17 June Monday

ജെകെഎൽ‌‌എഫ‌് തലവൻ യാസിൻ മാലിക്‌ അറസ‌്റ്റിൽ , 10,000 സുരക്ഷാ സൈനികർകൂടി കശ്‌മീരിലേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Feb 24, 2019

ന്യൂഡൽഹി
ജമ്മുകശ‌്മീരിൽ  പതിനായിരം അർധസൈനികരെക്കൂടി നിയോഗിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു‌.  പുൽവാമ ഭീകരാക്രമണത്തെത്തുടർന്നാണ്‌ ഈ നീക്കം. ഇതിനിടെ, കശ‌്മീരിലെ ജമ്മു-കശ‌്മീർ വിമോചന മുന്നണി (ജെകെഎൽ‌‌എഫ‌്)  തലവൻ യാസീൻ മാലികിനെ പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തു. മുപ്പതോളം ജമാഅത്തെ ഇസ‌്ലാമി പ്രവർത്തകരും അറസ‌്റ്റിലായിട്ടുണ്ട‌്.

വെള്ളിയാഴ‌്ച രാത്രി കശ‌്മീരിലുടനീളം നടത്തിയ റെയ‌്ഡുകൾക്ക‌് പിന്നാലെയായിരുന്നു നടപടി. ജമാഅത്തെ ഇസ്ലാമിയുടെ നുറോളം പ്രവർത്തകരും കസ‌്റ്റഡിയിലുണ്ട‌്.  ജമാഅത്തെ ഇസ്ലാമി അമീർ  (തലവൻ) ഡോ. അബ്ദുൾ ഹമീദ‌് ഫയാസ‌്, സംഘടനയുടെ വക്താവ‌് സഹീദ‌് അലി, മുൻ ജനറൽ സെക്രട്ടറി ഗുലാം ഖ്വാദിർ ലോൺ, അനന്തനാഗ‌് ജില്ലാ അധ്യക്ഷൻ അബ്ദുർ റൂഫ‌് എന്നിവർ അറസ‌്റ്റിലായവരിൽപ്പെടുന്നു. ക്രമസമാധാന പ്രശ‌്നങ്ങൾ ഒഴിവാക്കാനാണ‌് അറസ‌്റ്റെന്ന്‌ അധികൃതർ അറിയിച്ചു. അതേസമയം, ജമ്മുകശ‌്മീരിൽ ഇപ്പോൾ നടക്കുന്ന അറസ്റ്റുകൾക്ക‌് പുൽവാമ ഭീകരാക്രമണത്തിന്റെ അന്വേഷണവുമായി ബന്ധമില്ലെന്നും അധികൃതർ പറഞ്ഞു. ഭീകരവാദികളെ അമർച്ചചെയ്യുന്നതിനു പകരം തദ്ദേശീയരെയും ന്യൂനപക്ഷവിഭാഗങ്ങളെയും സംശയ മുനയിൽ നിർത്തുകയെന്ന തന്ത്രമാണ‌് കേന്ദ്രസർക്കാർ പയറ്റുന്നതെന്ന‌് ആരോപണമുയർന്നു.
 ജമ്മുകശ‌്മീർ മുൻ മുഖ്യമന്ത്രി മെഹ‌്ബൂബ മുഫ‌്തി ഉൾപ്പെടെയുള്ളവർ സർക്കാർ നടപടിക്കെതിരെ രംഗത്തുവന്നു.

ജമ്മുകശ‌്മീരിൽ  10,000 അർധസൈനികരെകൂടി നിയോഗിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്‌ തീരുമാനിച്ചത്‌. 45 കമ്പനി സിആർപി‌എഫ‌്, 35 കമ്പനി ബിഎസ‌്എഫ‌്, 20 കമ്പനി സശസ‌്ത്ര സീമ ബൽ, 10 കമ്പനി ഐടിബിപി എന്നിങ്ങനെയാണ‌് നിയോഗിച്ചത്‌. തെരഞ്ഞെടുപ്പിനു മുമ്പുള്ള സ്ഥിതി  വിലയിരുത്താൻ തെരഞ്ഞെടുപ്പ‌് കമീഷൻ സംഘം മാർച്ച‌് അഞ്ചിന‌് സംസ്ഥാനത്ത‌് എത്തുന്നുണ്ട‌്.

പീപ്പിൾസ‌് ഡമോക്രാറ്റിക‌് പാർടി(പിഡിപി) അധ്യക്ഷ കൂടിയായ മെഹ‌്ബൂബ മുഫ‌്തി അറസ‌്റ്റുകൾക്കെതിരെ ശക്തമായി രംഗത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിൽ ഒട്ടേറെ ഹുറിയത്ത‌് നേതാക്കളും ജമാഅത്തെ ഇസ്ലാമി പ്രവർത്തകരും അറസ്റ്റിലായി. സർക്കാരിന്റെ ഏകപക്ഷീയമായ നടപടിയുടെ അർഥം മനസ്സിലാകുന്നില്ല.  ജമ്മുകശ‌്മീരിലെ സ്ഥിതി കൂടുതൽ വഷളാക്കാനേ ഇതു ഉപകരിക്കൂ –- മെഹ‌്ബൂബ പറഞ്ഞു.

യാസീൻ മാലിക്കിന്റെയും ജമാഅത്ത‌് നേതാക്കളുടെയും അറസ‌്റ്റിൽ ഹുറിയത‌് കോൺഫറൻസ‌് നേതാവ‌് മിർവായീസ‌് ഉമർ ഫറൂഖ‌് പ്രതിഷേധിച്ചു. കഴിഞ്ഞ ജൂൺവരെ ജമ്മുകശ‌്മീരിൽ പിഡിപിയും ബിജെപിയും ഉൾപ്പെട്ട സഖ്യമാണ‌് ഭരണം നടത്തിയിരുന്നത‌്. സഖ്യസർക്കാർ രാജ്യതാൽപ്പര്യത്തിനു വിരുദ്ധമാണെന്ന‌ുപറഞ്ഞ‌് ബിജെപിതന്നെ മുന്നണിയിൽനിന്ന‌് പിന്മാറുകയായിരുന്നു. ഇപ്പോൾ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലാണ‌്. ഹുറിയത്ത‌് നേതാക്കൾക്കുള്ള പൊലീസ‌് സംരക്ഷണം പുൽവാമ ആക്രമണത്തിനുശേഷം പിൻവലിക്കുകയും ചെയ‌്തിരുന്നു.


പ്രധാന വാർത്തകൾ
 Top