ന്യൂഡൽഹി
രാജ്യസഭ ഏകകണ്‌ഠമായി പാസാക്കിയതോടെ ലോക്‌സഭയിലും നിയമസഭകളിലും വനിതകൾക്ക് മൂന്നിലൊന്ന് സംവരണം നിര്‍ദേശിക്കുന്ന 128–-ാമത് ഭരണഘടനാ ഭേദഗതി ബില്ലിന് പാർലമെന്റിന്റെ അംഗീകാരമായി. ഹാജരായ 215 അംഗങ്ങളും അനുകൂലിച്ചു. ബിൽ ലോക്‌സഭ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. ഭരണഘടനാ ഭേദഗതിയായതിനാൽ പകുതിയിലേറെ സംസ്ഥാനങ്ങൾകൂടി ബില്ലിന് അംഗീകാരം നൽകണം. അതിനുശേഷം രാഷ്ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ ബിൽ നിയമമാകും. നിയമം വന്നാലും വനിതാ സംവരണം യാഥാർഥ്യമാകാന്‍ വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരും. അടുത്ത സെൻസസും ആ കണക്കുകളുടെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയവും പൂർത്തീകരിച്ചശേഷമേ വനിതാ സംവരണം നിലവിൽ വരൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. ഇതോടെ 2029ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ പോലും സംവരണം നടപ്പാകില്ലെന്ന് ഉറപ്പായി.
വനിതാ സംവരണം നീട്ടിക്കൊണ്ടുപോകരുതെന്ന് രാജ്യസഭയിലും പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടു. സംവരണം എപ്പോൾ നിലവിൽ വരുമെന്ന് വ്യക്തമാക്കണമെന്ന ആവശ്യത്തിനും സർക്കാരിന് കൃത്യമായ മറുപടിയുണ്ടായില്ല. ഒബിസി വനിതകൾക്കും സംവരണം ഉറപ്പാക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോടും സർക്കാർ മുഖംതിരിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തട്ടിപ്പ് മാത്രമാണ് ബില്ലെന്നും അതല്ലെങ്കിൽ ഉടൻ നടപ്പാക്കുമായിരുന്നെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സെൻസസിനും മണ്ഡല പുനർനിർണയത്തിനുംശേഷം സീറ്റുകൾ വർധിക്കുമ്പോൾ അതിന് അനുസൃതമായി സംവരണ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ ചൂണ്ടിക്കാട്ടി.
സെൻസസ് ഭരണഘടനാ പ്രകാരമുള്ളതാണെന്നും മണ്ഡല നിർണയവും മറ്റും സെൻസസ് കണക്കുകളുടെ അടിസ്ഥാനത്തിലാണ് വേണ്ടതെന്നും അതുകൊണ്ടാണ് ബില്ലിന്റെ ഭാഗമാക്കിയതെന്നും മറുപടിയിൽ നിയമ മന്ത്രി അർജുൻ രാം മെഘ്‌വാൾ പറഞ്ഞു. ബിൽ ഏകകണ്‌ഠമായി പാസാക്കി മാതൃകയാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ഥിച്ചു. നിയമപ്രകാരം അടുത്ത മണ്ഡല പുനർനിർണയം 2026ന് ശേഷം മാത്രമേ സാധ്യമാകൂവെന്നും അതിനുമുമ്പ് സംവരണം കൊണ്ടുവരാനാകില്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. രാജ്യസഭയിൽ, അതിന്റെ തെരഞ്ഞെടുപ്പുരീതികൊണ്ടുതന്നെ വനിതാ സംവരണം സാധ്യമാകില്ല. വനിതാ സംവരണം നടപ്പാക്കാനുള്ള മുൻ ശ്രമങ്ങൾ വിശദീകരിക്കുമ്പോൾ ഒരുപാട് സുന്ദരനിമിഷങ്ങൾ മനസ്സിലേക്ക് എത്തും. 2010ൽ രാജ്യസഭ ബിൽ പാസാക്കിയശേഷം പാർലമെന്റിനു പുറത്തേക്ക് വന്ന ബൃന്ദ കാരാട്ടിനെ സുഷമ സ്വരാജ് കെട്ടിപിടിച്ച് അഭിനന്ദിച്ചത് അത്തരമൊരു മുഹൂർത്തമാണ്. ഗീത മുഖർജി അടക്കം ഒരുപാട് വനിതാ നേതാക്കൾ സംവരണത്തിനായി ശക്തമായി നിലകൊണ്ടു–- നിർമല പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..