20 November Wednesday

‘അമ്മ ’ നാളെ ബഹ്‌റൈന്‍ അരങ്ങിലേക്ക്; ഒരുക്കം പൂര്‍ണം

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

റിഹേഴ്‌സൽ ക്യാമ്പിൽനിന്ന്‌

മനാമ>  വിഖ്യാത സാഹിത്യകാരന്‍ മാക്‌സിം ഗോര്‍ക്കിയുടെ പ്രശസ്ത നോവല്‍ 'അമ്മ' വെള്ളിയാഴ്ച ബഹ്‌റൈന്‍ അരങ്ങില്‍. ബഹ്‌റൈന്‍ പ്രതിഭയുടെ പതിനാലാമതു നാടകമായാണ് 'അമ്മ' വേദിയിലെത്തുന്നത്. വെള്ളിയാഴ്ച വൈകിട്ട് 7.30 ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നാടകം അരങ്ങേറും.

വന്‍ ഒരുക്കമാണ് നാടകത്തിനായി പ്രതിഭ പ്രവര്‍ത്തകര്‍ നടത്തിയത്. പ്രമുഖ നാടക പ്രവര്‍ത്തകന്‍ ഡോ. സാം കുട്ടി പട്ടങ്കരി നാടകാവിഷ്‌കാരം നിര്‍വഹിച്ചു പി എന്‍ മോഹന്‍രാജ് സംവിധാനം ചെയ്യുന്ന അമ്മയില്‍ ബഹ്‌റൈന്‍ പ്രതിഭയുടെ നൂറോളം കലാകാരന്മാര്‍ അണിനിരക്കുന്നു. കേരളത്തില്‍ ഒട്ടേറെ പ്രൊഫഷണല്‍ നാടകങ്ങളില്‍ പ്രമുഖ വേഷങ്ങള്‍ അവതരിപ്പിച്ച സാവിത്രി ഇതില്‍ അമ്മയായി അരങ്ങില്‍ എത്തും. ശിവകുമാര്‍ കുളത്തൂപ്പുഴ വിപ്ലവകാരി ആയ പാവേല്‍ ആയി വേഷമിടുന്നു. 

ചൂഷണത്തിനെതിരെ ആഞ്ഞടിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ കഥ പറയുന്ന അമ്മയില്‍ കാല്‍പ്പനികതയും യാഥാര്‍ഥ്യവും ഒത്തുചേരുന്നു. റഷ്യന്‍ തൊഴിലാളി വര്‍ഗം സോഷ്യലിസ്റ്റ് ആശയങ്ങളാല്‍ പ്രചോദിതമായി ഉണര്‍ന്നെഴുന്നേല്‍ക്കുന്ന ചരിത്രമാണ് ഇതിലെ ഇതിവൃത്തം.  മാര്‍ക്‌സിം ഗോര്‍ക്കിയുടെ എക്കാലത്തെയും ഇതിഹാസമായ ഈ നോവല്‍ പില്‍ക്കാലത്ത് വികസിച്ചുവന്ന പ്രതിജ്ഞാബദ്ധസാഹിത്യത്തിനും സോഷ്യലിസ്റ്റ് റിയലിസത്തിനും അടിത്തറയൊരുക്കി. ലോക മാസകലം കോടികണക്കിന് സാധാരണ മണുഷ്യര്‍ക്ക് പ്രത്യാശയുടെ പുസ്തകമായി അമ്മ മാറി.

'വിഡ്ഢികളെ നിങ്ങള്‍ ജനങ്ങളുടെ വെറുപ്പ് വാങ്ങിക്കൂട്ടും, അതു നിങ്ങളുടെ മേല്‍ത്തന്നെ വന്നുവീഴുമെന്നു' പൊലീസുകാരെ ശപിച്ചുകൊണ്ട് അടിയേറ്റ് വീഴുന്ന 'പിലഗേയ നീലോവ്‌ന' എന്ന അമ്മയുടെ കഥ റഷ്യന്‍ വിപ്ലവ പശ്ചാത്തലത്തില്‍ തന്നെയാണ് പ്രതിഭ രംഗത്തവതരിപ്പിക്കുന്നത്. അവതരണം, ആവിഷ്‌കാരം,  വെളിച്ച വിതാന വിന്യാസം,  രംഗ സജ്ജീകരണം, പശ്ചാത്തല സംഗീതം എന്നിവയില്‍ എല്ലാം വിസ്മയപ്പിക്കുന്ന പുതുമകളുമായാണ് നാടകം അരങ്ങേറുന്നത്.

സമാജത്തില്‍ അവതരിപ്പിക്കുന്ന നാടകം വിജയിപ്പിക്കുവാന്‍ എല്ലാ കല സ്‌നേഹികളുടെയും സഹായ സഹകരണങ്ങള്‍ ബഹ്‌റൈന്‍ പ്രതിഭ സെക്രെട്ടറി ഷെരിഫ് കോഴിക്കോട്, പ്രസിഡന്റ് മഹേഷ് മൊറാഴ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. പി ശ്രീജിത്ത് ചെയര്‍മാനും , എന്‍ കെ വീരമണി ജനറല്‍ കണ്‍വീനറും ആയ സംഘാടക സമിതിയണ് നാടക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
 


പ്രധാന വാർത്തകൾ
 Top