14 December Saturday

വാളയാർ കേസിൽ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി സ്വീകരിച്ചു; നാലുപ്രതികൾക്കും നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2019

കൊച്ചി> വാളയാറിൽ സഹോദരിമാരായ രണ്ട്‌ പെൺകുട്ടികൾ പീഡനത്തിരയായി ആത്‌മഹത്യ ചെയ്‌ത  കേസിൽ പ്രതികളെ വെറുതെവിട്ട പോക്സോ കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ വിചാരണ കോടതി വെറുതെ വിട്ട നാല് പ്രതികൾക്കും ഹൈക്കോടതി നോട്ടീസ് അയക്കുംകേസിൽ തുടരന്വേഷണവും പുനർവിചാരണയും ആവശ്യപ്പെട്ടാണ്‌ അപ്പീൽ നൽകിയത്‌. 

ചുമതലകളിൽ വീഴ്ച വരുത്തിയ പ്രോസിക്യൂട്ടറെ കഴിഞ്ഞ ദിവസം സർക്കാർ മാറ്റിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറയിച്ചിട്ടുണ്ട്.

അപ്പീൽ ഫയൽ ചെയ്‌ത സ്പെഷ്യൽ ഗവ. പ്ലീഡർ നിക്കോളാസ് ജോസഫ്‌, മരണങ്ങൾ അന്വേഷിച്ച പൊലീസ് സംഘത്തിനും വിചാരണക്കോടതിയിലെ പ്രോസിക്യൂട്ടർക്കും വീഴ്ച പറ്റിയതായി കോടതിയെ അറിയിച്ചു. ആറ് കുറ്റപത്രം നൽകിയതിനാൽ ആറു കേസായി പരിഗണിച്ചാണ് പാലക്കാട് സെഷൻസ് കോടതി വിധി പറഞ്ഞത്. അതിനാൽ, ആറ് അപ്പീൽ ഹർജികൾ സർക്കാർ നൽകി.

കേസന്വേഷണത്തിന്റെ തുടക്കത്തിലുണ്ടായ വീഴ്ച വിചാരണയെ ബാധിച്ചെന്നും വിധിയിൽ പ്രതിഫലിച്ചെന്നും അപ്പീലിൽ പറഞ്ഞു. ഗൗരവമുള്ള കേസായിട്ടുപോലും അന്വേഷണ നടപടിക്രമങ്ങളിലും അപാകത പരിഹരിക്കുന്നതിലും പ്രോസിക്യൂട്ടർ ശ്രദ്ധിച്ചില്ല  ഈ സാഹചര്യത്തിൽ ഹൈക്കോടതി ഇടപെടൽ അനിവാര്യമാണെന്ന് സർക്കാർ അപ്പീലിൽ പറഞ്ഞിരുന്നു.


പ്രധാന വാർത്തകൾ
 Top