17 September Tuesday

കാഴ്ചയും ഓർമ്മയും നഷ്ടപ്പെട്ട യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019

കുവൈറ്റ് സിറ്റി > രണ്ട്‌ കണ്ണുകളുടെയും കാഴ്‌ചയും ഓർമശക്തിയും നഷ്‌ടപ്പെട്ട യുവാവ്‌ സഹായം തേടുന്നു. കുവൈറ്റിൽ വെയിറ്ററായി തുശ്ചമായ വരുമാനത്തിൽ ജോലിചെയ്തു വരികയായിരുന്ന സുരേഷ് കുമാർ (45 വയസ്സ്) ആണ്‌ ബ്ലഡ് പ്രഷർ കൂടിയതിനെ തുടർന്ന് തലച്ചോറിൽ രക്തം കട്ട പിടിക്കുകയും തുടർന്നു നടത്തിയ ഓപറേഷനു ശേഷം രണ്ട് കണ്ണുകളുടേയും കാഴ്ചയും ഓർമ്മയും നഷ്ടപ്പെട്ട അവസ്ഥയിലുള്ളത്‌. തൃശൂർ ചേലക്കര വേങ്ങനല്ലൂർ സ്വദേശിയായ സുരേഷ് ഓപ്പറേഷനു ശേഷം അദാൻ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത് റൂമിലാണുള്ളത്. ജോലി ചെയ്തിരുന്ന കുവൈറ്റ് പേൾ‌സ് കാറ്ററിംഗ് കമ്പനി അദ്ദേഹത്തെ തുടര്‍ ചികിത്സക്കും മറ്റുമായി നാട്ടിലയക്കാനുള്ള ഏര്‍പ്പാടുകള്‍ നടത്തിവരികയാണ്. നാട്ടില്‍ സുരേഷിന്റെ വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബത്തിന്‍റെ സ്ഥിതിയും പരിതാപകരമാണ്. ഭാര്യയും മൂന്നു പെൺ‌മക്കളുമുള്ള കുടുംബം ഇദ്ദേഹത്തിന്റെ വരുമാനത്തിലാണ് കഴിഞ്ഞുപോരുന്നത്.

നാട്ടിലെത്തിച്ച് കൃത്യമായ തുടർ‌ചികിത്സ ലഭ്യമാക്കിയാലെ സുരേഷിന് ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ സാധിക്കുകയുള്ളൂ. സുരേഷിന്റെ കുടുംബത്തിന് അത് സാധ്യമല്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. തിരിച്ചുപോയി തുടർ ചികിത്സ ലഭ്യമാക്കുന്നതിന് പ്രവാസി സമൂഹത്തിന്റെ സഹായം തേടുകയാണ് സുരേഷിന്റെ കുടുംബം. സുരേഷിനെ സഹായിക്കുന്നതിനായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവറ്റിന്റെ നേതൃത്വത്തിൽ ഒരു ചികിത്സ സഹായനിധി സ്വരൂപിച്ച് മുന്നോട്ട് പോവുകയാണ് അതിന്റെ പ്രവർത്തകർ. സുരേഷിനെ സഹായിക്കാൻ താൽ‌പര്യമുള്ളവർ 60685849, 67059835 (ഫഹാഹീൽ) 97683397 (അബു ഹലീഫ), 97910261 (അബ്ബാസിയ), 50855101 (സാൽ‌മിയ) എന്നീ നമ്പറുകളിൽ കല കുവൈറ്റ് ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന്‌ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top