09 August Sunday

വ്യാജ ഏറ്റുമുട്ടൽ കൊല : കളമൊരുക്കാന്‍ മാധ്യമങ്ങളെ തടഞ്ഞിട്ടു

എം അഖിൽUpdated: Saturday Jul 11, 2020

ന്യൂഡൽഹി
കൊടുംകുറ്റവാളി വികാസ്‌ ദുബെ കൊല്ലപ്പെട്ടതില്‍ ഉത്തർപ്രദേശ്‌ സർക്കാരിന്റെയും പൊലീസിന്റെയും അവകാശവാദങ്ങൾ ഒന്നൊന്നായി പൊളിയുന്നു. ഉജ്ജയിനിയിൽ നിന്ന്‌ കാൺപുരിലേക്ക്‌ ‌ വികാസും  പൊലീസുകാരും  സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തെ പ്രമുഖ മാധ്യമങ്ങളും പിന്തുടർന്നു. വ്യാഴാഴ്‌ച രാത്രി മുതൽ പൊലീസ് വാഹനത്തിന്‌ തൊട്ടുപിന്നാലെ‌ മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾ നീങ്ങി‌.

വെള്ളിയാഴ്‌ച രാവിലെ  ‘ഏറ്റുമുട്ടൽ’ അരങ്ങേറിയ സ്ഥലത്തിന്‌ രണ്ട്‌ കിലോമീറ്റർ അകലെ മാധ്യമങ്ങളുടെ വാഹനം പൊലീസ്‌ തടഞ്ഞു. ‘സ്ഥിരം പരിശോധന’ എന്ന പേരിലാണ്‌ വാഹനങ്ങൾ തടഞ്ഞത്‌. പരിശോധന കഴിഞ്ഞ്‌ വാഹനങ്ങൾ വിട്ടപ്പോഴേക്കും ‘ഏറ്റുമുട്ടല്‍’ പൂര്‍ത്തിയായിരുന്നു.

യാത്ര വിലങ്ങിടാതെ
ഉജ്ജയിനിയിൽ നിന്നും പുറപ്പെടുമ്പോൾ വികാസ്‌ദുബെ സഫാരി കാറിലാണ്‌ സഞ്ചരിച്ചിരുന്നത്‌. പിന്നീട്‌ എസ്‌യുവിലേക്ക്‌ മാറ്റി. കാർ മാറ്റത്തിനുള്ള കാരണം പൊലീസ്‌ വിശദീകരിച്ചിട്ടില്ല. 62 കേസിൽ പ്രതിയായ കൊടും കുറ്റവാളി  വികാസിനെ വിലങ്ങ്‌ അണിയിച്ചില്ല. രണ്ട്‌ പൊലീസുകാരുടെ ഇടയിൽ സാധാരണ യാത്രക്കാരനെപ്പോലെ ഇരുത്തി‌.

മുമ്പ് അപകടത്തിൽ എല്ലുപൊട്ടിയതിനാല്‍‌ വികാസ്‌ദുബെയുടെ രണ്ടുകാലുകളിലും കമ്പിയിട്ടിരുന്നു. നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നും ചൂണ്ടികാണിക്കപ്പെടുന്നു. അമർദുബെ, ബബ്ബൻശുക്ല, പ്രഭാത്‌മിശ്ര  തുടങ്ങി വികാസിന്റെ ഉറ്റ അനുയായികളെ പൊലീസ്‌ നേരത്തെ വകവരുത്തി.

പരിഹാസ്യമായ കഥ
അപകടം ഉണ്ടായ സമയം പൊലീസുകാരുടെ തോക്ക്‌ തട്ടിപ്പറിച്ച്‌ വികാസ്‌ ഓടിയെന്ന കഥ പരിഹാസ്യമാണെന്ന്‌ വിരമിച്ച ഐപിഎസ് ഉദ്യോ​ഗസ്ഥനും കേരളത്തിന്റെ മുന്‍ ഡിജിപിയുമായ ഡോ. എൻ സി അസ്‌താന പ്രതികരിച്ചു. ‘അപകടം ഉണ്ടായെന്ന്‌ പറയുന്ന സ്ഥലത്ത്‌ സൗകര്യമായി മറിച്ചിട്ട രീതിയിലാണ്‌ വാഹനം കിടന്നത്‌. വണ്ടിയുടെ വാതിലുകൾ എല്ലാം അടച്ചിട്ട നിലയിൽ. റോഡിന്റെ അവസ്ഥയും മോശമല്ല. അവിചാരിതമായി വണ്ടി മറിയാനുള്ള സാഹചര്യമില്ല. ചുറ്റും വിശാലമായ പാടം‌. രക്ഷപ്പെടാൻ നോക്കിയാൽ എന്താകുമെന്ന്‌ അൽപബുദ്ധികൾക്ക്‌ പോലും  ഊഹിക്കാം. പിന്നെ കൊടും കുറ്റവാളിയായ വികാസ്‌ ദുബെ അതിന്‌ ശ്രമിച്ചെന്ന്‌ പറയുന്നത്‌ അവിശ്വസനീയം‌. പൊലീസും രാഷ്ട്രീയ നേതാക്കളും മാഫിയാത്തലവൻമാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ്‌ ഈ ‘ഏറ്റുമുട്ടൽ’ കൊല–ഡോ. അസ്‌താന ചൂണ്ടിക്കാണിച്ചു.

‘6 പേർ മരിച്ചു; 12 പേരെ കിട്ടാനുണ്ട്‌‌’
വികാസ്‌ ദുബെയെ പിടികൂടാനുള്ള ശ്രമത്തിനിടെ എട്ട്‌ പൊലീസുകാരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ  കേസിൽ 12 പേരെ ഇനിയും പിടികൂടാനുണ്ടെന്ന്‌ ഉത്തർപ്രദേശ്‌ പൊലീസ്‌ പറഞ്ഞു. മൂന്നു പേരെ പിടികൂടി.  ആറു പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഏഴു പേരെ റിമാൻഡിലാണെന്നും എഡിജി പ്രശാന്ത്‌കുമാർ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top