11 August Thursday
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൺ സമ്മേളനം

കോവിഡ് പ്രതിസന്ധിയുടെ മറവിൽ മുതലാളിത്തം ചൂഷണം ശക്തമാക്കുന്നു: സീതാറാം യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 10, 2021

ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അൻപത്തിയാറാം കോൺഗ്രസില്‍ സീതാറാം യെച്ചൂരി സംസാരിക്കുന്നു

ലണ്ടന്‍> കോവിഡ് ദുരന്തത്തിന്റെ മറപറ്റി ലോക മുതലാളിത്തം ദരിദ്രര്‍ക്കും തൊഴിലാളികള്‍ക്കും നേരെ കടുത്ത ആക്രമണം തന്നെസംഘടിപ്പിക്കുകയാണെന്നു സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൺ 56 ആം സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്രതലത്തിൽ കോവിഡ് പ്രതിസന്ധിക്ക് പുറമേ നവലിബറലിസവും മുതലാളിത്തവും നേരിടുന്ന കടുത്ത പ്രതിസന്ധി ഈ കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടയിൽ കൂടുതൽ പ്രകടമായിരിക്കുകയാണ്. വികസിത രാജ്യങ്ങള്‍ കോവിഡ് ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുന്നുണ്ട്. നവലിബറല്‍  നയങ്ങള്‍ക്ക് അനുസൃതമായാണ് ഇവ. മൂന്നാം ലോകരാജ്യങ്ങളും വികസ്വര രാജ്യങ്ങളും ഇതേ കുറിപ്പടി പിന്തുടരാന്‍ നിര്‍ബ്ബന്ധിയ്ക്കപ്പെടുന്നു.ഓഹരി  വിപണിയിലേക്ക് പണം ഇറക്കാൻ ഉതകുന്ന സര്‍ക്കാര്‍ ബോണ്ടുകള്‍ ഇറക്കുകയാണ് പാക്കേജിന്റെ ഭാഗമായി നടക്കുന്നത്. ഇത് ധനികരെ കൂടുതല്‍ ധനികരാക്കുകയും ദരിദ്രരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ലോകത്താകെ ഇതിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ നടക്കുന്നു.

ഈ പ്രതിഷേധം ചെറുക്കാൻ വലതുപക്ഷ ഗവൺമെന്റുകൾ കൂടുതൽ വലതുപക്ഷത്തേക്ക് നീങ്ങുകയാണ് അവർ സങ്കുചിത വാദവും വൈകാരിക മുദ്രാവാക്യങ്ങളുമുയർത്തി തൊഴിലാളികളെ ഭിന്നിപ്പിക്കാനും ചൂഷണത്തിനും നിയോലിബറലിസത്തിനും  എതിരായ അവരുടെ പോരാട്ടത്തെ ദുർബലപ്പെടുത്താനും  ശ്രമിക്കുന്നു

ഇന്ത്യയിൽ ഈ വലതുപക്ഷ നീക്കം വളരെ പ്രകടമാണ്.  ഇന്ത്യയില്‍ പോതുസമ്പത്ത്തിന്റെ വന്‍ കൊള്ളയാണ് നടക്കുന്നത്.കഴിഞ്ഞ 70 വർഷങ്ങൾക്കിടയിൽ കണ്ടിട്ടില്ലാത്തത്ര വ്യാപകമായ സ്വകാര്യവത്കരണമാണ്  നടക്കുന്നത്.ഇതിനെതിരായ പ്രതിഷേധങ്ങള്‍ ചെറുക്കാന്‍  തീവ്രവര്‍ഗീയ വാദികളുടെ സർക്കാർ മത സംഘർഷങ്ങളും ഭിന്നതകളും വളര്‍ത്തി തൊഴിലാളികളുടെ ഐക്യം തകർക്കുന്നു. അതിനൊപ്പം ഭരണഘടനയുടെ അടിത്തറയുമിളക്കുന്നു. നമ്മുടെ മതനിരപേക്ഷ-ജനാധിപത്യ റിപ്പബ്ലിക് ഗുരുതരമായ ഭീഷണിയാണ് നേരിടുന്നത്. ഇതിനെതിരായ പോരാട്ടമാണ് ഇന്ത്യൻ ജനത നടത്തുന്നത്. ഈ പോരാട്ടത്തില്‍ ഭരണകക്ഷി സിപിഐ എമ്മിനെ മുഖ്യശത്രുവായി കാണുന്നു.പാർട്ടിക്കെതിരെ ആശയപരമായ ആക്രമണവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ശാരീരിക ആക്രമണങ്ങളും ശക്തിപ്പെടുത്തുന്നു. ഇതൊക്കെ ഉണ്ടായിട്ടും കേരളത്തിലെ എല്‍ഡി എഫ് സര്‍ക്കാരിനെ അട്ടിമാരിയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ബംഗാൾ ത്രിപുര പോലുള്ള സംസ്ഥാനങ്ങളിൽ സഖാക്കൾ കടുത്ത അതിക്രമങ്ങൾ നേരിട്ടാണ് പൊരുതുന്നത്.

ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടി ടി യുടെ അമ്പത്തിയാറാം പാർട്ടി കോൺഗ്രസിൽ വിദേശ പ്രതിനിധികൾ കൊപ്പം സഖാവ് സീതാറാം യെച്ചൂരി

ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടി ടി യുടെ അമ്പത്തിയാറാം പാർട്ടി കോൺഗ്രസിൽ വിദേശ പ്രതിനിധികൾ കൊപ്പം സഖാവ് സീതാറാം യെച്ചൂരി


യുക്തിരാഹിത്യത്തെ  യുക്തിയ്ക്ക് പകരം വെക്കുന്ന തരത്തിലുള്ള വലതുപക്ഷ പ്രചാരണമാണ് നടക്കുന്നത്. യുക്തിഭദ്രമായ ഒരു തത്വചിന്തയുടെ പാരമ്പര്യം ഉണ്ടായിരുന്ന ജർമൻ ജനത ഹിറ്റ്‌ലറുടെ കാലത്ത് നാസി തത്വചിന്തയെ എങ്ങനെയാണ് പെട്ടെന്ന് പുണര്‍ന്നതെന്ന്  ജോര്‍ജ് ലൂക്കാച്ച് 'ഡിസ്ട്രക്ഷന്‍ ഓഫ് റീസണ്‍' എന്ന കൃതിയിൽ പറയുന്നുണ്ട്. യുക്തിബോധത്തെ സംഘടിതമായി തകര്‍ത്താണ് ഫാസിസ്റ്റ് ചിന്തയ്ക്ക് വഴിയൊരുക്കിയത്. ഫാസിസത്തെ സ്വീകാര്യമാക്കുന്ന ഒരു മാനസികാവസ്ഥ അങ്ങനെ സൃഷ്ടിയ്ക്കാനായി. ഇന്ത്യയും അത്തരമൊരു അപകടകരമായ ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. അതിനെതിരെയാണ് നമ്മൾ കമ്യൂണിസ്റ്റുകാർ പൊരുതുന്നത്- യെച്ചൂരി പറഞ്ഞു.

പാര്‍ട്ടി ആസ്ഥാനമായ റസ്കിന്‍ ഹൌസില്‍ ചേര്‍ന്ന സമ്മേളനത്തില്‍ 140 പ്രതിനിധികള്‍ പങ്കെടുത്തു. യെച്ചൂരിയെ കൂടാതെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും സിപിഐ എമ്മിന്റെ യു കെ ഘടകമായ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സെക്രട്ടറിയായ ഹര്‍സേവ് ബെയിന്‍സും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top