Deshabhimani

​ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ്‌ സ്റ്റേ ചെയ്‌തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2023, 09:29 PM | 0 min read

ന്യൂഡൽഹി > ശനിയാഴ്‌ച നടക്കാനിരുന്ന റെസലിങ്ങ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ (ഡബ്ലിയുഎഫ്‌ഐ) തെരഞ്ഞെടുപ്പ്‌ പഞ്ചാബ്‌,ഹരിയാന ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഹരിയാനാ റെസലിങ്ങ്‌ അസോസിയേഷൻ (എച്ച്‌ഡബ്ലിയുഎ) നൽകിയ ഹർജി പരിഗണിച്ചാണ്‌ സ്‌റ്റേ. ഹരിയാനാ അമച്വർ റെസലിങ്ങ്‌ അസോസിയേഷനെ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അനുമതി നൽകിയ നടപടി ചോദ്യംചെയ്‌താണ്‌ എച്ച്‌ഡബ്ലിയുഎ കോടതിയെ സമീപിച്ചത്‌. അമച്വർ റെസലിങ്ങ്‌ അസോസിയേഷന്‌ ഡബ്ലിയുഎഫ്‌ഐ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അധികാരമുണ്ടോയെന്ന വിഷയം കോടതി പരിശോധിക്കും. ഹരിയാനയിലെ ഗുസ്‌തിതാരങ്ങളുടെ സംഘടന ഹരിയാനാ റെസലിങ്ങ്‌ അസോസിയേഷനാണെന്നും അവർക്കല്ലാതെ മറ്റാർക്കും തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അവകാശമില്ലെന്നും എച്ച്‌ഡബ്ലിയുഎയ്‌ക്ക്‌ വേണ്ടി ഹാജരായ അഡ്വ. രവീന്ദർമാലിക്‌ വാദിച്ചു.

എന്നാൽ, തങ്ങൾക്ക്‌ റെസലിങ്ങ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യയിലും ഹരിയാനാ ഒളിംപിക്‌ അസോസിയേഷനിലും അംഗത്വം ഉണ്ടെന്നും തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അർഹതയുണ്ടെന്നും അമച്വർ റെസലിങ്ങ്‌ അസോസിയേഷൻ ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തിൽ വിഷയം പരിശോധിക്കുമെന്ന്‌ അറിയിച്ച്‌ ഹൈക്കോടതി ശനിയാഴ്‌ച നടക്കേണ്ട തെരഞ്ഞെടുപ്പ്‌ സ്‌റ്റേ ചെയ്യുകയായിരുന്നു.

വനിതാഗുസ്‌തിതാരങ്ങളുടെ പരാതിയിൽ ലൈംഗികാതിക്രമകേസിൽ പ്രതിയായ ബിജെപി എംപി ബ്രിജ്‌ഭൂഷൺ ശരൺസിങ്ങായിരുന്നു 12 വർഷമായി ഡബ്ലിയുഎഫ്‌ഐ അധ്യക്ഷൻ. പുതിയ തെരഞ്ഞെടുപ്പിൽ തന്റെ ഉറ്റഅനുയായി സഞ്‌ജയ്‌കുമാർസിങ്ങിനെ അധ്യക്ഷനാക്കാൻ ബ്രിജ്‌ഭൂഷൺ ചരടുവലിക്കുന്നുണ്ട്‌. ഈ നീക്കത്തെ ശക്തമായി എതിർത്ത്‌ വിനേഷ്‌ഫോഗട്ട്‌, ബജ്‌റങ്പുണിയ, സാക്ഷിമാലിക്ക്‌ തുടങ്ങിയ ഗുസ്‌തിതാരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്‌. വിയോജിപ്പ്‌ രേഖപ്പെടുത്താൻ അവർ കഴിഞ്ഞദിവസം രാജ്‌ഘട്ടിൽ വാർത്താസമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പൊലീസ്‌ അവിടെ നിരോധനനാജ്ഞ പ്രഖ്യാപിച്ച്‌ വാർത്താസമ്മേളനം മുടക്കി. ബ്രിജ്‌ഭൂഷണിന്റെ അനുയായിയെ അധ്യക്ഷനാക്കിയാൽ വനിതാഗുസ്‌തിതാരങ്ങൾക്ക്‌ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home