20 September Friday

ബഹ്‌റൈന്‍ വിമാനതാവളത്തില്‍ അടുത്ത മാസം മുതല്‍ പുതിയ ബാഗേജ് നയം

അനസ് യാസിന്‍Updated: Wednesday Sep 4, 2019

മനാമ>  ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ ഒക്‌ടോബര്‍ ഒന്നു മുതല്‍ പുതിയ ബാഗേജ് നയം. ബാഗേജ് ഹാന്‍ഡ്‌ലിംഗ് സംവിധാനത്തിലെ സ്തംഭനവും കാലതാമസവും ഒഴിവാക്കാനും യാത്രക്കാര്‍ക്കും എയര്‍ലൈന്‍സുകള്‍ക്കും മെച്ചപ്പെട്ട സൗകര്യം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണിത്.

പുതിയ ബാഗേജ് നയ പ്രകാരം വൃത്താകൃതിയിലുള്ളതോ, പ്രത്യേക ആകൃതിയില്‍ അല്ലാത്തതോ ആയ പെട്ടികള്‍, കയര്‍, ചരട് എന്നിവ ഉപയോഗിച്ച് കെട്ടിയതോ,  പുതപ്പില്‍ പൊതിഞ്ഞതോയായ പെട്ടികള്‍, സാധന സാമഗ്രികള്‍ പുറത്തുകാണുംവിധം കെട്ടിയ പെട്ടികള്‍, ബാഗുകള്‍ എന്നിവ വിമാന താളവത്തില്‍ അനുവദിക്കില്ല. എന്നാല്‍, ചെറിയ കുട്ടികകള്‍ ഉപയോഗിക്കുന്ന ബേബി സ്ട്രോളര്‍, സൈക്കിള്‍, വീല്‍ചെയര്‍, ഗോള്‍ഫ് ബാഗ്‌സ് എന്നിവ പഴയതുപോലെ അനുവദിക്കും. . 

മണിക്കൂറില്‍ 4,800 ലഗേജ് കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള 8.6 കിലോമീറ്റര്‍ വരുന്ന കണ്‍വെയര്‍ബെല്‍റ്റ് പുതിയ ബാഗേജ് ഹാന്‍ഡ്‌ലിംഗ് സിസ്റ്റത്തിന്റെ പ്രത്യേകതയാണ്.  പലപ്പോഴും യാത്രക്കാരുടെ അനാകൃതിയിലുള്ളതും കയറോ ചരടോ ഉപയോഗിച്ച് കെട്ടിയതുമായ ലഗേജ് കണ്‍വയര്‍ബെല്‍റ്റുകളില്‍ മുട്ടുന്നതിനും യന്ത്രം പ്രവര്‍ത്തനം നിലക്കാനും കാലതാമസത്തിനും ഇടയാക്കുന്നു. സാധാരണ യാത്രാബാഗുകള്‍, അല്ലെങ്കില്‍ പ്രത്യേകം പായ്ക്ക് ചെയ്ത കൃത്യമായ ആകൃതിയിലുള്ള പെട്ടികള്‍ എന്നിവ ചെക്ക്-ഇന്‍ ഏരിയകളിലെ കാലതാമസം ഒഴിവാക്കാന്‍ സഹായിക്കും.

ബാഗേജ് ഹാന്‍ഡ്ലിംഗ് സംവിധാനത്തിന്റെ സമഗ്രത ഉറപ്പാക്കാന്‍ പുതിയ നിയമങ്ങള്‍ സഹായിക്കുമെന്ന് ചീഫ് എയര്‍പോര്‍ട്ട് ഓപറേഷന്‍സ് ഓഫീസര്‍ മിഖായേല്‍ ഹോഹന്‍ബെര്‍ഗര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം എത്തിക്കാനും ജീവനക്കാരുടെ സുരക്ഷിതത്വവും കാര്യക്ഷമതയും ഉറപ്പുവരുത്താനും പുതിയ ബാഗേജ് നയത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top