30 May Saturday

മധ്യപ്രദേശില്‍ നാടകീയ നീക്കങ്ങള്‍ ; വിശ്വാസവോട്ട്‌ തർക്കം സുപ്രീംകോടതിയിൽ

എം പ്രശാന്ത‌്Updated: Monday Mar 16, 2020


ന്യൂഡൽഹി
മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയുമായുള്ള അധികാരത്തർക്കം സുപ്രീംകോടതി മുമ്പാകെയെത്തി. തിങ്കളാഴ്‌ച വിശ്വാസവോട്ടിന്‌ തയ്യാറാകാതെ ബജറ്റ്‌ സമ്മേളനം 26 വരെ സ്‌പീക്കർ നിർത്തിവച്ചതിന്‌ പിന്നാലെ ബിജെപി സുപ്രീംകോടതിയെ സമീപിച്ചു. 12 മണിക്കൂറിനകം വിശ്വാസവോട്ട്‌ തേടാൻ സർക്കാരിന്‌ നിർദേശം നൽകണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജി ചൊവ്വാഴ്‌ച പരിഗണിക്കും. ചൊവ്വാഴ്ച വിശ്വാസം തെളിയിക്കണമെന്ന് ​ഗവര്‍ണറും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കോവിഡ്‌ ഭീതിയുടെ പേരിലാണ് സ്പീക്കർ സഭാനടപടി നിർത്തിയത്‌. ബിജെപിയിലേക്ക് കാലുമാറ്റിച്ചവിട്ടിയ മുതിർന്ന നേതാവ്‌ ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന 22 എംഎൽഎമാർ രാജി സമർപ്പിച്ചതോടെ പ്രതിസന്ധിയിലായ കോൺഗ്രസ്‌ സർക്കാരിന്‌ സ്‌പീക്കറുടെ നടപടി ആശ്വാസമായി. തിങ്കളാഴ്‌ചതന്നെ വിശ്വാസവോട്ട്‌ തേടണമെന്ന്‌ ഗവർണർ ലാൽജി ഠണ്ടൻ സർക്കാരിന്‌ നിർദേശം നൽകിയിരുന്നു. എന്നാൽ, അജൻഡയിൽ വിശ്വാസ വോട്ട്‌ ഉൾപ്പെടുത്തിയില്ല. നയപ്രഖ്യാപനത്തിനായി നിയമസഭയിലെത്തിയ ഗവർണർ പ്രസംഗത്തിന്റെ അവസാന പേജ്‌ മാത്രം വായിച്ച്‌ അവസാനിപ്പിച്ചു.  പിന്നാലെ സഭ നിർത്തിവയ്‌ക്കുകയാണെന്ന്‌ സ്‌പീക്കർ അറിയിച്ചു.

തിങ്കളാഴ്‌ച വിശ്വാസവോട്ട്‌ തേടാൻ ഉത്തരവിട്ട നടപടിയെ വിമർശിച്ച്‌ മുഖ്യമന്ത്രി കമൽനാഥ്‌ ഗവർണർക്ക്‌ രാവിലെ കത്ത്‌ നൽകിയിരുന്നു. സ്‌പീക്കറുടെ അധികാരപരിധിയിൽ ഗവർണർ അനാവശ്യമായി ഇടപെടുകയാണെന്ന്‌ കത്തിൽ കമൽനാഥ്‌ പറഞ്ഞു.

രൂക്ഷമായ ഭാഷയിൽ ഗവർണർ മുഖ്യമന്ത്രിക്ക്‌ മറുപടി കത്ത്‌ നൽകി. ചൊവ്വാഴ്‌ചതന്നെ വിശ്വാസവോട്ട്‌ തേടണമെന്നും അല്ലെങ്കിൽ സർക്കാരിന്‌ ഭൂരിപക്ഷം നഷ്ടപ്പെട്ടതായി കണക്കാക്കുമെന്നും ഗവർണർ കത്തിൽ പറഞ്ഞു. 106 എംഎൽഎമാരെ ബിജെപി ഉച്ചയോടെ ഗവർണർക്ക്‌ മുമ്പാകെ എത്തിച്ചു. കമൽനാഥിന്‌ ഭൂരിപക്ഷം നഷ്ടമായെന്നും ബിജെപി സർക്കാർ രൂപീകരിക്കുമെന്നും മുൻമുഖ്യമന്ത്രി ശിവ്‌രാജ്‌സിങ്‌ ചൗഹാൻ പറഞ്ഞു.  ബിജെപിക്കായി ചൗഹാനാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top