06 December Friday

അറേബ്യൻ പുള്ളിപ്പുലി സംരക്ഷണ സമ്മേളനം സമാപിച്ചു

കെഎൽ ഗോപിUpdated: Saturday Oct 26, 2024

ഷാർജ > വംശനാശഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും, അവ നേരിടുന്ന വെല്ലുവിളികൾ അഭിസംബോധന ചെയ്യുന്നതിനും ഷാർജ പരിസ്ഥിതി സംരക്ഷിത മേഖല അതോറിറ്റി മൂന്നു ദിവസങ്ങളിലായി ഷാർജ സഫാരിയിൽ സംഘടിപ്പിച്ച അറേബ്യൻ പുള്ളിപ്പുലി സംരക്ഷണ സമ്മേളനം അവസാനിച്ചു. പുള്ളിപ്പുലി സംരക്ഷണ മേഖലയിലെ തിരഞ്ഞെടുത്ത വിദഗ്ധർ, ഗവേഷകർ, നയരൂപീകരണ വിദഗ്ധർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ സമ്മേളനത്തിൽ പങ്കെടുത്തു.

അറേബ്യൻ പുള്ളിപ്പുലികളുടെ സംരക്ഷണത്തിന് സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്ക് പുള്ളിപ്പുലികളെ മാറ്റിപ്പാർപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെട്ടത്. യു എ ഇ, ഒമാൻ, സൗദി അറേബ്യ, യമൻ എന്നിവ ഉൾപ്പെടെയുള്ള മലയോര മേഖലകളിലെ അറേബ്യൻ പുള്ളിപ്പുലിയുടെ നിലവിലെ അവസ്ഥ സമ്മേളനം അവലോകനം ചെയ്തു. കാടുകളിൽ അവയുടെ സാന്നിധ്യം ഉറപ്പാക്കുന്നതിന് ആവശ്യമായ പ്രായോഗിക പരിഹാരങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടത്. അറേബ്യൻ പെനിൻസുലയിൽ പുള്ളിപ്പുലികളുടെ അവസ്ഥ 2010 ൽ ഉണ്ടായിരുന്നതിനേക്കാൾ ആശങ്കാജനകമാണ്.

ഒമാനിലെ ദോഫാർ മേഖലയിലും, യമനിലും പുള്ളിപ്പുലികൾ വസിക്കുന്നുണ്ട്. എന്നാൽ ഇവ വർദ്ധിച്ചുവരുന്ന ജനിതക ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഏറ്റവും വലിയ കാട്ടുപുള്ളിപ്പുലി ജനവാസ കേന്ദ്രമായി കണക്കാക്കപ്പെടുന്ന യമനിൽ വേട്ടയാടലിൽ നിന്നും, വംശനാശത്തിൽ നിന്നും പുള്ളിപ്പുലികളെ സംരക്ഷിക്കുന്നതിനാവശ്യമായ സർവ്വേകളും ഗവേഷണശ്രമങ്ങളും സമ്മേളനം ചർച്ച ചെയ്തു.

ഏറ്റവും കൂടുതൽ അറേബ്യൻ പുള്ളിപ്പുലികളുള്ള സൗദി അറേബ്യയിൽ അനുയോജ്യമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള പരിശ്രമങ്ങൾ, ജനിതക വൈവിധ്യം നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന അറേബ്യൻ പുള്ളിപ്പുലിയുടെ പ്രജനന പരിപാടി ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം തുടങ്ങി നിരവധി കാര്യങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top