23 March Saturday

ബംഗാളിൽ ഇടതുമുന്നണി സ്ഥാനാർഥികളായി

ഗോപിUpdated: Saturday Mar 16, 2019

കൊൽക്കത്ത > ബംഗാളിൽ ഇടതുമുന്നണി ലോക‌്സഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച റായ്ഗഡ‌്, മൂർഷിദാബാദ് സീറ്റുകൾക്കു പുറമെ 23 സീറ്റുകളാണ് പ്രസിദ്ധീകരിച്ചത്. സിപിഐ എം 16 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചത്. ഇടതുമുന്നണി സ്ഥാനാർഥികളിൽ 4 പേർ സ്ത്രീകളും 6 പേർ പുതു മുഖങ്ങളുമാണ്. പ്രമുഖ അഭിഭാഷകനും കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ മുൻ മേയറുമായ ബികാഷ് ഭട്ടാചാര്യ ജാദവപ്പൂരിൽ സിപിഐ എം സ്ഥാനാർഥിയാകും. ഡംഡമിൽ എസ്എഫ്ഐ മുൻ ജനറൽ സെക്രട്ടറി നേപ്പാൾ ദേബ് ഭട്ടാചര്യയും ബർദ്വമാൻ–- ദുർഗാപ്പൂരിൽ മുൻ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി അഭാസ് റായ് ചൗധരിയും മത്സരിക്കും.

ദക്ഷിൺ കൊൽക്കത്തയിൽ ജാദവപ്പൂർ യൂണിവേഴ്സിറ്റി അധ്യാപിക നന്ദിനി മുഖർജിയാണ് സിപിഐ എം സ്ഥാനാർഥി.  സിപിഐ എം 16ഉം ഘടക കക്ഷികളായ സിപിഐ, ഫോർവേഡ് ബ്ലോക്ക്, ആർഎസ‌്‌പി എന്നിവരുടെ മൂന്നു സീറ്റുകൾ വീതവുമാണ് രണ്ടാംപട്ടികയിൽ പ്രഖ്യാപിച്ചത്. ആകെയുള്ള 42 സീറ്റുകളിൽ ഇടതുമുന്നണി മത്സരിക്കുന്നത് ഒഴികെ ബാക്കി സ്ഥലങ്ങളിൽ തൃണമൂൽ, ബിജെപി എന്നീ ജനാധിപത്യവിരുദ്ധ വർഗീയ കക്ഷികളെ പരാജയപ്പെടുത്താൻ ജനാധിപത്യ മതേതര കക്ഷികളുമായി നീക്കുപോക്കുണ്ടാക്കുകയും സ്വതന്ത്രരെ പിന്താങ്ങുകയും ചെയ്യും. അതിനുള്ള ചർച്ച നടക്കുകയാണെന്ന‌് ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു അറിയിച്ചു.


പ്രധാന വാർത്തകൾ
 Top