25 May Monday

ഒമാനില്‍ കടുത്ത നിയന്ത്രണങ്ങള്‍; വിദേശികള്‍ക്ക് പ്രവേശനമില്ല

അനസ് യാസിന്‍Updated: Wednesday Mar 18, 2020

മനാമ> കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദേശികള്‍ക്ക് കര, കടല്‍, വ്യോമ മാര്‍ഗം ഒമാനിലേക്കുള്ള പ്രവേശനം വിലക്കി. വിലക്ക് ബുധനാഴ്ച ഉച്ചക്ക് 12ന് നിലവില്‍ വന്നു. ഒമാന്‍ സ്വദേശികള്‍ രാജ്യത്തിന് പുറത്ത് പോകുന്നതും സുപ്രീം കമ്മിറ്റി നിരോധിച്ചു.

നേരത്തെ മാര്‍ച്ച് 17 മുതല്‍ വിദേശികള്‍ക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് തിങ്കളാഴ്ച രാത്രി ഭേദഗതി വരുത്തി സാധുവായ ഒമാന്‍ വിസയുള്ളവര്‍ക്ക് പ്രവേശനം എന്നാക്കി. എന്നാല്‍, ചൊവ്വാഴ്ച രാത്രി ചേര്‍ന്ന സുപ്രീം കമ്മിറ്റിയോഗം വീണ്ടും എല്ലാ വിദേശികള്‍ക്കും ബുധനാഴ്ച ഉച്ചമുതല്‍ പ്രവേശനം വിലക്കി ഉത്തരവിടുകയായിരുന്നു.

രാജ്യത്തെ പള്ളികള്‍ അടച്ചിടാനും കമ്മിറ്റി നിര്‍ദേശിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളില്‍ നമസ്‌കാരം ഉണ്ടാവില്ല. ബാങ്ക് വിളി മാത്രമാണ് പള്ളികളില്‍ നിന്ന് ഉണ്ടാവുക. ഇതര മതസ്ഥരുടെ ദേവാലയങ്ങളും അടക്കണം. എല്ലാ ഒത്തു ചേരലുകളും പരിപാടികളും സമ്മേളനങ്ങളും ഒഴിവാക്കി. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും അടക്കണം. ബീച്ചുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളിലെ ഒത്തുചേരലുകള്‍ തടയണം.

ഷോപ്പിങ് മാളുകളിലെ എല്ലാ കടകളും അടക്കണം. എന്നാല്‍, ഭക്ഷ്യവസ്തുക്കളും അവശ്യ ഉല്‍പന്നങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, കണ്ണട കടകള്‍  എന്നിവക്ക് ഇത് ബാധകമല്ല.
രാജ്യത്തെ പരമ്പരാഗത മാര്‍ക്കറ്റുകളായ മത്രസൂഖ്, നിസ്വ സൂഖ്, സിനാവ് മാര്‍ക്കറ്റ് എന്നിവ അടച്ചിടണം. പ്രശസ്തമായ ബുധനാഴ്ച മാര്‍ക്കറ്റ്, വ്യാഴാഴ്ച മാര്‍ക്കറ്റ്, വെള്ളിയാഴ്ച മാര്‍ക്കറ്റ് എന്നിവക്കും നിരോധനം ബാധകമാണ്.

റസ്റ്ററണ്ടുകളിലും കഫേകളിലും ഹോട്ടലുകളിലും ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു. പാഴ്സലുകള്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ. എല്ലാ സ്പോര്‍ട്സ്, കള്‍ചറല്‍ ക്ലബുകളും അടച്ചിടണം. ജിമ്മുകള്‍, ഹെല്‍ത്ത് ക്ലബുകള്‍, ബാര്‍ബര്‍, ബ്യൂട്ടി ഷോപ്പുകള്‍ എന്നിവ അടച്ചിടാനും നിര്‍ദേശിച്ചു. സ്പോര്‍ട്സ്, കള്‍ചറല്‍ ക്ലബുകളും അടച്ചിടണം. നിയന്ത്രണങ്ങള്‍ എല്ലാം ബുധനാഴ്ച ഉച്ചക്ക് 12ന് നിലവില്‍ വന്നു.

നിലവില്‍ ഒമാനില്‍ 33 പേര്‍ക്കാണ് കൊറോണവൈറസ് സ്ഥിരീകരിച്ചത്.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top