25 April Thursday

ബംഗാളിലും ത്രിപുരയിലും വോട്ടെടുപ്പില്‍ നടന്നത‌് വ്യാപക ക്രമക്കേട‌്; 464 ബൂത്തുകളില്‍ റീ പോളിങ‌് നടത്തണമെന്ന‌് സീതാറാം യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 16, 2019

ന്യൂഡല്‍ഹി> ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളിലും ത്രിപുരയിലും വ്യാപക കൃമക്കേട‌് നടന്നെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പ‌് നടന്ന ബൂത്തുകളില്‍ അട്ടിമറി നടന്നുവെന്നും മിക്ക ഇടങ്ങളിലും സുരക്ഷാസേന ഉണ്ടായിരുന്നില്ലെന്നും ചൂണ്ടികാണിച്ച‌് മുഖ്യതെരഞ്ഞെടുപ്പ‌് കമീഷണർക്ക‌് പരാതി നൽകി. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം നീലോത്പൽ ബസു, വെസ്റ്റ് ത്രിപുര പാർലമെന്റ് മണ്ഡലം സ്ഥാനാർഥി ശങ്കർ പ്രസാദ് ദത്ത എന്നിവർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ നേരിട്ട് കണ്ടാണ് പരാതി നൽകിയത്.

ഇരു സംസ്ഥാനങ്ങളിലും പോളിങ് കേന്ദ്രങ്ങളില്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തുകയും തിരിച്ചയക്കുകയും ചെയ്തു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗമാണെങ്കില്‍ മര്‍ദ്ദിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ഇതിനെതിരെ നടപടി എടുക്കണം. ത്രിപുരയിലെ 464 ബൂത്തുകളില്‍ റീ പോളിംഗ് നടത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ആദ്യഘട്ടങ്ങളില്‍ നടന്നതുപോലുള്ള കൃമക്കേട‌് തുടരുകയാണെങ്കില്‍ വരാനിരിക്കുന്ന ഘട്ടങ്ങളില്‍ തെരഞ്ഞെടുപ്പു കമീഷന്റെ വിശ്വാസ്യത നഷ്ടപ്പെടും.

നേരത്തെ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായ ആന്ധ്രപ്രദേശിലെ 30 ശതമാനം പോളിംഗ് ബൂത്തുകളിലും റീപോളിംഗ് വേണമെന്ന് ആവശ്യപ്പെട്ട് ടിഡിപി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു. 30 ശതമാനത്തോളം വോട്ടിങ് മെഷീനുകളും ശരിയായ രീതിയിലല്ല പ്രവര്‍ത്തിച്ചത് എന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പരാതി. നിരവധി പേര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചില്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top