയ ഒരു അറിയിപ്പുണ്ടാകുന്നതു വരെ നിര്‍ത്തിവെച്ചു. ജുമുഅ നമസ്‌കാരത്തിനു പകരം എല്ലാവരും സ്വന്തം വീടുകളില്‍ ദുഹ്ര്‍ നമസ്‌കാരം നിര്‍വഹിക്കണമെന്നാണ് നിര്‍ദേശം. കുവൈത്തില്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.  വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു. കുവൈത്തി പൗരന്മാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും മാത്രമായി വിമാന സര്‍വീസുകള്‍ പരിമിതപ്പെടുത്തി.

ഐഡി കാലാവധി തീര്‍ന്നാലും ഖത്തറിലേക്ക് പ്രവേശനം

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഐഡി കാലാവധി തീര്‍ന്നാലും യാത്രാ വിലക്ക് നീങ്ങുന്ന മുറക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കാമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഖത്തറിനു പുറത്ത് ആറുമാസത്തിലധികം താമസിക്കേണ്ടി വരുന്ന പ്രവാസികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുമ്പായി അവധിക്ക് നാട്ടില്‍ പോയവര്‍ക്കും ഐഡി കാലാവധി തീര്‍ന്ന് ആശങ്കയിലായവര്‍ക്കും തീരുമാനം വലിയ ആശ്വാസമാകും. ഖത്തറിലെ വിസാനിയമപ്രകാരം കാലാവധി അവസാനിച്ച ഐഡിയുമായി ഖത്തറിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേക്ക് താത്കാലികമായി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്.

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ സിനിമ തിയറ്ററുകള്‍, ജിംനേഷ്യം, വിവാഹ കേന്ദ്രങ്ങള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ തുടങ്ങിയവ അടച്ചിടും. മാളുകളിലും ഹോട്ടലുകളിലുമുള്ള ഇത്തരം കേന്ദ്രങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ നിയന്ത്രണം തുടരും.

സൗദി ഇഖാമയും റീ എന്‍ട്രിയും നീട്ടി നല്‍കും

യാത്രാ വിലക്കും വിമാനസര്‍വീസ് നിര്‍ത്തിവെയ്ക്കലും കാരണം വിദേശങ്ങളില്‍ കുടുങ്ങിയ സൗദി ഇഖാമയുള്ള വിദേശികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. വിമാന സര്‍വീസ് നിര്‍ത്തിവെച്ച കാലയളവിന് തുല്യമായ കാലത്തേക്ക് ഇവര്‍ക്ക് റീ-എന്‍ട്രി കാലാവധി നീട്ടിനല്‍കും. ഇഖാമ കാലവാധിയും ദീര്‍ഘിപ്പിക്കും. ഫാമിലി, ബിസിനസ്, ചികിത്സ, ടൂറിസ്റ്റ് അടക്കം എല്ലാവിധ സന്ദര്‍ശന വിസകളിലും സൗദിയിലെത്തിയവരുടെ വിസാ കാലാവധി തത്തുല്യ കാലത്തേക്ക് നീട്ടിനല്‍കും. മള്‍ട്ടിപ്പിള്‍, സിംഗിള്‍ എന്‍ട്രി വിസകളെല്ലാം ദീര്‍ഘിപ്പിച്ച് നല്‍കും. ജവാസാത്തിനെ നേരിട്ട് സമീപിച്ച് നിശ്ചിത ഫീസ് അടച്ചാണ് വിസ ദീര്‍ഘിപ്പിക്കേണ്ടത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top