05 December Thursday

ശിവസേനയുമായുള്ള ബന്ധം അവസാനിപ്പിച്ചു; മഹാരാഷ്‌ട്രയില്‍ സര്‍ക്കാരുണ്ടാക്കാനില്ലെന്ന് ബിജെപി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2019

മുംബൈ > മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് പിന്മാറുന്നുവെന്ന് ബിജെപി. സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി നിലപാട് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഗവര്‍ണറെ അറിയിച്ചു. ശിവസേനയുമായുള്ള സഖ്യം അവസാനിപ്പിക്കുകയാണെന്നും സഖ്യമായി മത്സരിച്ച ശേഷം ശിവസേന പിന്നില്‍ നിന്ന് കുത്തിയെന്നും ബിജെപി ആരോപിച്ചു. തിങ്കളാഴ്ച രാത്രി എട്ടുമണിവരെയായിരുന്നു ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് ഗവര്‍ണര്‍ സമയം അനുവദിച്ചിരുന്നത്.

മന്ത്രിസഭയില്‍ 50:50 പ്രാതിനിധ്യം വേണമെന്നാണ് ശിവസേനയുടെ നിലപാട്. മുഖ്യമന്ത്രി പദം രണ്ടര വര്‍ഷം വീതം ഓരോ പാര്‍ട്ടിക്കും നല്‍കാനാണ് ശിവസേന നിര്‍ദേശം. എന്നാല്‍ ബിജെപിക്ക് ഇതിനോട് താല്‍പര്യമില്ല. പ്രതിപക്ഷമായി എന്‍സിപിയോടു കോണ്‍ഗ്രസിനോടും ചേര്‍ന്നു സര്‍ക്കാര്‍ രൂപികരിക്കാനാണ് ശിവസേനയുടെ നീക്കം.

288 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 145 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. എന്നാല്‍ ബിജെപിക്ക് 105 എംഎല്‍എമാര്‍ മാത്രമാണുള്ളത്. ശിവസേന 56, എന്‍സിപി  54, കോണ്‍ഗ്രസ്  44 എന്നിങ്ങനെയാണ് മറ്റുപാര്‍ട്ടികളുടെ കക്ഷി നില.

രാഷ്ട്രീയ കുതിരക്കച്ചവടം വഴിയും കേന്ദ്രഭരണം ദുരുപയോഗിച്ചും വിവിധ സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ച ബിജെപിക്ക് മഹാരാഷ്ട്രയിലെ തിരിച്ചടി നാണക്കേടായി. കൂട്ടക്കൂറുമാറ്റത്തിന് ശ്രമിച്ചെങ്കിലും ശിവസേനയുടെ പ്രതികരണം ഭയന്ന്  പിന്മാറി. ഇതിനിടെ, ശിവസേന വീണ്ടും എന്‍സിപിയെ സമീപിച്ചു. കോണ്‍ഗ്രസ്, എന്‍സിപി ചര്‍ച്ചകളും സജീവമായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top