21 November Thursday

നവ്യാനുഭവം പകര്‍ന്ന് 'ഭൂമി മലയാളം' അബുദാബിയില്‍ അരങ്ങേറി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2019

അബുദാബി > കേരളപ്പിറവിദിനാഘോഷങ്ങളുടെ ഭാഗമായി കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷന്‍ അബുദാബി മേഖലയുടേയും കേരള സോഷ്യല്‍ സെന്ററിന്റേയും സംയുക്താഭിമുഖ്യത്തില്‍ അരങ്ങേറിയ 'ഭൂമി മലയാളം' പരിപാടികളുടെ വൈവിധ്യം കൊണ്ടും മലയാള ഭാഷ പഠിതാക്കളുടെ സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി.

'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് കേരളത്തിനകത്തും പുറത്തുമുള്ള  മലയാളികളില്‍ ഭാഷാസ്‌നേഹവും ദേശസ്‌നേഹവും വളര്‍ത്തിയെടുക്കുവാനും മലയാളഭാഷയുടേയും സംസ്‌കാരത്തിന്റേയും സംസ്ഥാനത്തിന്റേയും സര്‍വ്വതോന്‍മുഖമായ വികാസങ്ങളില്‍ പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്തത പദ്ധതിയുടെ ഭാഗമായാണ് 'ഭൂമി മലയാളം' സംഘടിപ്പിച്ചത്.
കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ. കെ. ബീരാന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് മലയാളം മിഷൻ അബുദാബി മേഖല മുൻ കൺവീനർ പി. പദ്മനാഭൻ 'ഭൂമി മലയാളം' ഉദ്ഘാടനം ചെയ്തു.

മലയാളം മിഷൻ അബുദാബി മേഖല കോർഡിനേറ്റർ സഫറുള്ള പാലപ്പെട്ടി, കേരള സോഷ്യൽ സെന്റർ വനിതാവിഭാഗം കൺവീനർ ഷൈനി ബാലചന്ദ്രൻ, കലാവിഭാഗം സെക്രട്ടറി സി.എം.പി. ഹാരിസ് എന്നിവർ സംസാരിച്ചു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും കവിത ഒരു ഏഴാം ഇന്ദ്രിയമാണെന്ന മഹാകവി കുമാരനാശാന്റെ കാവ്യ ദർശനമായ കാവ്യകല അഥവാ ഏഴാം ഇന്ദ്രിയം എന്ന കവിത ദേവിക രമേശ് അക്ഷരപ്രണാമമായി അവതരിപ്പിച്ചുകൊണ്ടാണ് കലാപരിപാടികൾക്ക് തുടക്കം കുറിച്ചത്.

പ്രമുഖ കവി കെ. സച്ചിദാനന്ദന്‍ തയ്യാറാക്കിയ ഭാഷാ പ്രതിജ്ഞ മലയാളം മിഷന്‍ അധ്യാപിക പ്രീത നാരായണൻ ചൊല്ലിക്കൊടുത്തു. സദസ്സ് ഒന്നടങ്കം ഏറ്റുചൊല്ലി.
അബുദാബിയിലെ മലയാളം മിഷൻ അധ്യാപകരെ ചിത്ര ശ്രീവത്സൻ പരിചയപ്പെടുത്തി. മലയാളം മിഷന്റെ കീഴിലായി അബുദാബിയുടെ വിവിധ ഇടങ്ങളില്‍ 26 സെന്ററുകളിലായി നടന്നുകൊണ്ടിരിക്കുന്ന സൗജന്യ മലയാളം പഠനക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി.
ഭൂമി മലയാളത്തിന് മുന്നോടിയായി സെന്റർ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മലയാള നാട് അന്താക്ഷരി സംഘടിപ്പിച്ചു.

ഭൂമി മലയാളത്തിൽ കവിത ചൊല്ലാൻ ഫിലിപൈൻ ബാലികയും

അബുദാബി > കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി മലയാളം മിഷൻ അബുദാബി മേഖലയും കേരള സോഷ്യൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഭൂമി മലയാളത്തിൽ കവിത ചൊല്ലാൻ ഫിലിപ്പൈൻ ബാലികയും.

ഫിലിപ്പൈൻസ്‌കാരിയായ അയിഷ ഫ്രാൻസിസ്‌കോ എബ്രഹാമാണ് മലയാളം മിഷൻ വിദ്യാർത്ഥികൾക്കൊപ്പം മലയാള കവിത ചൊല്ലിയത്. കഴിഞ്ഞ ഒരു വർഷമായി അബുദാബി കേരള സോഷ്യൽ സെന്ററിൽ മലയാളം പഠിച്ചുവരുന്ന അയിഷ മലയാളം മിഷന്റെ സർട്ടീഫിക്കറ്റ് കോഴ്സായ കണിക്കൊന്നയുടെ ലാറ്ററൽ എക്‌സാമിനേഷൻ കഴിഞ്ഞു ഡിപ്ലോമ കോഴ്സായ സൂര്യകാന്തിയിലേക്കുള്ള പ്രവേശനം കാത്തിരിക്കുകയാണ്. മലയാളം മിഷൻ അധ്യാപികമാരായ പ്രീത നാരായണനും വീണ രാധാകൃഷ്ണനുമാണ് അയിഷയുടെ മലയാളം ഗുരുനാഥമാർ. അബുദാബി സെന്റ് ജോസഫ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് അയിഷ ഫ്രാൻസിസ്‌കൊ എബ്രഹാം.


പ്രധാന വാർത്തകൾ
 Top