06 October Sunday
എയിംസ് അധികൃതർ ഏറ്റുവാങ്ങി

സീതാറാം യെച്ചൂരി ഇനി ജ്വലിക്കുന്ന ഓർമ്മ ; മൃതശരീരം വൈദ്യശാസ്ത്ര പഠനത്തിനായി കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

ന്യൂഡൽഹി > സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇനി ജ്വലിക്കുന്ന ഓർമ്മ. മൃതദേഹം എകെജി ഭവനിൽ പൊതു ദർശനത്തിന് ശേഷം 14 അശോക റോഡ് വരെ വിലാപ യാത്രയായി നീങ്ങി. അവിടെ നിന്ന് ആംബുലൻസിൽ മൃതദേഹം എയിംസിൽ എത്തിച്ച് കൈമാറി.

യെച്ചൂരിക്ക് അന്ത്യഘട്ടത്തിൽ ചികിത്സ നൽകിയ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേയ്ക്ക് തന്നെയാണ് മൃതശരീരം കൈമാറിയത്. വിദ്യാർഥികൾക്ക് പഠനത്തിനായി സ്വന്തം ശരീരം സമർപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ നിശ്ചയമായിരുന്നു. ശനിയാഴ്ച വൈകുന്നേരം 4.45 ഓടെയാണ്  മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മൃതദേഹം ഏറ്റുവാങ്ങിയത്.

രാഷ്ട്രപതി ഉൾപ്പെടെ വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെ ഉന്നത നേതാക്കളും പ്രവർത്തകരും വിദ്യാർഥികളും സീതാറാം യെച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തി. രാജ്യത്തിനും പാർടിക്കും ലോകത്തെ തന്നെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും അതുല്യ സംഭാവനകൾ നൽകിയ രാഷ്ട്രീയ വ്യക്തിത്വത്തിന് ആദരവ് അർപ്പിച്ചു.

മൂന്നു തവണ വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന ജവാഹർ ലാൽ നെഹ്റു സർവകലാശാല ക്യാമ്പസിൽനിന്ന് അവസാന റെഡ് സല്യൂട്ട് ഏറ്റുവാങ്ങാൻ ഇന്നലെ വൈകിട്ട് 4.56 ന് സീതാറാം യച്ചൂരിയുടെ മൃതശരീരം എത്തിച്ചു. ഓഡിറ്റോറിയത്തിനു നടുവിൽ ചുവന്ന റോസാദളങ്ങൾ വിതറിയ വെള്ളവിരിപ്പിൽ വിദ്യാർഥികൾ അദ്ദേഹത്തിന് വിപ്ലവപാതയുടെ തുടർച്ച പ്രഖ്യാപിച്ചും പ്രതിജ്ഞ ചെയ്തും മുദ്രാവാക്യങ്ങൾ മുഴക്കി.

തുടർന്ന് മൃതദേഹം യെച്ചൂരിയുടെ വസന്ത്കുഞ്ജിലെ വസതിയിൽ കൊണ്ടുവന്നു. ഇവിടെ വൈകുവോളം പൊതുദർശനം തുടർന്നു. രാവിലെ 11 മണിക്കാണ് എകെജി ഭവനിലേക്ക് എത്തിച്ചത്. മൂന്നുമണിയോടെ വിലാപ യാത്ര തുടങ്ങി. 14 അശോക റോഡിലാണ് നേരത്തെ സിപിഐ എം പാർടി ഓഫീസ് നിന്നിരുന്നത്. ഇതുവരെയാണ് വിലാപയാത്ര തുടർന്നത്.

എയിംസ് അധികൃതർ മൃതദേഹം ഏറ്റുവാങ്ങി. യെച്ചൂരിയുടെ അമ്മ കല്പകം യെച്ചൂരിയുടെ മൃതദേഹവും ഇതേ മാതൃകയിൽ മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി കൈമാറുകയായിരുന്നു. 2021 ലായിരുന്നു അവരുടെ മരണം.

സീതാറാം യെച്ചൂരിയുടെ മൃതദേഹം വെെദ്യപഠനത്തിനായി ഡൽഹി എയിംസിന് നൽകാനുള്ള സമ്മതപത്രം മകൾ അഖില  കൈമാറുന്നു

സീതാറാം യെച്ചൂരിയുടെ മൃതദേഹം വെെദ്യപഠനത്തിനായി ഡൽഹി എയിംസിന് നൽകാനുള്ള സമ്മതപത്രം മകൾ അഖില കൈമാറുന്നു


 

സീതാറാം യെച്ചൂരിയുടെ മരണം വ്യഴാഴ്ചയായിരുന്നു. നെഞ്ചിലെ അണുബാധയെത്തുടർന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിൽ (എയിംസ്) ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.05 മണിയോടെ മരണത്തിന് കീഴടങ്ങി. ആഗസ്ത്‌ 19 നാണ് അദ്ദേഹത്തെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

പ്രമുഖ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ സീമ ചിസ്‌തി  ഭാര്യയാണ്‌. യുകെയിൽ സർവകലാശാല അധ്യാപികയായ അഖില യെച്ചൂരി,  മാധ്യമപ്രവർത്തകൻ പരേതനായ ആശിഷ്‌ യെച്ചൂരി, ഡാനിഷ് എന്നിവർ മക്കളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top