28 May Thursday

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് സൗദിയുടെ യാത്രാവിലക്ക്

അനസ് യാസിൻUpdated: Friday Mar 13, 2020

മനാമ
കോവിഡ്‌ ഭീതിയിൽ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലേക്ക് സൗദി അറേബ്യയിൽ യാത്രാവിലക്ക്. ഇന്ത്യക്കു പുറമെ യൂറോപ്യൻ യൂണിയൻ, സ്വിറ്റ്‌സർലാൻഡ്, പാകിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ്, സുഡാൻ, എത്യോപ്യ, ദക്ഷിണ സുഡാൻ, എറിത്രിയ, കെനിയ, ജിബൂട്ടി, സൊമാലിയ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്‌ക്കാണ് വിലക്ക്‌. ഇവിടങ്ങളിലുള്ള സൗദി പൗരന്മാർക്കും സൗദി ഇഖാമയുള്ളവർക്കും മടങ്ങുന്നതിന് 72 മണിക്കൂർ  അനുവദിച്ചു.
സൗദിയിലേക്ക് വരുന്നതിന് 14 ദിവസംമുമ്പ് ഈ രാജ്യങ്ങളിൽ താമസിച്ചവർക്കും വിലക്ക് ബാധകമാണ്.

സൗദിയിൽ ജോലി ചെയ്യുന്ന ഇന്ത്യ, ഫിലിപ്പീൻസ്  രാജ്യക്കാരായ ആരോഗ്യപ്രവർത്തകരെ വിലക്കിൽനിന്ന് ഒഴിവാക്കി. സൗദിയിൽനിന്ന് നാട്ടിൽ പോകാൻ റീഎൻട്രിയോ എക്സിറ്റോ വിസ നേടി കാത്തിരിക്കുന്നവർക്ക് 72 മണിക്കൂർ പരിധിക്കകം രാജ്യം വിടാനും അനുവാദമുണ്ട്.മലയാളികളടക്കമുള്ള പ്രവാസികളെ വിലക്ക് സാരമായി ബാധിക്കും. സൗദിയിലേക്ക് വരുംമുമ്പ്‌ കൊറോണ മുക്തമാണെന്ന് തെളിയിക്കുന്ന പിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മുമ്പ്‌ സൗദി നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് 72 മണിക്കൂറിനകം തിരിച്ചെത്തണമെന്ന് നിർദേശം.

ഈ സമയപരിധിക്കകം അവധിക്ക് വന്നവർ തിരിച്ചുപോകുക പ്രയാസമാണ്. ഇവർ സർട്ടിഫിക്കറ്റ് ഹാജരാക്കണമോ എന്ന കാര്യവും വ്യക്തമല്ല. ടിക്കറ്റും കിട്ടുക പ്രയാസമാകും.ജോർദാനിലേക്ക് കരമാർഗമുള്ള യാത്രയും സൗദി തടഞ്ഞു. ചരക്കുനീക്കങ്ങൾക്ക് തടസ്സമുണ്ടാകില്ല.അമ്പതിലേറപ്പേർ പങ്കെടുക്കുന്ന ചടങ്ങുകൾ ഒഴിവാക്കാൻ സൗദി ആരോഗ്യമന്ത്രാലയം നിർദേശിച്ചു. ഔദ്യോഗിക പരിപാടികൾക്കും ഇത് ബാധകമാണ്.  കുവൈത്ത് വെള്ളിയാഴ്ചമുതൽ എല്ലാ വിമാനസർവീസും നിർത്തും. ചരക്ക് സർവീസിന് വിലക്ക് ബാധകമല്ല.  26 വരെ രാജ്യത്ത് പൊതു അവധിയും പ്രഖ്യാപിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top