21 July Sunday

ബഹ്‌റൈനെയും കുവൈത്തിനെയും ബന്ധിപ്പിച്ച് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ് സര്‍വീസ് ഏപ്രിലില്‍

അനസ് യാസിന്‍Updated: Saturday Feb 16, 2019

മനാമ > എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ് ബഹ്‌റൈനയും കുവൈത്തിനെയും ബന്ധിപ്പിച്ച് കണ്ണുരിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ബഹ്‌റൈന്‍-കുവൈത്ത്- കണ്ണൂര്‍ സര്‍വീസ് ഏപ്രില്‍ ഒന്നിന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കള്‍, ശനി ദിവസങ്ങളിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് തുടങ്ങുക. ബഹ്‌റൈനില്‍ നിന്ന് കണ്ണൂരിലേക്ക് കുവൈത്ത് വഴിയും തിരിച്ചുള്ള സര്‍വീസ് നേരിട്ടുമാണ്. ബഹ്‌റൈനില്‍ നിന്ന് രാവിലെ 10.10 ന് പുറപ്പെട്ട് 11.10ന് കുവൈത്തില്‍ എത്തും. അവിടെനിന്നും ഉച്ചക്ക് 12.10ന് പുറപ്പെട്ട് വൈകിട്ട് 7:10ന് കണ്ണൂരിലെത്തും. മടക്ക വിമാനം രാവിലെ 7:10ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് ബഹ്‌റൈന്‍ സമയം 9:10ന് ബഹ്‌റൈനില്‍ എത്തും.

ഒകടോബര്‍ 26 വരെയാണ് ആദ്യഘട്ടത്തില്‍ ഷെഡ്യൂള്‍ ചെയ്‌തത്. ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 30 കിലോയാണ് ബാഗേജ് അനുവദിക്കുക. എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് കണ്ണൂരിലേക്ക് നേരിട്ടുള്ള സര്‍വിസ് ആരംഭിക്കുന്നത് മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടും. മറ്റൊരു ഇന്ത്യന്‍ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ മാര്‍ച്ച് 15 മുതല്‍  ആ‌ഴ്‌ചയില്‍ ആറു ദിവസം കണ്ണൂരില്‍നിന്ന് കുവൈത്തിലേക്കും തിരിച്ചും നേരിട്ടുള്ള സര്‍വിസ് നടത്തുന്നുണ്ട്. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ അഞ്ചിന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് രാവിലെ എട്ടിന് കുവൈത്തിലെത്തുകയും കുവൈത്തില്‍നിന്ന് രാവിലെ ഒമ്പതിന് പുറപ്പെട്ട് വൈകീട്ട് നാലിന് കണ്ണൂരില്‍ എത്തുന്ന വിധമാണ് ഇന്‍ഡിഗോ സര്‍വിസ് ക്രമീകരണം.


പ്രധാന വാർത്തകൾ
 Top