16 July Tuesday

കൗമാര കലകളുടെ ഉത്സവമായി കല കുവൈറ്റ് ബാലകലാമേള- 2019

വെബ് ഡെസ്‌ക്‌Updated: Monday Apr 29, 2019

കുവൈറ്റ് സിറ്റി > നാല്‍പത്തി ഒന്നാം  വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ച ബാലകലാമേള --2019  കൗമാര കലകളുടെ ഉത്സവമായ് മാറി. അബ്ബാസിയ യുണൈറ്റഡ് സ്‌കൂളില്‍ 9 വേദികളിലായി നടന്ന മല്‍സരങ്ങളില്‍ കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പഠിക്കുന്ന ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

കല കുവൈറ്റ് പ്രസിഡന്റ് ടി.വി.ഹിക്മത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കലാമേളയുടെ ഉദ്ഘാടനം ഇന്ത്യന്‍ എംബസി അറ്റാഷെ  റംമിനിക്ക് സിങ്  നിര്‍വ്വഹിച്ചു. കലാമേളയുടെ മുഖ്യ പ്രായോജകരായ ബി.ഇ.സി അബ്ബാസിയ ഏരിയ മാനേജര്‍ റിനോഷ്, കല കുവൈറ്റ് ജനറല്‍ സെക്രട്ടറി  ടി.കെ.സൈജു  എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

 ബാലകലാമേള ജനറല്‍ കണ്‍വീനര്‍  ജോര്‍ജ്ജ്  തൈമണ്ണില്‍  സ്വാഗതവും, ട്രഷറര്‍  കെ.വി. നിസാര്‍ നന്ദിയും രേഖപ്പെടുത്തി.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച  പങ്കാളിത്തമാണു മേളയില്‍ ഉണ്ടായത്. എല്ലാ മല്‍സര ഇനങ്ങളുടേയും ഫല പ്രഖ്യാപനവും, സമ്മാനദാനവും പ്രത്യേകം  തയ്യാറാക്കിയ വേദിയില്‍ വെച്ച് നടന്നു.

കലാതിലകം, കലാപ്രതിഭ, ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂള്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍, മെയ് മൂന്നിന് ഖാലിദിയ്യ യൂണിവേഴ്‌സിറ്റി തിയറ്ററില്‍ വെച്ച് നടക്കുന്ന കല കുവൈറ്റ് മെഗാ പരിപാടിയായ 'പ്രയാണം-2019 ' വേദിയില്‍ വെച്ച് സമ്മാനിക്കും.
കിന്റര്‍ഗാര്‍ഡന്‍, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, ഗ്രൂപ്പ് ഡാന്‍സ്, പ്രച്ഛന്ന വേഷം, കവിതാപാരായണം, മാപ്പിളപ്പാട്ട്, പ്രസംഗം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മോണോആക്ട്,  കഥ പറയല്‍ മത്സരം, രചനാ മല്‍സരങ്ങള്‍ തുടങ്ങിയ ഇനങ്ങളിലാണ്  കലാമേള അരങ്ങേറിയത്. മല്‍സര ഫലങ്ങള്‍ കല കുവൈറ്റ് വെബ്‌സൈറ്റായ www.kalakuwait.com ല്‍ ലഭ്യമാണെന്നും  ഭാരവാഹികള്‍ അറീയിച്ചു.

 


പ്രധാന വാർത്തകൾ
 Top