13 December Friday

ആമസോണിനെ പറ്റിച്ച് നേടിയത് 1.2 കോടി; യുവാക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

മം​ഗളൂരു > ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമായ ആമസോണിനെ കബളിപ്പിച്ച് 1.2 കോടി രൂപ തട്ടിയെടുത്ത യുവാക്കൾ പിടിയിൽ. രാജ് കുമാർ മീണ (23), സുഭാഷ് ഗുർജാർ (27) എന്നിവരാണ് പിടിയിലായത്. വിവിധ സംസ്ഥാനങ്ങളിലായി യാത്ര ചെയ്തായിരുന്നു യുവാക്കളുടെ തട്ടിപ്പ്. വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് യുവാക്കൾ ആമസോണിൽ നിന്ന് വിലകൂടിയ ക്യാമറകളും ലാപ്‌ടോപ്പുകളും ഓർഡർ ചെയ്തിരുന്നു. ഇവയ്ക്കൊപ്പം വില കുറഞ്ഞ വസ്തുക്കളും ഓർഡർ ചെയ്യും. ഉൽപ്പന്നങ്ങൾ ഡെലിവറി ചെയ്യുമ്പോൾ ഡെലിവറി ജീവനക്കാരുടെ ശ്രദ്ധ തിരിക്കുകയും ഉയർന്ന വിലയുള്ള ഉൽപ്പന്നങ്ങളിലെ സ്റ്റിക്കറുകൾ കുറഞ്ഞ വിലയുള്ളവയിലും തിരിച്ചും മാറ്റിവയ്ക്കും.

തുടർന്ന് വില കൂടിയ ഉൽപ്പന്നങ്ങൾക്ക് തെറ്റായ ഒടിപികൾ നൽകുകയും ഓർഡറുകൾ റദ്ദാക്കുകയും ചെയ്യും. സ്റ്റിക്കർ സ്വാപ്പിങ് തട്ടിപ്പ് ആമസോണിന്റെ ഡെലിവറി പാർട്നറായ മഹീന്ദ്ര കണ്ടെത്തി റിപ്പോർട്ട് ചെയ്തതോടെയാണ് വെളിച്ചത്തുവരുന്നത്. ആസാം, ഒഡിഷ, രാജസ്ഥാൻ, മഹാരാഷ്ട്ര, തെലങ്കാന. യുപി, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലായി 11ഓളം കേസുകളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ പറഞ്ഞു.

സെപ്തംബർ 21ന് മം​ഗളൂരുവിൽ വച്ച് സമാനമായ തട്ടിപ്പ് നടത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. 10 ലക്ഷം രൂപ വില വരുന്ന സോണി ക്യാമറകളും വില കുറഞ്ഞ മറ്റ് ചില ഉൽപ്പന്നങ്ങളുമാണ് ഇരുവരും ഓർഡർ ചെയ്തത്. വ്യാജ പേരിലായിരുന്നു ഓർഡർ. ഓർഡർ എത്തിയപ്പോൾ സോണി ക്യാമറകളിലെ സ്റ്റിക്കർ മറ്റ് ഉൽപ്പന്നങ്ങളുടേതുമായി സ്വാപ്പ് ചെയ്തു. തുടർന്ന് തെറ്റായ ഒടിപി നൽകി. ഓർഡർ സ്ഥിരീകരിക്കാൻ സമമെടുത്തതിനാൽ അടുത്ത ദിവസം കളക്ട് ചെയ്യാമെന്ന് ഡെലിവറി ഏജന്റിനെ അറിയിച്ചു. ശേഷം ഓർഡർ കാൻസൽ ചെയ്യുകയും ചെയ്തു. ഇതോടെയാണ് സംശയമുണ്ടായത്. പരിശോധനയിൽ ഉൽപ്പന്നങ്ങളുടെ സ്റ്റിക്കറുകൾ മാറിയതായി കണ്ടെത്തി. പ്രതികൾ ക്യാമറയുമായ രക്ഷപെട്ടതായി കണ്ടെത്തി. പിടികൂടുമ്പോൾ പ്രതികളുടെ കയ്യിൽ ക്യാമറകൾ വിറ്റ 11 ലക്ഷം രൂപയുമുണ്ടായിരുന്നു. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ആമസോൺ ഡെലിവറി പോയിൻ്റിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ വഴിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top