23 July Tuesday

വിവിപാറ്റിലെ 50 % വോട്ടുകൾ എണ്ണണം: പ്രതിപക്ഷ പാർട്ടികൾ വീണ്ടും സുപ്രീംകോടതിയെ സമീപിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019

ന്യൂഡല്‍ഹി > വോട്ടിങ് മെഷീനെതിരെ വീണ്ടും പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്ത്. ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം അല്ലെങ്കില്‍ വിവിപാറ്റിലെ 50 ശതമാനം വോട്ടുകളെങ്കിലും എണ്ണണമെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം.
 
നിരവധി രാജ്യങ്ങള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ പരീക്ഷിച്ച ശേഷം ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോയി. ഇ.വി.എമ്മുകള്‍ക്ക് വിശ്വാസ്യത കുറഞ്ഞ സാഹചര്യത്തില്‍ എന്ത് കൊണ്ട് നമുക്കും തിരിച്ചുപോയികൂടായെന്നും അദ്ദേഹം ചോദിച്ചു. അല്ലെങ്കില്‍ വിവിപാറ്റുകളിലെ 50 ശതമാനം വോട്ടുകളെങ്കിലും എണ്ണാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
 
50 ശതമാനം വോട്ടുകള്‍ എണ്ണിയാല്‍ ആറ് ദിവസമെങ്കിലും എടുക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ഇത് തെറ്റായ കാര്യമാണ്‌. പേപ്പര്‍ ബാലറ്റുകള്‍ എണ്ണുന്ന കാലത്ത് 24 മണിക്കൂറാണ് പൂര്‍ണ്ണ ഫലത്തിനായി എടുത്തിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും നായിഡു പറഞ്ഞു.
 
ഒരു പാര്‍ട്ടിക്ക് നേരെയുള്ള ബട്ടണില്‍ അമര്‍ത്തുമ്പോള്‍ മറ്റൊരു പാര്‍ട്ടിക്ക് വോട്ട് പോകുന്നുവെന്ന പരാതി ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍  ഉയര്‍ന്നിട്ടുണ്ട്. മൂന്ന് സെക്കന്‍ഡ് മാത്രമാണ് വോട്ട് ചെയ്ത പാര്‍ട്ടിയുടെ ചെയ്ത ചിഹ്നം വിവിപാറ്റില്‍ കാണാനാകുന്നത്. ഇത് ഏഴ് സെക്കന്‍ഡെങ്കിലും ആക്കണമെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി ആവശ്യപ്പെട്ടു. വിവിപാറ്റിലെ 50 ശതമാനം വോട്ടുകള്‍ ഒത്തുനോക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്നും സിങ്‌വി പറഞ്ഞു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. 
 
ഒരു അസംബ്ലി മണ്ഡലത്തിലെ അഞ്ചു വിവിപാറ്റ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. 50 ശതമാനം വോട്ടുകള്‍ ഒത്തുനോക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി ഉത്തരവ്.

 


പ്രധാന വാർത്തകൾ
 Top