17 July Wednesday

നാഷണൽ സാംപിൾ സർവേ റിപ്പോര്‍ട്: ഇന്ത്യയിൽ തൊഴിൽ സുരക്ഷയില്ല

സ്വന്തം ലേഖകൻUpdated: Friday Jun 14, 2019

ന്യൂഡൽഹി
രാജ്യത്തെ തൊഴിലാളികളിൽ 71 ശതമാനത്തിനും തൊഴില്‍സുരക്ഷയില്ലെന്നും ഗ്രാമീണ മേഖലകളിലെ ഭൂരിഭാഗം തൊഴിലാളികൾക്കും അടിസ്ഥാന വേതനത്തിന്റെ പകുതിപോലും കിട്ടുന്നില്ലെന്നും നാഷണൽ സാമ്പിൾ സർവേയുടെ വെളിപ്പെടുത്തല്‍. നിയമനഉത്തരവ‌ില്ലാതെയാണ് തൊഴിലാളികളിൽ 71.1 ശതമാനവും പണിയെടുക്കുന്നത്. തൊഴിൽ കരാറുകളിലും ഇവർ ഒപ്പിട്ടിട്ടില്ല. ഏത‌ുസമയത്തും തൊഴിലുടമകൾക്ക‌് അവരെ പിരിച്ചുവിടാമെന്ന സ്ഥിതി. 

നാഷണൽ സാമ്പിൾ സർവേ ഓഫീസ‌ിന്റെ  (എൻഎസ‌്എസ‌്ഒ)  പീരിയോഡിക്ക‌് ലേബർ ഫോഴ‌്സ‌് സർവേ (പിഎൽഎഫ‌്എസ‌്) റിപ്പോർട്ടിലൂടെയാണ് രാജ്യത്തെ തൊഴില്‍ മേഖലയുടെ ദയനീയ യാഥാര്‍ഥ്യം പുറത്തുവന്നത്. ഒരു ലക്ഷം വീടുകളിലെ 4.33 ലക്ഷം പേരെ ഉൾപ്പെടുത്തി 2017 ജൂലൈ –- 2018 ജൂൺ കാലയളവിലാണ് സർവേ സംഘടിപ്പിച്ചത്.

തൊഴിലാളികളിൽ 54.2 ശതമാനത്തിനും ശമ്പളത്തോടുകൂടിയുള്ള അവധി ലഭിക്കുന്നില്ല. ഗുരുതരരോഗമുണ്ടായി അവധിയെടുത്താൽപോലും ഇവർക്ക‌് ശമ്പളം നഷ്ടമാകും. ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന 57 ശതമാനവും നഗരമേഖലകളിൽ ജോലി ചെയ്യുന്ന 80 ശതമാനവും  ദിവസം എട്ട‌് മണിക്കൂറിൽ കൂടുതൽ തൊഴിലെടുക്കുന്നു. അധികസമയം തൊഴിലെടുക്കുന്നതിന‌് ഭൂരിഭാഗത്തിനും അധികവേതനം ലഭിക്കുന്നില്ല.
 52 ശതമാനം പേരും കൃഷിയോ ചെറിയ കടകളോപോലെ സ്വയംതൊഴിലില്‍ ഏർപ്പെടുന്നു. 23 ശതമാനം പേർക്ക‌ുമാത്രമേ സ്ഥിരംവേതനം ലഭിക്കുന്നുള്ളു.

സ്ഥിരം തൊഴിലാളികളിൽ 49.6 ശതമാനത്തിനും പിഎഫ‌്, പെൻഷൻ ആരോഗ്യഇൻഷുറൻസ‌്, പ്രസവാനുകൂല്യങ്ങൾ ഇല്ല.
കേന്ദ്രജീവനക്കാരുടെ ശമ്പളം നിശ‌്ചയിക്കാൻ കേന്ദ്രസർക്കാർ നിയമിച്ച ഏഴാംശമ്പള കമീഷൻ കണക്ക‌ുപ്രകാരം നാല‌് അംഗങ്ങളുള്ള കുടുംബത്തിന‌് കഴിഞ്ഞുപോകാൻ 18,000 രൂപയെങ്കിലും ആവശ്യമുണ്ട‌്. ഭക്ഷണം, തുണി, താമസം, കുട്ടികളുടെ പഠനം തുടങ്ങിയ ആവശ്യങ്ങളിൽ ചുരുങ്ങിയ ചെലവുകൾ കണക്കാക്കിയാണ‌് ശരാശരി ഇത്രയും തുക വേണമെന്ന നിഗമനത്തിൽ ശമ്പ‌ളകമീഷൻ എത്തിച്ചേർന്നത‌്. ഗ്രാമീണമേഖലയിൽ സ്വയം തൊഴിലിൽ ഏർപ്പെടുന്നവരും കരാർ തൊഴിലാളികളും അവര്‍ക്ക് ജീവിക്കാന്‍ ആവശ്യമായ തുകയുടെ പകുതിയിലും കുറവാണ‌് ലഭിക്കുന്നതെന്ന‌് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. സ്ഥിരം തൊഴിലുള്ളവര്‍ക്ക് അവശ്യമായ തുകയുടെ മൂന്നിൽ രണ്ടുമാത്രമാണ‌് ലഭിക്കുന്നത‌്.

അതേസമയം, നഗരമേഖലയില്‍ സ്വയം തൊഴിലിൽ ഏർപ്പെടുന്നവരുടെയും സ്ഥിരംതൊഴിലാളികളുടെയും വരുമാനം വരേണ്യവിഭാഗത്തിന‌് ഒപ്പം ചേർത്താണ‌് കണക്കാക്കുന്നത‌്. വരേണ്യവിഭാഗത്തിലുള്ളവരുടെ വരുമാനം അവശ്യമായ തുകയുടെ പലമടങ്ങ‌് അധികമാണ‌്. ഈ  വരുമാനകണക്ക‌് ഒപ്പം ചേർത്തിട്ടും നഗരമേഖലയുടെ മൊത്തം സമ്പാദ്യനിലവാരം മോശമായി തുടരുന്നു. നഗരങ്ങളിലെ തൊഴിലാളികളുടെ സ്ഥിതി അതീവ ദയനീയമാണെന്ന‌് വ്യക്തമാക്കുന്നതാണ‌് ഈ കണക്കെന്ന‌് റിപ്പോർട്ട‌് നിരീക്ഷിക്കുന്നു.


പ്രധാന വാർത്തകൾ
 Top