17 February Sunday

''ലോകത്തെ ആദ്യത്തെ അതീവ രഹസ്യ അവാര്‍ഡ് ജേതാവ് ''-നരേന്ദ്ര മോഡിയെ ട്രോളി യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 15, 2019

ന്യൂഡല്‍ഹി> പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫേസ‌്ബുക്കിൽ ട്രോളി സിപിഐ എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ "ദ വയർ'  പ്രസിദ്ധീകരിച്ച  നരേന്ദ്ര മോഡിക്ക‌് ലഭിച്ച ഫിലിപ് കോട്ലർ പ്രസിഡൻസി അവാർഡിന്റെ വാർത്ത പോസ്റ്റ‌് ചെയ‌്തുകൊണ്ടായിരുന്നു യെച്ചൂരിയുടെ ട്രോൾ. "ലോകത്തെ ആദ്യത്തെ അതീവ രഹസ്യ അവാർഡ‌ിന‌് അർഹനായ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക‌് ആശംസകളെന്നാണ‌്'' യെച്ചൂരി ഫേസ‌്ബുക്കിൽ പങ്കുവെച്ചത‌്.

ഡിസംബറിൽ ചേർന്ന അന്താരാഷ്ട്ര വാണിജ്യ ഉച്ചകോടിയിൽവെച്ചാണ‌് മോഡിക്ക‌് അവാർഡ‌് ലഭിച്ചതായി വാർത്ത വന്നിരിക്കുന്നത‌്. എന്നാൽ അവാർഡ‌് എന്തിനാണെന്ന‌ും അവാർഡിന്റെ മാനദണ്ഡം എന്താണെന്നുമുള്ള ചോദ്യമാണ‌് ദ വയർ വാർത്തയിൽ ഉന്നയിച്ചിരിക്കുന്നത‌്. പൊതുമേഖലാ കമ്പനിയായ ഗെയിൽ ഇന്ത്യ, ബാബാ രാം ദേവിന്റെ പതഞ്ജലിയുടെയും റിപബ്ലിക്ക‌് ടീവിയുടെയും സഹകരണത്തോടെയാണ‌് ഡിസംബറിൽ ഉച്ചകോടി സംഘടിപ്പിച്ചത‌്.

നരേന്ദ്ര മോഡി ഫിലിപ് കോട്ലർ പ്രസിഡൻസി അവാര്‍ഡ് സ്വീകരിയ്ക്കുന്നതായി വന്ന ചിത്രം

നരേന്ദ്ര മോഡി ഫിലിപ് കോട്ലർ പ്രസിഡൻസി അവാര്‍ഡ് സ്വീകരിയ്ക്കുന്നതായി വന്ന ചിത്രം


പരസ്യത്തിലും വിപണനത്തിലുമുള്ള നേട്ടങ്ങൾക്കാണ‌് മുൻപ് അന്താരാഷ്ട്ര വാണിജ്യ ഉച്ചകോടി അവാർഡ‌് കൊടുത്തുകൊണ്ടിരുന്നത‌്. എന്നാൽ ദില്ലിയിൽ നടന്ന കഴിഞ്ഞ ഉച്ചകോടിയിൽ ഇത്തരത്തിൽ അവാർഡിനെക്കുറിച്ച‌് പരാമർശങ്ങളുണ്ടായിട്ടില്ല. ചൊവ്വാഴ‌്ച്ച ചില മാധ്യമങ്ങളില്‍ വന്ന വാർത്തകളിലൂടെയാണ‌് അവാർഡ‌് വിവരം പുറത്തുവരുന്നത‌്. കൂടാതെ കേന്ദ്ര സർക്കാരിന്റെ വാർത്ത കുറിപ്പും  വന്നെങ്കിലും അവാർഡ‌് നിശ്ചയിച്ച ജൂറി അംഗങ്ങളെ കുറിച്ചോ, അവാർഡിന്റെ പിന്നിലെ യഥാർത്ഥ സംഘടന ഏതാണെന്നോപോലും പരാമർശിച്ചിട്ടില്ല.

കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയൽ, സ്മൃതി ഇറാനി, ബിജെപിയുടെ മുതിർന്ന നേതാക്കളായിരുന്നു രാമൻ സിംഗ്, വസുന്ധര രാജെ തുടങ്ങിയവർ പ്രധാനമന്ത്രിയെ അഭിനന്ദിച്ച‌് ഫേസ‌്ബുക്കിൽ പോസ്റ്റ‌് ചെയതതിനു പിന്നാലെയാണ‌് യെച്ചൂരി ട്രോളുമായി എത്തിയത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top