19 September Thursday

‘ചർച്ച രഹസ്യമാക്കാന്‍ ആവശ്യപ്പെട്ട 
കേന്ദ്രസര്‍ക്കാര്‍ വിവരം ചോർത്തി’

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023


ന്യൂഡൽഹി
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുമായി നടത്തിയ ചർച്ചയുടെ വിവരങ്ങൾ അതീവ രഹസ്യമായി വയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട കേന്ദ്രസർക്കാർതന്നെ അത്‌ മാധ്യമങ്ങൾക്ക്‌ ചോർത്തിയെന്ന്‌ വെളിപ്പെടുത്തി ബജ്‌റംഗ്‌ പൂനിയ. കേവലം ഉറപ്പുകളിന്മേൽ സമരം അവസാനിപ്പിക്കില്ല. ജനുവരിയിൽ ഉറപ്പുകേട്ടാണ്‌ സമരത്തിൽനിന്ന്‌ പിന്മാറിയത്‌.  ശനിയാഴ്‌ചത്തെ ചർച്ചയിൽ എന്തിനാണ്‌ ബ്രിജ്‌ഭൂഷണെ സംരക്ഷിക്കുന്നതെന്ന്‌ ഷായോട്‌ ചോദിച്ചുവെന്നും നടപടിയെടുക്കാമെന്ന്‌ മാത്രമായിരുന്നു മറുപടിയെന്നും ബജ്‌റംഗ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

ബ്രിജ്‌ഭൂഷണെ അറസ്റ്റ്‌ ചെയ്യണമെന്നതടക്കം ഒരു ആവശ്യവും അമിത്‌ ഷാ അംഗീകരിച്ചില്ല. ചർച്ചയിൽ താരങ്ങൾ കേന്ദ്രസർക്കാരുമായി ഒത്തുതീർപ്പിലെത്തിയെന്ന മാധ്യമവാർത്തകൾ വ്യാജമാണെന്നും ബജ്‌റംഗ്‌ വ്യക്തമാക്കി. ശനി രാത്രി പതിനൊന്നോടെയാണ്‌ ബജ്‌റംഗ്‌ പൂനിയ, വിനേഷ്‌ ഫോഗട്ട്‌, സാക്ഷി മലിക്‌, സംഗീത ഫോഗട്ട്‌, സത്യവർഥ്‌ കഠിയാൻ എന്നിവർ അമിത്‌ ഷായുമായി രണ്ടുമണിക്കൂർ ചർച്ച നടത്തിയത്‌.

ബ്രിജ്‌ ഭൂഷണിന്റെ 
സഹായികളെ ചോദ്യം ചെയ്‌തു
ഏഴു താരങ്ങളെ ലൈംഗികാതിക്രമത്തിന്‌ വിധേയനാക്കിയ ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ ഭൂഷണിന്റെ ബന്ധുക്കളെയും സഹായികളെയും മുൻ സ്റ്റാഫ്‌ അംഗങ്ങളെയും അടക്കം 12 പേരെ പ്രത്യേക അന്വേഷക സംഘം ചോദ്യം ചെയ്‌തു. യുപിയിലെ ഗോണ്ടയിലെ വസതിയിലാണ്‌ ബന്ധുക്കളെയും സുരക്ഷാസേനാംഗങ്ങളെയും ചോദ്യം ചെയ്‌തത്‌. ലഖ്‌നൗ, അയോധ്യ എന്നിവിടങ്ങളിലായി മുൻ സ്റ്റാഫ്‌ അംഗങ്ങളെയും ഗുസ്‌തി ഫെഡറേഷൻ അധികൃതരെയും ചോദ്യം ചെയ്‌തു.  വസതിയിൽവച്ച്‌ ബ്രിജ്‌ ഭൂഷണിനെ വീണ്ടും ചോദ്യം ചെയ്‌തോ എന്ന്‌ വ്യക്തമല്ല. ഇതോടെ രണ്ടു കേസിലുമായി 137 പേരെ ചോദ്യം ചെയ്‌തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top