07 June Sunday

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഗള്‍ഫ്; സഹകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി

അനസ് യാസിന്‍Updated: Wednesday Mar 18, 2020

മനാമ > മേഖലയില്‍ കോവിഡ്-19 രോഗികള്‍ 1100 കടന്നതോടെ രോഗ വ്യാപനം തടയുന്നതിന് നടപടികള്‍ ഊര്‍ജ്ജിതമാക്കി ഗള്‍ഫ് രാജ്യങ്ങള്‍. കടുത്ത നിയന്ത്രണങ്ങളും യാത്രാ വിലക്കുകളുമാണ് വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയത്് രോഗവ്യാപനം തടയാനുള്ള നടപടികളുമായി സഹകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കുവൈത്ത് മുന്നറിയിപ്പ് നല്‍കി.

യുഇയിലും ഖത്തറിലും പള്ളികള്‍ അടച്ചു. പള്ളികളില്‍ ബാങ്ക് വിളി തുടരും, നമസ്‌കാരം നടക്കില്ല. യുഎഇയിലെ ചര്‍ച്ചുകളിലും നാല് ആഴ്ചക്കാലത്തേക്ക് ആരാധനകള്‍ നിര്‍ത്തി. യുഎഇയില്‍ ബാങ്ക് വിളിയുടെ അവസാനത്തില്‍, 'എവിടെയാണോ ഉള്ളത്, അവിടെ നമസ്‌കാരം നിര്‍വഹിക്കുക' എന്നര്‍ഥം വരുന്ന വാചകം മൈക്കുകളിലൂടെ മുഴക്കണമെന്നും നിര്‍ദേശമുണ്ട്.

കൊറോണവൈറസ് രോഗബാധ ബോധപൂര്‍വം മറച്ചുവെക്കുകയും അതുവഴി രോഗവ്യാപനത്തിനു കാരണക്കാരനാവുകയും ചെയ്യുന്നവര്‍ക്ക്  അഞ്ചുവര്‍ഷം വരെ തടവും 50,000 ദീനാര്‍ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കി.  നിര്‍ബന്ധിത വീട്ടുനിരീക്ഷണം ലംഘിക്കുന്നതുള്‍പ്പെടെ സര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതിരോധ നടപടികളോട് സഹകരിക്കാത്തതും നിയമ പ്രകാരം കുറ്റകരമാണ്. ഇവര്‍ക്ക ആറുമാസം വരെ തടവും 30,000 ദീനാര്‍ വരെ പിഴയും ലഭിക്കും.

വിദേശികള്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ ഒമാന്‍ ഭേദഗതി വരുത്തി. ഒമാന്‍ വിസയുള്ള പ്രവാസികള്‍ക്ക് രാജ്യത്തേക്ക് തിരിച്ചുവരാം. വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് ചൊവ്വാഴ്ച നിലവില്‍ വന്നു. പ്രവേശന വിലക്ക് വിസിറ്റിങ് വിസയിലുള്ളവര്‍ക്ക് മാത്രമാണ്.

ഒമാനില്‍ സിബിഎസഇ പരീക്ഷകള്‍ക്ക് മാറ്റമില്ല. കുവൈത്തിലും ഖത്തറിലും പൊതുഗതാഗതവും നിലച്ചു. കുവൈത്തും സൗദിയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടാഴ്ച അവധി നല്‍കി. ബഹ്റൈന്‍ ബുധനാഴ്ച മുതല്‍ വിമാന സര്‍വീസുകള്‍ പരിമിതപ്പെടുത്തും. വിസ ഓണ്‍ അറൈവല്‍ സംവിധാനവും ഉണ്ടാകില്ല.

യുഎഇയില്‍ വിസാവിലക്ക് പ്രാബല്യത്തില്‍ വന്നു. കുവൈത്തും സൗദിയും പൂര്‍ണമായും വിമാന സര്‍വീസ് നിര്‍ത്തിവെച്ചു. ഖത്തര്‍ വിദേശികള്‍ക്ക് പ്രവേശനം വിലക്കി. എന്നാല്‍, ഇന്ത്യയിലെക്കുള്ള ഖത്തര്‍ എയര്‍വേസിന്റെ സര്‍വീസുകള്‍ക്ക് നിലവില്‍ മുടക്കമില്ല.

കോഴിക്കോട്, കൊച്ചി ഉള്‍പ്പെടെ ഈ മാസം 31 വരെ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ യുഎഇ വിമാനക്കമ്പനിയായ ഫ്ളൈ ദുബായ് റദ്ദാക്കി. എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് ഫ്ളൈ ദുബായ് സര്‍വീസ് നടത്തിയിരുന്നത്. വിദേശത്തുള്ള എല്ലാ പൗരന്‍മാരോടും തിരിച്ചുവരാന്‍ യുഎഇ നിര്‍ദേശിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top