Deshabhimani

‘അടുത്ത ലക്ഷ്യം 
മഥുര ക്ഷേത്രം’; സമയമായതായി യുപി മുഖ്യമന്ത്രി ആദിത്യനാഥ്‌

വെബ് ഡെസ്ക്

Published on Nov 19, 2024, 03:05 AM | 0 min read


ന്യൂഡൽഹി
അയോധ്യയിൽ രാമക്ഷേത്രം യാഥാര്‍ഥ്യമായതോടെ, മഥുരയിലെ കൃഷ്‌ണ കനയ്യ ക്ഷേത്രത്തിന്‌ സമയമായതായി യുപി മുഖ്യമന്ത്രി ആദിത്യനാഥ്‌. ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ്‌ റാലിയിലാണ്‌ ഇനി മഥുരയിലെ ക്ഷേത്രനിർമ്മാണമാണ്‌ ലക്ഷ്യമെന്ന്‌ ആദിത്യനാഥ്‌ പരസ്യമായി പ്രഖ്യാപിച്ചത്‌.  രാമക്ഷേത്രം യാഥാർഥ്യമായ സാഹചര്യത്തിൽ ഇനി രാജ്യത്തെ മറ്റ്‌ ആരാധനാലയങ്ങളിലൊന്നും അവകാശവാദം ഉന്നയിക്കില്ലെന്ന ആർഎസ്‌എസ്‌ നിലപാട്‌ കാപട്യമാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌ യുപി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ജാർഖണ്ഡിൽ ബിജെപി തുടക്കം മുതൽ നടത്തിവരുന്ന തീവ്രവർഗീയ പ്രചാരണത്തിന്റെ തുടർച്ചയെന്ന നിലയിലാണ്‌ മഥുരയിലെ ക്ഷേത്രനിർമ്മാണത്തെ കുറിച്ച്‌ ആദിത്യനാഥ്‌ പ്രസ്‌താവന നടത്തിയത്‌. മഥുരയിലെ ഷാഹി ഈദ്‌ഗാഹ്‌ മസ്‌ജിദ്‌ കൃഷ്‌ണ ജന്മഭൂമിയിലാണ്‌ സ്ഥിതി ചെയ്യുന്നതെന്നും അയോധ്യയിൽ ചെയ്‌തതുപോലെ തന്നെ പള്ളി പൊളിച്ച്‌ അമ്പലം പണിയണമെന്നുമാണ്‌ ചില തീവ്രസംഘടനകളുടെ നിലപാട്‌. ഇവരുടെ അപേക്ഷ പ്രകാരം പള്ളിയിൽ സർവ്വേ നടത്താൻ അലഹബാദ്‌ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുപ്രീംകോടതി സർവ്വേ നടപടികൾ സ്‌റ്റേ ചെയ്‌തിരിക്കയാണ്‌. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെയാണ്‌ മഥുരയിൽ അമ്പലം പണിയണമെന്ന സംഘപരിവാർ നിലപാട്‌ ആദിത്യനാഥ്‌ പരസ്യമാക്കിയിരിക്കുന്നത്‌.

ജാർഖണ്ഡിൽ നുഴഞ്ഞുകയറ്റക്കാർ നടത്തുന്ന ലൗ–- ലാൻഡ്‌ ജിഹാദുകളെ ജെഎംഎം സർക്കാർ പ്രോത്‌സാഹിപ്പിക്കുകയാണെന്ന്‌ ആദിത്യനാഥ്‌ പറഞ്ഞു. 1947ൽ വിജഭനകാലത്ത്‌ 10 ലക്ഷം ഹിന്ദുക്കൾ കൊല്ലപ്പെട്ടു. ഹിന്ദുക്കൾ വിഭജിച്ച്‌ നിന്നതുകൊണ്ടാണ്‌ അത്‌ സംഭവിച്ചത്‌. ഇന്നിപ്പോൾ ഹിന്ദുക്കൾ ഐക്യത്തോടെ നിലകൊള്ളേണ്ട കാലമാണ്‌. ഹിന്ദുക്കൾ ഭിന്നിച്ചുനിന്നാൽ അടിമത്തമാണ്‌ അനുഭവം. ഒന്നായി നിന്നാൽ സുരക്ഷിതരായി തുടരാം. ബിജെപി അധികാരത്തിൽ വന്നാൽ ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ തുരത്തും. അതിനായി ബുൾഡോസർ തയ്യാറായി നിൽക്കുന്നുണ്ട്‌–- ആദിത്യനാഥ്‌ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home