31 March Tuesday

കശ്‌മീരിനെ മൊത്തം ജയിലാക്കട്ടെ; കടുത്ത മാനുഷിക ദുരന്തം ‐ തരിഗാമി

വെബ് ഡെസ്‌ക്‌Updated: Thursday Feb 13, 2020

ന്യൂഡൽഹി > കശ്‌മീരിനെ മൊത്തം തുറന്ന ജയിലായി പ്രഖ്യാപിക്കുന്നതാണ്‌ കേന്ദ്രത്തിന്‌ കൂടുതൽ നല്ലതെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ്‌ യൂസുഫ്‌ തരിഗാമി. ഇന്ത്യയുടെ ഐക്യത്തിനുവേണ്ടി നിലകൊണ്ടവരെല്ലാം കശ്‌മീരിൽ ജയിലിലാണ്‌. ഹോട്ടലുകളും ഗസ്‌റ്റ്‌ ഹൗസുകളും അടക്കം ജയിലുകളാക്കി. കടുത്ത മാനുഷിക ദുരന്തമാണ്‌ കശ്‌മീർ നേരിടുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കശ്‌മീർ പ്രശ്‌നം ഇപ്പോൾ റിയൽ എസ്‌റ്റേറ്റ്‌ വിഷയമാക്കി ചുരുക്കി. ഇത്‌ അപമാനകരമാണ്‌.

കശ്‌മീരിൽ സംഭവിക്കുന്നത്‌ രാജ്യത്താകെ പ്രത്യാഘാതം സൃഷ്ടിക്കും. ജനാധിപത്യത്തെയും ദേശീയതയെയും പരസ്‌പരവിരുദ്ധമായി കാണുന്നത്‌ ശരിയല്ല.  ജനപ്രതിനിധികളെ തെരഞ്ഞെടുക്കാൻ ജമ്മു കശ്‌മീരിന്‌ ജനാധിപത്യ അവസരം നിഷേധിക്കുകയാണ്‌.കശ്‌മീരിനെതിരെ അപവാദപ്രചാരണമാണ്‌ നടത്തുന്നത്‌. കശ്‌മീരിൽ ഉള്ളവരെല്ലാം ഭീകരരാണെന്ന്‌ പ്രചരിപ്പിക്കുന്നു. ഗതാഗത തടസ്സം കാരണം കർഷകർക്ക്‌ പഴങ്ങൾ കമ്പോളത്തിൽ എത്തിക്കാൻ കഴിയുന്നില്ല. വിപണി തകർന്നു.

31 കേന്ദ്ര മന്ത്രിമാർ ജമ്മുവും അഞ്ചു പേർ കശ്‌മീരും സന്ദർശിച്ചു. ഇതിന്റെ ഫലം എന്താണെന്ന്‌ ആർക്കുമറിയില്ല. കശ്‌മീർ ജനതയ്‌ക്ക്‌ ഈ സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു. എന്നാൽ, ഇന്ത്യയെ പൂർണമായും വിശ്വസിക്കുന്നു. ഡൽഹി തെരഞ്ഞെടുപ്പുഫലം കശ്‌മീരിനു വലിയ ആശ്വാസമാണെന്നും തരിഗാമി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top