21 February Thursday

ഗൗരി ലങ്കേഷിന് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് ചില്ല സര്‍ഗവേദിയുടെ സെപ്തംബര്‍ വായന

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2017

റിയാദ് > മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് ചില്ല സര്‍ഗവേദിയുടെ സെപ്തംബര്‍ വായന. ഡോ. സുനില്‍ പി ഇളയിടം ഫോണ്‍ ഇന്‍ ആയി തുടക്കം കുറിച്ചു സംസാരിച്ച പരിപാടിയില്‍  ഗൗരി ലങ്കേഷിന്റെ പോരാട്ടത്തെ അടയാളപ്പെടുത്തുന്ന 'തോക്കാണ് ആയുധം, ഗോഡ്‌സെയാണ് ഗുരു' എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി.

ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും ഭിന്നാഭിപ്രായങ്ങള്‍ക്ക് വേണ്ടിയുള്ള പ്രരിശ്രമങ്ങള്‍ കൂട്ടുകയും വ്യത്യസ്തകളെ മാനിക്കാനുമുള്ള സന്നദ്ധത സമൂഹത്തില്‍ എമ്പാടും ഉണ്ടാകുകയും വേണമെന്ന് സുനില്‍ പി ഇളയിടം പറഞ്ഞു. ഭിന്നാഭിപ്രായങ്ങളോടുള്ള അസഹിഷ്ണുതയുടെ സൂക്ഷ്മരൂപങ്ങള്‍ നാമൊക്കെയും കൊണ്ടുനടക്കുന്നുണ്ടാകും. അതിനെയും വിമര്‍ശനാത്മകമായി മറികടക്കാനുള്ള ജാഗ്രത നമ്മില്‍ തന്നെയും രൂപപ്പെടുന്നതിന് വേണ്ടിയുള്ള ആലോചനകള്‍ വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫാസിസ് വെടിയുണ്ടകള്‍ ഇല്ലാതാക്കിയ ഗൗരി ലങ്കേഷിനെ അനുസ്മരിക്കുന്ന പുസ്തകം 'തോക്കാണ് ആയുധം, ഗോഡ്‌സെയാണ് ഗുരു' എന്ന പുസ്തകം ജയചന്ദ്രന്‍ നെരുവമ്പ്രത്തിന് നല്‍കി എഴുത്തുകാരി ബീനയാണ് പ്രകാശനം നിര്‍വഹിച്ചത്. എം ഫൈസല്‍ പുസ്തകം അവതരിപ്പിച്ചു. ഗോഡ്സെയുടെ അതെ വെടിയുണ്ടകൊണ്ട് സ്വതന്ത്രവും ധീരവുമായ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ അനുവദിക്കില്ല എന്നോര്‍മ്മിപ്പിക്കുകയാണ് ഈ പുസ്തകം. നമ്മെളെല്ലാവരും ഗൗരി ലങ്കേഷുമാരാണെന്ന് പ്രഖ്യാപിക്കുന്ന നിലപാടുള്ള പുസ്തകത്തില്‍ സച്ചിദാനന്ദന്‍, കെ ജി എസ, സക്കറിയ, ശശികുമാര്‍, ബി ആര്‍ പി ഭാസ്‌കര്‍, വി മധുസൂദനന്‍ നായര്‍, പ്രകാശ് രാജ്, ചിദാനന്ദ രാജ്ഘട്ട, കെ ഇ എന്‍, കെ പി രാമനുണ്ണി, കെ ആര്‍ മീര, ബെന്യാമിന്‍, പി എന്‍ ഗോപീകൃഷ്ണന്‍, സലാം മാഡം, ചേതന തീര്‍ത്ഥഹള്ളി, ചൈതന്യ കെ എം, അജയ് പി മാങ്ങാട്, കെ ട്ടി കുഞ്ഞിക്കണ്ണന്‍, അനില്‍കുമാര്‍ തിരുവോത്ത്, ഇ കെ അബ്ദുല്‍ ഹക്കീം, എന്‍ എസ സജിത് എന്നിവരുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുന്നു.

 പ്രോഗ്രസ്ബുക്‌സ് പ്രസാധകരായുള്ള പുസ്തകത്തിന്റെ എഡിറ്റര്‍ വി മുസഫര്‍ അഹമ്മദാണ്. ജോസഫ് അതിരുങ്കല്‍, നജിം കൊച്ചുകലുങ്ക്, ശിഹാബ് കുഞ്ചിസ്, റസൂല്‍ സലാം, അബ്ദുല്‍ ലത്തീഫ്  എന്നിവര്‍ പ്രകാശന ചടങ്ങില്‍  സംബന്ധിച്ചു.

കെ സച്ചിദാനന്ദന്‍ എഡിറ്റുചെയ്ത 'വേഡ്‌സ് മാറ്റര്‍: റൈറ്റിങ്‌സ് എഗന്‍സ്റ്റ് സൈലന്‍സ്' എന്ന പുസ്തകം ശമീം തളാപ്രത്ത് അവതരിപ്പിച്ചു. നയന്‍താരാ സൈഗള്‍, റോമിളാ താപ്പര്‍, ഗോപാല്‍ ഗുരു, ഗീതാ ഹരിഹരന്‍, ഏ ആര്‍ വെങ്കിടചലപതി, അനന്യാ വാജ്പേയ്, തുടങ്ങിയവര്‍ എഴുതിയിരിക്കുന്നു. കൂടാതെ കൊല്ലപ്പെട്ട സ്വതന്ത്രചിന്തകരായ നരേന്ദ്ര ദാഭോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, മല്ലേശപ്പാ കാള്‍ബുര്‍ഗി എന്നിവരുടെ കൃതികളില്‍നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന പുസ്തകത്തിന് ഈ സമയത്ത് പ്രസക്തി ഏറെയുണ്ടെന്ന് ശമീം പറഞ്ഞു. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരില്‍ ഏറെ ശ്രദ്ധേയനായ അനീസ് സലിമിന്റെ 'ദ സ്മാള്‍ ടൗണ്‍ സീ' എന്ന പുസ്തകത്തിന്റെ വായനാനുഭവം അഖില്‍ ഫൈസല്‍ പങ്കിട്ടു. പതിമൂന്നു വയസ്സുകാരന്റെ ജീവിതാനുഭവങ്ങളിലൂടെ സൗഹൃദത്തെയും കുടുംബത്തെയും വായിക്കുന്ന നോവലിന്റെ ആസ്വാദനം ഹൃദ്യമായി. തുടര്‍ന്ന് നടന്ന സര്‍ഗ്ഗസംവാദത്തില്‍ ജയചന്ദ്രന്‍ നെരുവമ്പ്രം, ആര്‍. മുരളീധരന്‍, ബീന, പ്രിയ സന്തോഷ്, പ്രദീപ് രാജ്, വിപിന്‍, എം ഫൈസല്‍, നൗഫല്‍ പൂവക്കുറിശ്ശി എന്നിവര്‍ പങ്കെടുത്തു. ശിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പരിപാടിയില്‍ നൗഷാദ് കോര്‍മത്ത് മോഡറേറ്റര്‍ ആയിരുന്നു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top