മനാമ: പ്രവാസി പെന്ഷന് തുക ഗണ്യമായി വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ പ്രവാസികള്‍ക്കായി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിനെ ബഹ്റൈന്‍ പ്രതിഭ സ്വാഗതം ചെയ്തു. പ്രവാസികളോടുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ കരുതലും സ്നേഹവുമാണ് ഇതുവഴി പ്രകടമാകുന്നതെന്ന് പ്രതിഭ ചൂണ്ടിക്കാട്ടി.
ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ ക്ഷേമനിധി പെന്ഷന് വിദേശത്തുള്ളവര്‍ക്ക് 3,500 രൂപയായും നാട്ടില്‍ തിരിച്ചെത്തിയവരുടേത് 3,000 രൂപയായുമാണ് വര്‍ധിപ്പിച്ചത്. ഇതിനായി പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിച്ചു. എല്ലാ പ്രവാസികളെയും ക്ഷേമനിധിയുടെ ഭാഗമാക്കി മാറ്റുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. പദ്ധതിയില്‍ തിരിച്ചുവരുന്ന പ്രവാസികളുടെ പട്ടിക തയ്യാറാക്കും. അവര്‍ക്ക് നൈപുണ്യ പരിശീലനത്തിന് പദ്ധതി ആവിഷ്കരിക്കുകയും വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു. ഈ പദ്ധതിക്കായി 100 കോടിരൂപയാണ് വകയിരുത്തിയത്.
നൂറിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവാസികള്‍ക്കും കുടുംബത്തിനും ഉള്ള ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കും. പ്രവാസി ചിട്ടി കൂടുതല്‍ ആകര്‍ഷണീയവും കാര്യക്ഷമവുമാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. തിരിച്ച് എത്തിയ പ്രവാസികള്‍ക്കുള്ള വായ്പാപദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ബജറ്റ് പ്രഖ്യാപിച്ചു.
പ്രവാസി പുനരധിവാസ പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന നല്കിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഏറെക്കാലത്തെ പ്രവാസികളുടെ ആവശ്യമായ പെന്ഷന് തുക വര്‍ധനയും തൊഴില്‍ നൈപുണ്യ പരിശീലനവും വളരെ അനുഭാവപൂര്ണമാണ് ബജറ്റില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പരിഗണിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേവലം 600 രൂപയായിരുന്നു പെന്ഷന് തുക. അത് സര്‍ക്കാര്‍ 2,000 രൂപയായി ആദ്യ ഘട്ടത്തില്‍ വര്‍ധിപ്പിച്ചു. പെന്ഷന് 3,500 രൂപയായാണ് ഈ ബജറ്റില്‍ വര്ധിപ്പിച്ചതെന്നത് അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്. ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസി സമൂഹത്തെ ഹൃദയത്തോട് ചേര്്ത്ത്് പിടിക്കുകയാണ് ഇതുവഴി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് പ്രവാസി സമൂഹത്തിന് നല്കുന്ന കരുതലും പ്രതീക്ഷയും ചെറുതല്ല. നാളിത് വരെയുള്ള സര്‍ക്കാറില്‍ നിന്നും പ്രവാസി പ്രശ്നങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ തിരിച്ചറിഞ്ഞ സര്‍ക്കാരാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ എന്ന് ബജറ്റ് അടിവരയിടുന്നു. പ്രവാസികള്‍ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പരിഗണനയാണ് ഈ ബജറ്റില്‍ കിട്ടിയത്.
പ്രവാസി ക്ഷേമത്തിനു പുറമേ, കേരളത്തിന്റെ സര്വതോന്മുഖമായ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും മികച്ച പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ആരോഗ്യ, വിദ്യാഭ്യാസം, വ്യവസായം, തൊഴില്‍, വനിതാ ക്ഷേമം, വയോജന ക്ഷേമം തുടങ്ങിയ എല്ലാ മേഖലകള്‍ക്കും ഉണര്‍വ്വും പ്രതീക്ഷയൂം നല്‍കുന്നതാണ് സംസ്ഥാനബജറ്റ്. നാട്ടിലെ നാനാവിധ ജനത്തെയും ഒരു മാലയില്‍ കോര്‍ത്ത പൂക്കളെ പോലെ ഇണക്കി കൊണ്ടുപോകാനും അതു വഴി നവ ലിബറിസത്തിനെതിരെയുള്ള ഇടത് ബദല്‍ കെട്ടിപടുക്കാനുമുളള മഹത്തായ പരിശ്രമമമാണ് സംസ്ഥാന ബജറ്റെന്നും ബഹ്റൈന്‍ പ്രതിഭ ജനറല്‍ സെക്രട്ടറി ലിവിന് കുമാറും പ്രസിഡണ്ട് കെഎം സതീശും പ്രസ്താവനയില്‍ പറഞ്ഞു. കാലത്തിന്റെ ആവശ്യങ്ങള്‍ക്കു നേരെ പിടിച്ച ഈ കണ്ണാടിയെ പിന്തുണക്കാന്‍ മുഴുവന്‍ പ്രവാസികളും രംഗത്ത് വരണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..