17 January Sunday

ഹുതികളുടെ പിടിയിലായിരുന്ന രണ്ട് മലയാളികളടക്കം 14 ഇന്ത്യക്കാര്‍ക്ക് മോചനം

അനസ് യാസിന്‍Updated: Sunday Nov 29, 2020

മോചിതരായ ഇന്ത്യക്കാര്‍

മനാമ: യെമനിലലെ ഹൂതി വിമതര്‍ തട്ടികൊണ്ടുപോയ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 14 ഇന്ത്യക്കാര്‍ക്ക് ഒന്‍പതുമാസത്തിനു ശേഷം മോചനം. കോഴിക്കോട് വടകര കുരിയാടി ദേവപത്മത്തില്‍ ടികെ പ്രവീണ്‍ (46), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുസ്തഫ (43) എന്നിവരാണ് മോചിതരായ മലയാളികള്‍.

ശനിയാഴ്ചയാണ് ഹുതികള്‍ 14 പേരെയും വിട്ടയച്ചതെന്ന് ജിബൂട്ടിയിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു. ഇവര്‍ യെമന്‍ തലസ്ഥാനമായ സനയിലെ ഒരു ഹോട്ടലിലാണ് കഴിയുന്നത്. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഏദന്‍ വിമാന താവളം വഴി രണ്ട് ദിവസത്തിനകം നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.

ഷിപ്പിംഗ് കമ്പനി ജീവനക്കാരായ ഇവരെ ഒമാനിലെ മസീറ എന്ന ദ്വീപില്‍നിന്ന് സൗദിയിലെ യാംബൂ തുറമുഖത്തേക്കുള്ള യാത്രക്കിടെ കഴിഞ്ഞ ഫ്രെബുവരി മൂന്നിനാണ് ഹുതികള്‍ തട്ടികൊണ്ടുപോയത്. സൗദിയില്‍ ആറ് മാസത്തെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ഒമാന്‍ ഐലന്‍ഡ് ബ്രിഡ്ജ് ട്രേഡിങ് ആന്റ ട്രാന്‍സ്‌പോര്‍ട്ട് ഷിപ്പിങ് കമ്പനിക്കു കീഴിലെ അല്‍ റാഹിയ, ദാന 6, ഫരീദ എന്നീ ചെറുകപ്പലുകലുകളിലായിരുന്നു ഇവര്‍ പുറപ്പെട്ടത്. 17 വര്‍ഷമായി ഈ കമ്പനിയിലെ ജീവനക്കാരനായ പ്രവീണ്‍ കപ്പലിലെ ചീഫ് ഓഫീസറായിരുന്നു. കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് ദാന 6 എന്ന കപ്പല്‍ മുങ്ങി. തുടര്‍ന്ന് ഇതിലെ ജീവനക്കാരും അല്‍ റാഹിയയിലായിരുന്നു യാത്ര. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് കപ്പലുകള്‍ ഒരു ദ്വീപില്‍ നങ്കൂരമിട്ടു. എന്നാല്‍, ഇവിടെ നാല് മത്സ്യ ബന്ധന ബോട്ടുകളില്‍ ആയുധങ്ങളുമായി എത്തിയ ഹൂതികള്‍ ഇവരെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ആദ്യം സലിഫ് തുറമുഖത്തേക്കായിരുന്നു കൊണ്ടുപോയത്. മൂന്ന് ദിവസം കഴിഞ്ഞ് വിട്ടയക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് സനയിലെത്തിച്ച് ഹോട്ടലില്‍ പൂട്ടിയിടുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു.

മോഹന്‍ രാജ്, മന്‍രാജ്, തന്‍മി രാജേന്ദിര, എസ്‌കെ ഹിരോണ്‍, വകങ്കര്‍ അഹമ്മദ് അബ്ദുല്‍ ഗഫുല്‍, ഗവാസ് ചേതന്‍ ഹരി ചന്ദ്ര, സഞ്ജീവ് കുമാര്‍, ലോഹര്‍ നൈല്‍സ് ധ്‌നാജി, ലോഹര്‍ സന്ദീപ് ബാലു, ജീവരാജ് ദാവൂദ് മുഹമ്മദ്, വില്യം നിക്കാംഡന്‍, സാരി ഫൈറോസ് നസ്‌റുഡന്‍ എന്നിവരാണ് മോചിതരായ മറ്റ് ഇന്ത്യക്കാര്‍. ഇതില്‍ ഏഴ് പേര്‍ മഹാരാഷ്ട്ര സ്വദേശികളും രണ്ട് പേര്‍ തമിഴ്‌നാട്ടുകാരും മറ്റുള്ളവര്‍ യുപി, ബംഗാള്‍, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍നിന്നുള്ളവരുമാണ്. ഇന്ത്യക്കാര്‍ക്ക് പുറമേ, അഞ്ച് ബംഗ്ലാദേശികളും ഒരു ഈജിപ്തുകാരനും സംഘത്തിലുണ്ടായിരുന്നു.

നിലവില്‍ ഇന്ത്യന്‍ എംബസി യെമനില്‍ പ്രവര്‍ത്തിക്കുന്നില്ല. ജിബൂട്ടിയിലെ എംബസിക്കാണ് യെമനിലെ ചുമതല. യെമനില്‍ എംബസിക്ക് വേണ്ടി ഒരു പ്രാദേശിക ജീവനക്കാരന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇദ്ദേഹം മോചിതരുടെ നാട്ടിലേക്കുള്ള സുരക്ഷിത യാത്ര ഇദ്ദേഹം ഉറപ്പുവരുത്തുമെന്ന് എംബസി ട്വീറ്ററില്‍ അറിയിച്ചു.
യെമനില്‍ തടവില്‍ കഴിയുന്ന തന്റെ ഭര്‍ത്താവടക്കം 40 ഇന്ത്യക്കാരുടെ മോചനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയായ വേല്‍മതി കഴിഞ്ഞ നവംബര്‍ ്ഏഴിന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. റോഹിന്റണ്‍ എഫ് നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരാതിയില്‍ മൂന്നാഴ്ചക്കകം മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top