31 March Tuesday

കുവൈറ്റില്‍ 26 പേര്‍ക്ക് കൊറോണ: ബഹ്റൈനിലും കുവൈറ്റിലും വിദ്യാലയങ്ങള്‍ക്ക് രണ്ടാഴ്ച അവധി

അനസ് യാസിന്‍Updated: Thursday Feb 27, 2020

മനാമ> പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കൊറോണവൈറസ് (കോവിഡ് 19) കേസുകള്‍ വര്‍ധിക്കുന്നു. ഇറാനില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. കുവൈറ്റില്‍ ബുധനാഴ്ച ഉച്ചയോടെ കൊറോണ ബാധിതരുടെ എണ്ണം 26 ആയി ഉയര്‍ന്നു. ബഹ്റൈനില്‍ കൊറോണ കേസുകള്‍ 26 ലെത്തി. ഒമാനില്‍ കൊറോണ ബാധിത രാജ്യങ്ങളില്‍നിന്നെത്തിയ 250 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

ഇറാനില്‍ നിന്ന് എത്തിയവര്‍ക്കാണ് ഈ രാജ്യങ്ങളില്‍ രോഗം കണ്ടെത്തിയത്. കുവൈറ്റില്‍ ചൊവ്വാഴ്ച രാത്രി വരെ 12 പേര്‍ക്കായിരുന്നു രോഗം സ്ഥീരീകരിച്ചിരുന്നതെങ്കില്‍ ബുധനാഴ്ച പുതുതായി 14 കേസുകള്‍ കണ്ടെത്തി.  രോഗം പടര്‍ന്നു പിടിക്കുന്ന പാശ്ചാത്തലത്തില്‍ കുവൈറ്റില്‍ മാര്‍ച്ച് ഒന്നു മുതല്‍ എല്ലാ വിദ്യാഭ്യാസ  സ്ഥാപനങ്ങളും രണ്ടാഴ്ചത്തേക്ക് അടച്ചിടാന്‍ ബുധനാഴ്ച വൈകീട്ട് അടിയന്തിര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കുവൈറ്റില്‍ മുഴുവന്‍ സ്‌പോര്‍ട്‌സ് പരിപാടികളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു. ഇറാഖികള്‍ക്ക് സന്ദര്‍ശന വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചു. ഇറാഖില്‍ നിന്നുള്ള യാത്രക്കാരെ ട്രാന്‍സിറ്റ് ആയി കുവൈത്തിലൂടെ കൊണ്ടുപോകുന്നതും വിലക്കി. ദക്ഷിണ കൊറിയ, തായ്ലാന്റ്, ഇറ്റലി, ഇറാന്‍, ഇറാഖ് എന്നിവടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

ബഹ്റൈനില്‍ ബുധനാഴ്ച വൈകീട്ട് വരെ പുതുതായി മൂന്നു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം ഇറാന്‍ സന്ദര്‍ശിച്ച എല്ലാവര്‍ക്കും വൈദ്യപരിശോധന നടത്താന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ബഹ്‌റൈനില്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് അവധി നല്‍കി. എന്നാല്‍, സിബിഎസ്ഇ 10, 12 ക്ലാസ്സ് പരീക്ഷകള്‍ വ്യാഴാഴ്ച മുതല്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും. ബുധനാഴ്ചയിലെ മുടങ്ങിയ പരീക്ഷ പിന്നീട് നടത്തും. മാര്‍ച്ചില്‍ നടത്താനിരുന്ന ബഹ്റൈന്‍ അന്താരാഷ്ട്ര ഗാര്‍ഡന്‍ ഷോ മാറ്റിവെച്ചതായി സംഘടകര്‍ അറിയിച്ചു.

യുഎഇയില്‍ 13 പേര്‍ക്കാണ് രോഗബാധ. ഇതില്‍ മൂന്ന് പേര്‍ സുഖം പ്രാപിച്ചു, രണ്ട് പേരുടെ നില ഗുരുതരമാണ്. ഇറാനിലെ എല്ലാ നഗരങ്ങളിലേക്കുമുള്ള വിമാന സര്‍വീസുകള്‍ യുഎഇ ഒരാഴ്ചത്തേക്കു നിര്‍ത്തിവെച്ചു. തായ്‌ലന്റ് യാത്ര ഒഴിവാക്കാന്‍ പൗരന്മാരോട്  യുഎഇ അധികൃതര്‍ ആവശ്യപ്പെട്ടു. തായ്‌ലന്റ്, ദക്ഷിണ കൊറിയ, ജപ്പാന്‍, ഇറ്റലി, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ രാജ്യത്ത് പ്രവേശിക്കുന്നത് ഇറാഖും വിലക്കി.

വൈറസ് ബാധ വര്‍ധിച്ചതോടെ വിപണിയില്‍ മാസ്‌ക്കുകള്‍ക്ക് ക്ഷാമമായി. മാസ്‌ക്കുകള്‍ വില കൂട്ടി വിറ്റതിന് ബഹ്റൈനില്‍ മൂന്നും കുവൈറ്റില്‍ 14 ഉം ഫാര്‍മസികള്‍ അധികൃതര്‍ അടച്ചു പൂട്ടി.



 


പ്രധാന വാർത്തകൾ
 Top