31 January Tuesday

മലയാളികൾ സിനിമയെ ഗൗരവമായി കാണുന്നവർ: എന്തെങ്കിലും കാണിച്ച് കബളിപ്പിക്കാനാവില്ലെന്ന് ജയസൂര്യ

കെ എൽ ഗോപിUpdated: Friday Nov 11, 2022

ഷാർജ> ഹാസ്യമായാലും കഥാചിത്രമായാലും സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവരാണ് മലയാളി സമൂഹമെന്ന് നടൻ ജയസൂര്യ. സിനിമയിൽ എന്തെങ്കിലും കാണിച്ച് മലയാളി പ്രേക്ഷകരെ കബളിപ്പിക്കാനാവില്ല. മറ്റു ഭാഷാ ചിത്രങ്ങളിൽ കാണുന്ന തരത്തിൽ അതിഭാവുകത്വമുള്ള നായകന്മാരെയോ വില്ലൻമാരെയോ മലയാളത്തിൽ അംഗീകരിക്കില്ല. ഓരോ സിനിമയുടെയും കഥാസന്ദർഭവും ക്യാമറയും എഡിറ്റിംഗും വരെ മലയാള പ്രേക്ഷകർ വിലയിരുത്താറുണ്ട്. ഇത് മലയാളത്തിന്റെ മാത്രം പ്രത്യേകതയാണെന്നും ഇക്കാരണത്താൽ തന്നെ ബഹുഭൂരിപക്ഷം മലയാള സിനിമകളും അതിന്റെ മേക്കിംഗിൽ സൂക്ഷ്മത പുലർത്തുന്നുവെന്നും ജയസൂര്യ പറഞ്ഞു. 41-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ സിനിമാ പ്രേക്ഷകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ഈഗോ ഇല്ലാത്ത നല്ല കൂട്ടുകെട്ടിൽ നിന്നും സൗഹൃദത്തിൽ നിന്നുമാണ് പലപ്പോഴും മികച്ച സിനിമകൾ പിറക്കുന്നത്. കൊണ്ടും കൊടുത്തും അഭിപ്രായങ്ങൾ സ്വീകരിച്ചും ചെയ്യുന്ന സിനിമാ കൂട്ടുകൾ വേണം. മലയാളത്തിൽ മിക്കവാറും സൂപ്പർഹിറ്റ് ചിത്രങ്ങളുണ്ടായിട്ടുള്ളത് മികച്ച സൗഹൃദത്തിൽ നിന്നാണ്. പ്രജേഷ് സെന്നിൽ നിന്നും അത്തരം അനുഭവമാണുണ്ടായിട്ടുള്ളത്. വെള്ളം പോലുള്ള ജീവിതഗന്ധിയായ സിനിമയിലെ കഥാപാത്രം ചെയ്തപ്പോൾ വേറിട്ട അനുഭവമാണുണ്ടായത്. നമുക്കിടയിൽ ജീവിക്കുന്ന കഥാപാത്രമാണ് മുരളി. ഈ കഥാപാത്രം നിരവധി പേർക്ക് പ്രചോദനമായെന്നറിഞ്ഞപ്പോൾ സിനിമാജീവിതത്തിൽ മറക്കാനാവാത്ത അനുഭവമായി. ഇത് കുടുംബങ്ങളിൽ വലിയ ചലനങ്ങളുണ്ടാക്കി. നിരവധി പേർക്ക് മദ്യപാനം ഉപേക്ഷിക്കാൻ സഹായകമായി. ഒരാൾ മാറിയാൽ ഒരു കുടുംബമാണ് രക്ഷപ്പെടുന്നത്. അതുവഴി സമൂഹത്തിന് ഗുണമാവും. ഇത് ചെറിയ കാര്യമല്ല. ജീവിക്കുന്ന കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കുന്നത് വെല്ലുവിളിയാണ്. വെള്ളത്തിലെ മുരളിയെ അവതരിപ്പിച്ചത് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും കേട്ടറിഞ്ഞാണ്. ഫുട്‌ബോൾ താരം സത്യനെ അവതരിപ്പിച്ചതും അങ്ങനെ തന്നെ.

അവതരിപ്പിച്ച നല്ല കഥാപാത്രങ്ങളുടെ അംശം ജീവിതത്തിൽ നിന്നും ഇറക്കിവിടാൻ കഴിയില്ല. ഓരോ കഥാപാത്രങ്ങളെയും ഹൃദയത്തിൽ സൂക്ഷിക്കുന്നു. ലോകമറിയേണ്ട കഥാപാത്രങ്ങൾ നമുക്കിടയിൽ ജീവിക്കുന്നുണ്ട്. ഇത്തരം വ്യക്തികളെ ലോകമറിയണം. വി പി സത്യനെ അവതരിപ്പിച്ചപ്പോഴാണ് താനടക്കമുള്ളവർക്ക് അദ്ദേഹത്തിന്റെ നമഹത്വം മനസ്സിലായത്. മലയാള സിനിമ താമസിയാതെ തന്നെ കോമഡിയിലേക്ക് മാറുമെന്ന് ചോദ്യത്തിന് മറുപടിയായി ജയസൂര്യ പറഞ്ഞു. ഒരു കാലത്ത് ത്രില്ലർ കഥകൾക്കായിരുന്നു താൽപര്യം. ഇപ്പോഴത് മാറിക്കൊണ്ടിരിക്കുകയാണ്. തന്റെ അടുത്ത ചിത്രം കോമഡിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് പ്ലാൻ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ഇറങ്ങിക്കൊണ്ടിരിക്കുന്നത്. ചിരിക്കാനും ആസ്വദിക്കാനുമുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവരാണ് കൂടുതലും. കത്തനാർ എന്ന സിനിമക്ക് ശേഷം ഹാസ്യ ചിത്രത്തിൽ അഭിനയിക്കും. ആട് എന്ന സിനിമയുടെ മൂന്നാം ഭാഗവും വരുന്നുണ്ടെന്ന് ജയസൂര്യ പറഞ്ഞു. ജയസൂര്യക്ക് മികച്ച നടനുള്ള അവാർഡുകൾ സമ്മാനിച്ച ക്യാപ്റ്റൻ, വെള്ളം തുടങ്ങിയ സിനിമകളുടെ സംവിധായകൻ പ്രജേഷ് സെന്നും ഒപ്പമുണ്ടായിരുന്നു.

മാധ്യമ പ്രവർത്തനം തന്റെ സിനിമാ ജീവിതത്തിൽ ഏറെ ഗുണം ചെയ്തതായി പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയായി പ്രജേഷ്‌സെൻ പറഞ്ഞു. പത്ത് വർഷത്തെ മാധ്യമ പ്രവർത്തനത്തിൽ വലിയ സെലിബ്രിറ്റികൾ മുതൽ സാധാരണക്കാരായ വ്യക്തികളെ വരെ അടുത്തറിയാനും ഇടപഴകാനും കഴിഞ്ഞു. വിവിധതരം ജീവിതങ്ങളെയും മനുഷ്യരെയും തൊട്ടറിയാൻ കഴിഞ്ഞത് സിനിമാ കഥാപാത്ര സൃഷ്ടിക്ക് സഹായകമായി. സ്‌കൂൾ പഠന കാലത്ത് കേട്ട കഥയിലെ വില്ലനായിരുന്നു നമ്പിനാരാണൻ. പിന്നീട് പത്രപ്രവർത്തകനായി മാറിയപ്പോൾ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിഞ്ഞിരുന്നു. കുറ്റവാളിയായി ചിത്രീകരിച്ച അദ്ദേഹത്തെ നിരപരാധിയായി ഉയർത്തിക്കാട്ടാൻ മാധ്യമപ്രവർത്തകർ മടിച്ചു. എത്ര വിശ്വസ്ഥനായ ആളാണെങ്കിലും എന്തെങ്കിലും വിവരങ്ങൾ നൽകിയാൽ അത് അതേപടി റിപ്പോർട്ട് ചെയ്യാതെ സാമാന്യ ബുദ്ധി ഉപയോഗിച്ച് അതിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നാണ് ഇക്കാര്യത്തിൽ മാധ്യമപ്രവർത്തകരോട് പറയാനുള്ളത്.

ഇല്ലാത്ത ഒരു സാങ്കേതിക വിദ്യ മോഷണം പോയെന്ന് വരുത്തിതീർത്താണ് നമ്പി നാരായണനെ പ്രതിയാക്കിയത്. ഇത് മാധ്യമ പ്രവർത്തകരുടെ വലിയ പിഴവാണ്. റോക്കറ്റ് സാങ്കേതികവിദ്യ പാകിസ്ഥാന് വിറ്റുവെന്നാണ് കേസ്. ഓപ്പൺ മാർക്കറ്റിൽ ഫ്രാൻസ് 100 കോടിക്ക് വിൽക്കാൻ വെച്ച സാങ്കേതിക വിദ്യയാണ് നമ്പി നാരായണൻ 400 കോടിക്ക് അയൽരാജ്യത്തിന് രഹസ്യമായി വിറ്റുവെന്ന കേസുണ്ടാക്കിയത്. ഇതിലെ ലോജിക്ക് എന്താണെന്ന് പോലും ചിന്തിക്കാൻ അന്നത്തെ മാധ്യമ പ്രവർത്തകർ തയ്യാറായില്ല. ഇത്തരം വാർത്തകൾ ഒന്ന് ആലോചനാ വിധേയമാക്കിയിരുന്നുവെങ്കിൽ അനവധി പേരുടെ ജീവിതം മാറ്റിയെടുക്കാൻ കഴിയുമായിരുന്നെന്നും പ്രജേഷ് സെൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top