24 June Monday

സൈന്യം വധിച്ച ഭീകരവാദിയെ സംസ‌്കരിച്ചു; കശ‌്മീരിൽ നിരോധനാജ്ഞ

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019

ശ്രീനഗർ> അൽ ഖായ‌്ദയുടെ അനുബന്ധ സംഘടനയായ അൻസർ ഗവാസവാത്തുൾ ഹിന്ദ‌് അധ്യക്ഷനായ മൂസ എന്ന ഹക്കീർ റാഷിദ‌് ഭട്ട‌ിനെ (25) പുൽവാമയിലെ ട്രാലിൽ സംസ്‌കരിച്ചു. സംഘർഷ സാധ്യത മുന്നിൽക്കണ്ട‌് തെക്കൻ കശ‌്മീരിലും ശ്രീനഗറിലും കർഫ്യൂ പ്രഖ്യാപിച്ചു.

വ്യാഴാഴ്ച സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ‌് മൂസ കൊല്ലപ്പെട്ടത‌്. ദദ‌്സരയിലെ ട്രാലിലെ മൂന്നു നില കെട്ടിടത്തിനുള്ളിൽ നിന്നാണ‌് മൃതദേഹം കണ്ടെത്തിയത‌്. ഏറ്റുമുട്ടലിൽ ഈ വീട‌് പൂർണമായും കത്തിനശിച്ചിരുന്നു. മൂസയെ വധിക്കാനായത‌് വൻ വിജയമായാണ‌് കാണുന്നതെന്ന‌് സൈന്യം പ്രതികരിച്ചു. ഏറ്റുമുട്ടൽ നടന്നയിടത്ത‌ുനിന്ന‌് എകെ 47 അടക്കമുള്ള ആയുധങ്ങൾ കണ്ടെത്തി.

എന്നാൽ, കർഫ്യൂ ബഹിഷ‌്കരിച്ച‌് മൂസയുടെ സംസ‌്കാരത്തിന‌് നിരവധി യുവാക്കൾ പങ്കെടുത്തു. മൂസയുടെ കൊലപാതകം കശ‌്മീരിൽ വൻ പ്രതിഷേധത്തിന‌് ഇടയാക്കിയിട്ടുണ്ട‌്. പ്രതിഷേധം തടയാൻ പുൽവാമയിലും അനന്ത‌്നാഗിലും ശ്രീനഗറിലും പൊലീസ‌് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. കശ‌്മീരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട‌്.
ബുർഹാൻ വാണിയുടെ മരണത്തിന‌് ശേഷം മൂസ ഹിസ‌്ബുൾ മുജാഹുദ്ദീന്റെ തലപ്പത്ത‌് എത്തിയിരുന്നു.

എന്നാൽ, മെയ‌് 13 ന‌് ചുമതലകളിൽനിന്ന‌് ഒഴിയുകയായിരുന്നു. ഹിസ‌്ബുൾ മുജാഹുദ്ദീന്റെ പ്രവർത്തന രീതികളോടുള്ള എതിർപ്പായിരുന്നു കാരണം. ഹുറിയത്ത‌് നേതാക്കളുടെയും കടുത്ത വിമർശകനായിരുന്നു ഇയാൾ.

അൽ ഖായ‌്ദയുമായി ബന്ധമുള്ള അറബ‌് മാഗസിനാണ‌് മൂസയുടെ  തീവ്രവാദ സംഘടനയെപ്പറ്റി ആദ്യമായി പരാമർശിച്ചത‌്. ഐഎസുമായി ഇയാൾക്ക‌് ബന്ധമുണ്ടെന്നാണ‌് സൈന്യത്തിന്റെ വിലയിരുത്തൽ.


പ്രധാന വാർത്തകൾ
 Top