Deshabhimani

ബഹ്‌റൈന്‍ എയര്‍ഷോയ്ക്ക്‌ പ്രൗഡഗംഭീര തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 03:57 PM | 0 min read

മനാമ > നീലാകാശത്ത് സാഹസികതയുടെ വർണരാജികൾ തീർത്ത് 14–-ാമത് ബഹ്‌റൈൻ അന്താരാഷ്ട്ര എയർഷോയ്ക്ക്‌ സഖീർ എയർ ബേസിൽ പ്രൗഡഗംഭീര തുടക്കം. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയെ പ്രതിനിധീകരിച്ച്, ഉപരാജാവ്‌ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 14 വർഷമായുള്ള ഷോയുടെ തുടർച്ചയായ വിജയത്തെ അദ്ദേഹം പ്രശംസിച്ചു. ആഗോള വ്യോമയാന വ്യവസായത്തിലെ പ്രധാന വേദിയായി ഷോ മാറിയതായി അദ്ദേഹം പറഞ്ഞു. പ്രദർശനം സംഘടിപ്പിക്കുന്ന മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും രാജകുമാരൻ നന്ദി അറിയിച്ചു. നിരവധി മുതിർന്ന ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഉദ്ഘാടനശേഷം പങ്കെടുക്കുന്ന രാജ്യങ്ങളുടെ പവിലിയനുകൾ സൽമാൻ രാജകുമാരൻ സന്ദർശിച്ചു. വ്യോമയാന സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വെള്ളിവരെ നീളുന്ന ഷോയിൽ ലോകത്തെ മികച്ച എയറോബാറ്റിക് ടീമുകളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ-, സൈനിക വിമാനങ്ങളും പങ്കെടുക്കുന്നുണ്ട്‌.

ബുധനാഴ്ച റോയൽ ബഹ്‌റൈൻ വ്യോമസേനയുടെ എഫ് 16, എഫ്- 5, ഗൾഫ് എയർ ബി 787-9 ഗ്ലോബൽ സ്റ്റാർസ്, അമേരിക്കൻ വ്യോമസേനയുടെ ബി -52 എച്ച്, അമേരിക്കൻ നാവികസേനയുടെ പി- 8 പൊസെയ്‌ഡോൺ, പാക്കിസ്ഥാൻ വ്യോമസേനയുടെ ജെഎഫ്- 17 എന്നിവയുടെ പ്രദർശനവും സൗദി ഹ്വാക്‌സ്, ടൈഫൂൺ, ഇന്ത്യൻ സാരംഗ് ഹെലികോപ്റ്റർ ടീം എന്നിവരുടെ എയറോബാറ്റിക് പ്രദർശനവും ഉണ്ടായി.

പത്തു പവിലിയനിലായി ബഹ്‌റൈൻ, സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, അമേരിക്ക, ഇന്ത്യ, പാക്കിസ്ഥാൻ എന്നിടങ്ങളിൽ നിന്നുള്ള വിവിധ വിമാനങ്ങൾ, കമ്പനികൾ, വ്യോമയാന ക്ലബ്ബുകൾ എന്നിവയുടെ സ്റ്റാളുകളുണ്ട്‌. എമിറേറ്റ്‌സിന്റെ എ 380 ഇനത്തിൽപ്പെട്ട പടുകൂറ്റൻ ഡബിൾ ഡെക്കർ വിമാനംമുതൽ വിവിധ രാജ്യങ്ങളുടെ സൈനിക കോപ്റ്ററുകൾവരെ പ്രദർശനത്തിലുണ്ട്. ഇന്ത്യൻ വ്യോമസേന, സൗദി വ്യോമസേന, യുഎഇ വ്യോമസേന, ഡിഎച്ച്എൽ തുടങ്ങി 40 ഓളം സ്റ്റാളുകളും ഷോയിൽ ഉണ്ട്. സൗദി ഹോക്‌സ്, ബോയിങ് 787 ഡ്രീംലൈനർ, വാണിജ്യ, ബിസിനസ് ജെറ്റുകൾ, ചരക്ക്, ചെറുവിമാനങ്ങൾ അടക്കം നൂറോളം വിമാനങ്ങളും പ്രദർശനത്തിലുണ്ട്.



deshabhimani section

Related News

0 comments
Sort by

Home