21 February Friday

ഇന്ത്യ ഭരിക്കുന്നത് ചരിത്രത്തെ ഇല്ലായ്മ ചെയ്യുന്നവര്‍: സാംകുട്ടി പട്ടംകരി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

കുവൈറ്റ് സിറ്റി> സ്മൃതികളെ വിസ്മരിച്ച്, ചരിത്രത്തെ ഇല്ലായ്മ ചെയ്യുന്ന ശക്തിയാണ് ഇന്ത്യ ഭരിക്കുന്നതെന്ന് പ്രശസ്ത നാടകപ്രവര്‍ത്തകന്‍ സാംകുട്ടി പട്ടംകരി. കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ 41-മത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ മതേതരത്വം തകര്‍ത്തെറിയുന്ന ഈ ഭരണകൂടത്തിനെതിരെ പ്രവാസി സമൂഹത്തില്‍ നിന്നും പ്രതിഷേധം ഉയരണമെന്നും, അതിന്‍ ഇത്തരം സമ്മേളനങ്ങള്‍ പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം, പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കുക, ബിപിസിഎല്‍ വിറ്റഴിക്കലില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറുക, പ്രവാസി സഹകരണ സംഘം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുക, പ്രവാസി പുനരധിവാസ പദ്ധതികള്‍ക്ക് കേന്ദ്രസഹായം ഉറപ്പാക്കുക, കുവൈറ്റില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ അവസരമൊരുക്കുക തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അംഗീകരിച്ചു.

സമ്മേളനത്തിന് സ്വാഗത സംഘം ചെയര്‍മാന്‍ ടി വി ജയന്‍ സ്വാഗതം ആശംസിച്ചു. കല കുവൈറ്റ് മുതിര്‍ന്ന അംഗവും പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറുമായ എന്‍. അജിത്ത് കുമാര്‍, വനിതാവേദി കുവൈറ്റ് പ്രസിഡന്റ് രമ അജിത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. രജീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റി നാട്ടിലെ 14 ജില്ലകളിലായി വിതരണം ചെയ്യുന്ന 42 വീല്‍ചെയറുകളുടെ തുക വേദിയില്‍ വെച്ച് കൈമാറി. നാട്ടിലേക്ക് മടങ്ങുന്ന മൂന്നു പതിറ്റാണ്ടിലേറെയായി കല കുവൈറ്റിന്റെ സജീവ പ്രവര്‍ത്തകനും മുന്‍ഭാരവാഹിയുമായിരുന്ന ശിവന്‍കുട്ടിക്കുള്ള സ്‌നേഹോപഹാരം വേദിയില്‍ വച്ച് കൈമാറി. ജനറല്‍ സെക്രട്ടറി സി കെ നൗഷാദ് സമ്മേളനത്തിനു നന്ദി രേഖപ്പെടുത്തി.

 കുവൈറ്റിലെ നാല് മേഖല സമ്മേളനങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപെട്ട 343 പ്രതിനിധികളും കേന്ദ്ര കമ്മറ്റിഅംഗങ്ങളുംഉള്‍പ്പടെ 368 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കുവൈറ്റ് പ്രവാസി സമൂഹത്തെ പ്രതിനിധീകരിച്ച് സമൂഹ്യമാധ്യമ മേഖലകളില്‍ നിന്നുള്ള നിരവധി വ്യക്തിത്വങ്ങളും ഉദ്ഘാടന സെഷനില്‍ സൗഹാര്‍ദ്ദ പ്രതിനിധികളായി പങ്കെടുത്തു.

 


പ്രധാന വാർത്തകൾ
 Top