24 October Thursday

പ്രവാസ ഭൂമിയിൽ നാല് പതിറ്റാണ്ട്; അബുദാബി മലയാളി സമാജത്തിന്റെ ആദരം

സഫറുള്ള പാലപ്പെട്ടിUpdated: Wednesday Aug 28, 2019

അബുദാബി>  ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും യുഎഇ യുടെ സഹിഷ്ണുതാ വാര്‍ഷാചരണത്തിന്റെയും ഭാഗമായി അബുദാബി മലയാളി സമാജം യു.എ.ഇ യില്‍ 40 വര്‍ഷം സേവനമനുഷ്ഠിച്ച 78 പേരെ ആദരിച്ചു.  പ്രത്യേകം രൂപകൽപന ചെയ്‌ത മൊമെന്റൊയും സമാജം ലോഗോ ആലിംഗനം ചെയ്ത ഷാളും പൊന്നാടയും അണിയിച്ചു.  സമാജത്തിന്റെ ചരിത്രം പറയുന്ന ഡോക്യമുമെന്ററിയും, സമാജം ബാലവേദി അവതരിപ്പിച്ച നൃത്തപരിപാടികളും പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവമായി.

അബുദാബി മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗ്ഗീസ് അദ്ധ്യക്ഷനായി. ഇന്ത്യന്‍ എംബസ്സിയുടെ കമ്മ്യൂണിറ്റി ഫസ്റ്റ് സെക്രട്ടറി പൂജ വെര്‍ണേക്കര്‍   ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈവിധ്യങ്ങളുടെ നാടായ ഭാരതം സഹിഷ്ണുതയുടെ മികച്ച ഉദാഹരണമാണെന്നും, യു.എ.ഇ യുടെ ഈ സഹിഷ്ണുതാ വര്‍ഷാചരണത്തില്‍ തന്നെ 40 വര്‍ഷം ജോലിചെയ്തവരെ ആദരിക്കുക എന്നത് സമാജത്തിന്റെ ഒരു മികച്ച പ്രവര്‍ത്തനമായെന്നും അവര്‍ പറഞ്ഞു.

മുഖ്യാതിഥി ആവേണ്ടിയിരുന്ന സായിദ് ഹൗസ് ഫോര്‍ ഇസ്ലാമിക് കള്‍ച്ചറല്‍ ഡയറക്ടര്‍ ജനറല്‍ നാദല്‍ മുഹമ്മദ് അല്‍ തേനായ്ജിയുടെ അഭാവത്തില്‍ ഹഡ് ഓഫ് സപ്പോര്‍ട്ട് സര്‍വീസ് സെക്ഷന്‍ ഇബ്രാഹിം ഹുസ്സൈന്‍ അല്‍ മസ്‌റൂഖി അവരുടെ സന്ദേശം വായിച്ചു. 200 ല്‍ പരം രാജ്യങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ട് ഈ രാജ്യത്തെ മുന്നോട്ട് നയിച്ച സഹിഷ്ണുതുടെ ആള്‍രൂപമാണ് ഷെയ്ഖ് സായിദ് എന്ന യു.എ.ഇ യുടെ രാഷ്ട്രപിതാവെന്ന് അദ്ദേഹം തന്റെ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.

സാമൂഹ്യപ്രവര്‍ത്തക ഉമ പ്രേമന്‍  ചടങ്ങിൽ പങ്കെടുത്തു. ഇബ്രാഹീം ഹുസ്സൈന്‍ അല്‍ മസ്‌റൂഖിയും മറ്റ് അതിഥികളും, യു.എ.ഇ യില്‍ 40 വര്‍ഷം സേവനമനുഷ്ഠിച്ചവര്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു.കമ്മ്യൂണിറ്റി പോലീസിങ് ഓഫീസര്‍ ഫഹദ് സാലാഹ് തമീമി, സായിദ് ഹൗസ് ഓഫ് ഇസ്ലാമിക് കള്‍ച്ചറല്‍ കസ്റ്റമര്‍ സര്‍വ്വീസ് ഓഫീസര്‍ അബ്ദുള്ള അല്‍ സാദി, സമാജം ട്രെഷറർ അബ്ദുൽ കാദർ തിരുവത്ര,  സമാജം രക്ഷാധികാരിയും, യു.എ.ഇ ഗോള്‍ഡ് കാര്‍ഡ് വിന്നറും കൂടിയായ ലൂയീസ് കുര്യാക്കോസ്, അഹല്യ പ്രതിനിധി സൂരജ് പ്രഭാകര്‍, എന്‍.എം.സി പ്രതിനിധി വിനോയ്, ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവഹാജി എന്നിവർ സംസാരിച്ചു. സമാജം ജ.സെക്രട്ടറി ജയരാജന്‍ സ്വാഗതവും, സമാജം ടോലറന്‍സ് കോ ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ അസീസ് മൊയ്തീന്‍ നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top