28 May Thursday

മസ്‌കറ്റ്‌ വിമാനത്താവളത്തിൽ 150 ഓളം മലയാളികൾ കുടുങ്ങി; വിദേശികള്‍ക്ക് പ്രവേശനം ഇല്ലെന്ന് അധികൃതർ

അനസ് യാസിന്‍Updated: Wednesday Mar 18, 2020

മനാമ > തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍ നിന്നും ബുധനാഴ്ച രാവിലെ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളില്‍ മസ്‌കത്തിലെത്തിയ 150 ഓളം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. രാജ്യത്തേക്ക് വിദേശികള്‍ക്ക് പ്രവേശനം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇവരെ വിമാനത്താവളത്തില്‍ തടഞ്ഞു നിര്‍ത്തിയിരിക്കയാണ്.

കൊറോണ വ്യാപനം തടയാനായി വിദേശികളെ ബുധനാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല എന്ന് ചൊവ്വാഴ്ച രാത്രി ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെ മുതല്‍ തന്നെ വിമാനതാവള അധികൃതര്‍ തീരുമാനം നടപ്പാക്കിയതാണ് യാത്രക്കാര്‍ക്ക് വിനയായത്. രാവിലെ 10നാണ് തിരുവനന്തപുരത്തു നിന്നുള്ള എക്‌സ്പ്രസ് വിമാനമെത്തിയത്. 11 ന് കൊച്ചിയില്‍ നിന്നുള്ള എക്‌സ്പ്രസ് വിമാനവും എത്തി.

എന്നാല്‍ ഇരുവിമാനങ്ങളിലെയും യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്നും പുറത്തു വിട്ടില്ല. ഇവരെ എയര്‍ ഇന്ത്യാ എക്‌സ്പ്രസും കൈയൊഴിഞ്ഞു. യാത്രക്കാരെ ഇറക്കി വിമാനങ്ങള്‍ തിരിച്ചു പോയി. യാത്രക്കാരെ വിമാനതാവളത്തില്‍ നിന്നും പുറത്തിറക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി ക്ഷേമനിധി ഡയരക്ടര്‍ പിഎം ജാബിര്‍ ഒമാന്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. എന്നാല്‍, തങ്ങള്‍ക്ക് ഇതില്‍ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്ന നിരുത്തരവാദപരമായ നിലപാടാണ് എംബസി സ്വീകരിച്ചത്.

വിസ തീരുന്നതും മറ്റുമായ കാരണങ്ങളാല്‍ വന്നവരാണ് ഏറെ പേരും. ഭക്ഷണമോ വെള്ളമോ വാങ്ങി കഴിക്കാന്‍ പോലും കൈയില്‍ കാശില്ലാത്തവരുമുണ്ട്. ഇവരുടെ കാര്യത്തില്‍ എത്രയും പെട്ടന്ന് ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് കത്തയച്ചതായി പിഎം ജാബിര്‍ 'ദേശാഭിമാനി'യോട് പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top