24 November Tuesday

ബാബരി മസ്ജിദ് വിധി: മതേതരജനാധിപത്യത്തിനേറ്റ കനത്ത പ്രഹരം-ബഹ്‌റൈന്‍ പ്രതിഭ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 30, 2020

 

 
മനാമ > ബാബരി മസ്ജിദ് പൊളിച്ച കേസിലെ പ്രതികളെ എല്ലാം കുറ്റവിമുകതമാക്കിയ ലക്‌നൗവിലെ സിബിഐ പ്രത്യേക കോടതി വിധി ഇന്ത്യയുടെ മതേതര ജനാധിപത്യ പാരമ്പര്യത്തിനേറ്റ കനത്ത പ്രഹരമാണെന്ന് ബഹ്‌റൈന്‍ പ്രതിഭ പ്രസ്താവനയില്‍ പറഞ്ഞു. 
 
കേസില്‍ വിധി പുറപ്പെടുവിക്കാന്‍ നീണ്ട 28 വര്‍ഷങ്ങളെടുത്തു. എന്നിട്ടും നീതി നടപ്പാക്കപ്പെട്ടില്ല. കുറ്റകൃത്യത്തിന് നേതൃത്വം നല്‍കാന്‍ സംഭവസ്ഥലത്തുണ്ടായിരുന്ന, പള്ളി പൊളിക്കാനുള്ള ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട എല്ലാ ബിജെപി വിഎച്ച്പി ആര്‍എസ്എസ് ഉന്നതനേതാക്കളും നിരപരാധികളാണെന്ന കണ്ടെത്തലാണ് കോടതിയി നിന്ന് ഉണ്ടായത്.
 
കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് പുറപ്പെടുവിച്ച അയോദ്ധ്യ വിധിന്യായത്തില്‍ പള്ളി പൊളിച്ചതിനെ കടുത്ത നിയമലംഘനമെന്ന് സുപ്രീംകോടതി വിശേഷിപ്പിച്ചിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസിന്റെ കീഴിലുള്ള ഭരണഘടന ബെഞ്ച് പള്ളിപൊളിക്കലിനെ 'അസാമാന്യമായ' നിയമലംഘനം എന്നായിരുന്നു വിശേഷിപ്പിച്ചത്. എന്നാല്‍ ബുധനാഴ്ച ലഖ്‌നൗ കോടതി ഈ കുറ്റകൃത്യത്തിലെ പ്രധാന പ്രതികള്‍ കുറ്റക്കാരല്ലെന്ന് വിധിച്ചിരിക്കുകയാണ്. ഈ വിധി, ഭരണഘടനയാല്‍ നയിക്കപ്പെടുന്ന മതേതരജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ പ്രതിച്ഛായയെ ലോക രാജ്യങ്ങള്‍ക്കിടയില്‍ കളങ്കപ്പെടുത്തും.  സാംസ്‌കാരിക ദേശീയതയുടെ പേരില്‍ വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് വിധി എന്നും പ്രതിഭ പ്രസിഡന്റ് കെ എം സതീഷ്ൃ, ജനറല്‍സെക്രെട്ടറി ലിവിന്‍  കുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top