22 October Tuesday

സ്വർഗം വേണ്ട; ഒപ്പം നിർത്തിയാൽ മതി: യൂസഫ്‌ തരിഗാമി

സ്വന്തം ലേഖകൻUpdated: Tuesday Sep 17, 2019

ന്യൂഡൽഹി >   കശ്‌മീരികൾ കേന്ദ്രത്തോട്‌ സ്വർഗമൊന്നും ആവശ്യപ്പെടുന്നില്ലെന്നും ഒപ്പം ചേർത്ത്‌ കൊണ്ടുപോകാനാണ്‌ ആവശ്യപ്പെടുന്നതെന്നും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമദ്‌ യൂസഫ്‌ തരിഗാമി പറഞ്ഞു. പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ തങ്ങൾ അപമാനിക്കപ്പെട്ടുവെന്ന തോന്നലാണ്‌ കശ്‌മീരികൾക്കുള്ളത്‌. കശ്‌മീരികൾ   ചിന്താക്കുഴപ്പത്തിലാകുന്നത്‌  കുഴപ്പം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ സന്തോഷം പകരും. താഴ്‌വര അശാന്തമാക്കാൻ ആഗ്രഹിക്കുന്ന തീവ്രവാദികൾ ആഗ്രഹിക്കുന്നത്‌ ഇത്തരമൊരു സാഹചര്യമാണ്‌. അതിന്‌ വളംവയ്‌ക്കുകയാണ്‌ കേന്ദ്രം.

 വിശ്വാസയോഗ്യമായ ഒരു ചർച്ചയ്‌ക്ക്‌ തുടക്കമിടുകയാണ്‌ കേന്ദ്രം ചെയ്യേണ്ടിയിരുന്നത്‌.
മുഫ്‌തി മുഹമദ്‌ സെയ്‌ദിന്റെ മരണത്തെ തുടർന്ന്‌ മെഹ്‌ബൂബ മുഫ്‌തി മുഖ്യമന്ത്രിയായപ്പോൾ ഒരു പാർലമെന്റ്‌ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നു. എന്നാൽ, അത്‌ നടത്താൻ പോലുമായില്ല. ജയിലിലടച്ചും ഫോണും മറ്റും ഇല്ലാതാക്കിയും ജനങ്ങളെ ഒപ്പംകൂട്ടാനാകില്ല.

 പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം ഒരു വെടിയുണ്ട പോലും പ്രയോഗിക്കേണ്ടിവന്നില്ലെന്ന്‌ അധികൃതർ പറയുന്നു. ജയിലുകളിൽ പലപ്പോഴും തോക്ക്‌ ഉപയോഗിക്കേണ്ടിവരില്ല. ജയിലിന്‌ സമാനമാണ്‌ താഴ്‌വരയിപ്പോൾ. സ്‌കൂളുകളില്ല. കോളേജുകളില്ല. വിനോദസഞ്ചാരികളില്ല. ഇപ്പോൾ നാൽപ്പത്‌ ദിവസമായി. എല്ലാം ശാന്തമെന്നാണ്‌ സർക്കാർ പറയുന്നത്‌. ഡൽഹിയിൽ മൊബൈലും ഇന്റർനെറ്റുമില്ലാതെ ഒരാഴ്‌ചത്തെ ജീവിതം ആലോചിച്ചുനോക്കൂ. വ്യാപാരവും വ്യവസായവുമെല്ലാം തകിടം മറിയില്ലേ – തരിഗാമി ചോദിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top