11 August Tuesday

അബുദാബിയിലെ സ്വകാര്യ ആശുപത്രികൾ പൂർണമായും കോവിഡ് വിമുക്തം

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

അബുദാബി > കോവിഡ് മഹാമാരിയിൽ ആശ്വാസമേകിക്കൊണ്ട് അബുദാബിയിലെ എല്ലാ സ്വകാര്യ ആശുപത്രികളും പൂർണമായും കോവിഡ് വിമുക്തമായി. കോവിഡ് നിയന്ത്രണവിധേയമാക്കാൻ ഊർജ്ജിതമായ പ്രവർത്തനങ്ങളാണ് അബുദാബി സർക്കാരിന്റെ നേതൃത്വത്തിൽ എമിറേറ്റിൽ നടത്തിയിരുന്നത്.

വിപിഎസ് ഗ്രൂപ്പിന്റെ 9 ആശുപത്രികൾ,  എൻഎംസി ഗ്രൂപ്പിൻറെ 7 ആശുപത്രികൾ, അലൈൻ  അൽ ഖലീജ് ഹോസ്പിറ്റൽ എന്നിങ്ങനെ മൊത്തം 17 ആശുപത്രികളിൽ നിന്ന് അവസാനത്തെ കോവിഡ് രോഗിയും രോഗവിമുക്തി നേടി പുറത്തു  വന്നതോടെയാണ് സ്വകാര്യ ആശുപത്രികൾ പൂർണമായും കോവിഡ് വിമുക്തമായി എന്ന പ്രഖ്യാപനം ആരോഗ്യ മന്ത്രാലയം നടത്തിയത്. ശ്വാസതടസ്സവുമായി ബന്ധപ്പെട്ട ചില കേസുകൾ മാത്രം അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി ആശുപത്രിയിലും, അലൈൻ ആശുപത്രിയിലും തുടർ ചികിത്സയ്ക്കായി റഫർ ചെയ്യുകയും ചെയ്തു. സ്വകാര്യ ആരോഗ്യ ശൃംഖലകൾ സ്തുത്യർഹമായ സേവനമാണ് കോവിഡ് കാലത്ത് സർക്കാരിനൊപ്പം ചേർന്ന് നടത്തിയത്. കോവിഡ് കാലത്ത് സർക്കാറുമായി ഒത്തുചേർന്ന് ഈ മഹാമാരിയെ ചെറുക്കുന്ന പ്രവർത്തനം നടത്തുന്നതിന് അവസരം ലഭിച്ചതിൽ അഭിമാനമുണ്ട് എന്നും രാജ്യത്തെ ജനങ്ങൾക്കു വേണ്ടി സേവന സന്നദ്ധമായി  ഇനിയും പ്രവർത്തിക്കുമെന്നും വി പി എസ് ഗ്രൂപ്പ് ചെയർമാൻ ഷംസീർ വയലിൻ പറഞ്ഞു.

ഇതിനിടെ അബുദാബിയിലെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് പരിശോധന സൗജന്യമായിരിയ്ക്കും എന്ന് അബുദാബി ആരോഗ്യ മന്ത്രാലയം അറിയിച്ചു.  വി പി എസ്, എൻഎംസി ഹെൽത്ത് കെയർ ഗ്രൂപ്പുകളുടെ നെറ്റ്‌വർക്കുകളിലും അലൈൻ അൽ ഖലീജ് ഹോസ്പിറ്റലിലും ഇനി മുതൽ കോവിഡ് പരിശോധന സൗജന്യമായിരിക്കും, കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കി ജനജീവിതം സാധാരണ ഗതിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ദുബായ് എമിറേറ്റിൽ ഇപ്പോൾ ജനജീവിതം സാധാരണ ഗതിയിലായി. റോഡുകളിൽ വാഹനങ്ങളുടെ തിരക്ക് കൂടുകയും, ഓഫീസുകൾ തുറന്നു പ്രവർത്തിക്കുകയും, ജനങ്ങൾ പൊതു ഇടങ്ങളിൽ നിർഭയമായി ഇടപഴകുകയും ചെയ്യുന്നുണ്ട്.

യു എ ഇ യിൽ ഒട്ടാകെ ഇന്നലെ നടന്ന 47,000 ടെസ്റ്റുകളിൽ നിന്ന് 473 പുതിയ രോഗികളെ കണ്ടെത്തി. മൊത്തം 54,050 രോഗികളിൽ  നിന്ന് 43,969 പേർ രോഗവിമുക്തി നേടിയതോടെ രോഗികളുടെ എണ്ണം 10,081 ആയി കുറഞ്ഞു. 330 പേരാണ് ഇതുവരെയായി മരണത്തിന് കീഴടങ്ങിയത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top