27 May Wednesday

"ഈ രാജ്യം കശ്‌മീരികൾക്കും അവകാശപ്പെട്ടത്‌ " ; ഇതാ കേൾക്കൂ താഴ്‌വരയുടെ ശബ്ദം

എം പ്രശാന്ത‌്Updated: Wednesday Sep 18, 2019

ന്യൂഡൽഹി >  ദ്രോഗ്ര രാജഭരണത്തിനെതിരായി ഒരുനൂറ്റാണ്ട്‌ നീണ്ട രക്തരൂഷിത സമരത്തിൽ കശ്‌മീരികൾ പ്രകടമാക്കിയ പോരാട്ടവീറിന്റെ നേർസാക്ഷ്യമാണ്‌ മുഹമ്മദ്‌ യൂസുഫ്‌ തരിഗാമിയെന്ന കമ്മ്യൂണിസ്റ്റിന്റെ രാഷ്ട്രീയജീവിതം. കർഷകരുടെയും തൊഴിലാളികളുടെയും മറ്റ്‌ സാധാരണ ജനവിഭാഗങ്ങളുടെയും ആവശ്യങ്ങൾക്കും അവകാശങ്ങൾക്കുമായി നിതാന്തം പോരാടിയ ഈ വിപ്ലവകാരിയെ നിശ്ശബ്ദമാക്കാൻ തീവ്രവാദികളും മതവാദികളും ഭരണകൂടവും പല വഴിക്ക്‌ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

  മോഡി സർക്കാർ വലിയ തടവറയാക്കിയ താഴ്‌വരയിൽനിന്ന്‌ വിലക്കുകളുടെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ്‌ കശ്‌മീരികളുടെ ശബ്‌ദം ഉച്ചത്തിൽ മുഴക്കിയ തരിഗാമി തോൽക്കാൻ തനിക്ക്‌ മനസ്സില്ലെന്ന്‌ ഒരിക്കൽക്കൂടി ബോധ്യപ്പെടുത്തുകയാണ്‌.

പലവട്ടം മരണം മുഖാമുഖം കണ്ട തരിഗാമി രാഷ്ട്രീയ ജീവിതത്തിന്റെ അമ്പതാംവർഷത്തിലാണ്‌. തെക്കൻ കശ്‌മീരിലെ കുൽഗാം ജില്ലയിൽ തരിഗാം ഗ്രാമത്തിൽ 1947 ൽ ജനനം. കമ്യൂണിസ്‌റ്റ്‌ പശ്ചാത്തലമുള്ള കുടുംബമായിരുന്നില്ല തരിഗാമിയുടേത്‌.

 തെക്കൻ കശ്‌മീരിലെ കമ്യൂണിസ്റ്റ്‌ നേതാവായ അബ്‌ദുൾകരീം വാനിയുടെ പ്രസംഗങ്ങൾ കേൾക്കാൻ അമ്മാവനൊപ്പം തരിഗാമിയും പോയിരുന്നു. വാനിയുടെ പ്രസംഗങ്ങളിലൂടെ കമ്യൂണിസ്‌റ്റ്‌ ആശയങ്ങളുടെ മനുഷ്യപക്ഷനിലപാടും നന്മയും തിരിച്ചറിഞ്ഞു. ബാബാ ബേഡിയെന്ന്‌ അറിയപ്പെട്ടിരുന്ന ബി പി എൽ ബേഡി, ഫ്രെല ബേഡി (കബീർ ബേഡിയുടെ അച്ഛനമ്മമാർ), ഫെയ്‌സ്‌ അഹമ്മദ്‌ ഫെയ്‌സ്‌, ബക്ഷി ഗുലാം മുഹമ്മദ്‌, ജി എം സാദിഖ്‌, ഗുലാം മൊഹിയുദ്ദീൻ ഖറ തുടങ്ങി കശ്‌മീരിൽനിന്നുള്ള കമ്യൂണിസ്റ്റ്‌ നേതാക്കളെ അടുത്തറിഞ്ഞു.

 വിദ്യാർഥിയായിരിക്കെ സർക്കാരിന്റെ നിർബന്ധിത അരി സംഭരണത്തിനെതിരായി യുവാക്കളെ സംഘടിപ്പിച്ച്‌ പൊതുരംഗത്തേക്ക്‌ വന്നു. തുടർന്ന്‌ നിരന്തര സമരപോരാട്ടങ്ങൾ. ജമ്മു -കശ്‌മീർ ജമാ അത്തെ ഇസ്ലാമിക്ക്‌ നല്ല സ്വാധീനമുണ്ടായിരുന്ന കുൽഗാമിൽ പുരോഗമന ആശയപ്രവർത്തനങ്ങൾ അത്ര എളുപ്പമല്ലായിരുന്നു.

 എന്നാൽ, തരിഗാമിയെന്ന ചുറുചുറുക്കുള്ള സംഘാടകൻ ഗ്രാമങ്ങളിലടക്കം പാർടിക്ക്‌ അടിത്തറ തീർത്തു. 1958ൽ 22–-ാം വയസ്സിൽ ആദ്യ ജയിൽ വാസം. പിന്നീട്‌ 1967ലും 75ലും 79ലും തടവിലായി. 1975ൽ ജയിലിൽ കഴിയുമ്പോഴാണ്‌ ഭാര്യയുടെ മരണം. ഒരുമാസം പരോൾ അനുവദിക്കപ്പെട്ടു. എന്നാൽ, മൂന്നാംദിനം വീണ്ടും അറസ്റ്റ്‌ചെയ്യപ്പെട്ട്‌ ജയിലിലായി.

 1990കളിൽ തീവ്രവാദം ശക്തിപ്പെട്ടപ്പോൾ പലവട്ടം ആക്രമിക്കപ്പെട്ടു. സഹപ്രവർത്തകർ പലരും കൊല്ലപ്പെട്ടു. പലഘട്ടങ്ങളിലും തരിഗാമി അത്ഭുതകരമായി രക്ഷപ്പെട്ടു. 72–-ാം വയസ്സിലും തരിഗാമിക്ക്‌ വിശ്രമമില്ല. ശാരീരികാവശതകൾ കണക്കിലെടുക്കാതെ ജനങ്ങൾക്കായി പ്രത്യേക പദവി വിഷയത്തിലടക്കം പുതിയ സമരമുഖങ്ങൾ തുറക്കുകയാണ്‌ അദ്ദേഹം.


പ്രധാന വാർത്തകൾ
 Top