07 August Friday
രണ്ട്‌ ദിവസം കഴിഞ്ഞിട്ടും വികാസിനെ പിടികൂടാനായില്ല; ബിക്രു ഗ്രാമത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു

യുപി പൊലീസുകാരുടെ കൊലപാതകം ; ക്രിമിനൽസംഘത്തിന്‌ പൊലീസ്‌ സഹായവും

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020

ന്യൂഡൽഹി
ഉത്തർപ്രദേശിൽ ഡിവൈഎസ്‌പി അടക്കം എട്ടു പൊലീസുകാരെ ക്രൂരമായി കൊന്നുതള്ളിയതിന്റെ ഗൂഢാലോചനക്ക്‌ പിന്നിൽ പൊലീസുകാരും. കൊടും കുറ്റവാളി വികാസ്‌ ദുബേയെ പിടികൂടാൻ പുറപ്പെട്ട വിവരം പൊലീസ്‌ സ്‌റ്റേഷനിൽനിന്നാണ്‌ വികാസിനെ ഫോണിൽ വിളിച്ച്‌ അറിയിച്ചതെന്ന്‌ പിടിയിലായ അക്രമിസംഘാംഗം ദയാശങ്കർ അഗ്നിഹോത്രി വെളിപ്പെടുത്തി. വികാസിന്റെ ഫോണിൽ 20 പൊലീസുകാരുടെ നമ്പരും കണ്ടെത്തി. പൊലീസ്‌ സംഘം പുറപ്പെട്ട ചൗബേപുർ സ്‌റ്റേഷനിലെ രണ്ട്‌ പൊലീസുകാരുമായി വികാസ്‌ നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ തെളിവും ലഭിച്ചു. ആക്രമണം ഉണ്ടായ ബിക്രു ഗ്രാമത്തിൽനിന്നുള്ള കോൺസ്‌റ്റബിളാണ്‌ ഇവരിൽ ഒരാൾ.

ആക്രമണം ഉണ്ടായ വെള്ളിയാഴ്‌ച രാത്രി ബിക്രു ഗ്രാമത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിരുന്നെന്ന്‌ കാൺപുർ ശിവ്‌ലി പവർസ്‌റ്റേഷനിലെ ജീവനക്കാരൻ ഛത്രപാൽ സിങ്‌ വെളിപ്പെടുത്തി.രണ്ട്‌ ദിവസം പിന്നിട്ടിട്ടും വികാസിനെ പിടികൂടാനായിട്ടില്ല. വികാസ്‌ രക്ഷപ്പെടാൻ ഉപയോഗിച്ചെന്ന്‌ സംശയിക്കുന്ന രണ്ട്‌ വാഹനങ്ങൾ ഔരയ്യ ജില്ലയിൽ കണ്ടെത്തി. മധ്യപ്രദേശിലേക്കോ രാജസ്ഥാനിലേക്കോ രക്ഷപ്പെട്ടതായാണ്‌ സംശയിക്കുന്നത്‌. പിടികൂടാൻ സഹായിക്കുന്ന വിവരം നൽകുന്നവർക്കുള്ള പാരിതോഷികം ഒരു ലക്ഷം രൂപയായി വർധിപ്പിച്ചു. നേപ്പാൾ അതിർത്തിയിലും ഇവരുടെ ചിത്രങ്ങൾ പതിച്ചിട്ടുണ്ട്‌. അക്രമികൾക്ക്‌ രാഷ്‌ട്രീയ നേതൃത്വം സംരക്ഷണം നൽകുന്നതായും ആരോപണമുണ്ട്‌.


 

ഡിവൈഎസ്‌പിയുടെ തല മഴുകൊണ്ട്‌‌ വെട്ടിപ്പിളർന്നു
കാൺപുരിൽ ക്രിമിനൽ സംഘം ഡിവൈഎസ്‌പി അടക്കം എട്ടു പൊലീസുകാരെ കൊന്നത്‌ ക്രൂരമായി‌‌‌.  ഡിവൈഎസ്‌പി ദേവേന്ദ്രമിശ്രയുടെ തല മഴുകൊണ്ട്‌ വെട്ടിപ്പിളർത്തി. കാൽ വിരലുകൾ വെട്ടിമാറ്റുകയും ശരീരം വികൃതമാക്കുകയും ചെയ്‌തെന്ന്‌ പോസ്‌റ്റുമോർട്ടം റിപ്പോർട്ട്‌ . തൊട്ടടുത്ത്‌ നിന്നാണ്‌ അദ്ദേഹത്തെ വെടിവച്ചത്‌. മിശ്രയെ വികാസ്‌ ദുബേയുടെ സഹായി പ്രേം പ്രകാശ്‌ പാണ്ഡെയുടെ വീട്ടിലേക്ക്‌ വലിച്ചിഴച്ച്‌ കൊണ്ടുപോയശേഷമാണ്‌ വെടിവച്ചത്‌. വികാസിനെതിരെ ഒരു കൊലപാതകശ്രമക്കേസ്‌ ചുമത്തിയതും ഇയാളെ പിടികൂടാനുള്ള പദ്ധതി തയ്യാറാക്കിയതും മിശ്രയായിരുന്നു.

കൊല്ലപ്പെട്ട ശിവരാജ്‌പുർ സ്‌റ്റേഷൻ ഓഫീസർ മഹേഷ്‌ യാദവിന്റെ മുഖത്തും നെഞ്ചിലും തോളിലുമാണ്‌ വെടിയേറ്റത്‌. എസ്‌ഐ അനൂപ്‌ കുമാറിന്റെ ശരീരത്തിൽനിന്ന്‌ ഏഴ്‌ വെടിയുണ്ടകൾ‌ കണ്ടെടുത്തു‌. എകെ 47 കൊണ്ടുള്ള വെടിയേറ്റ്‌ കോൺസ്‌റ്റബിൾ ജിതേന്ദ്രപാലിന്റെ ശരീരം ചിന്നിച്ചിതറി. 315 ബേർ റൈഫിൾകൊണ്ടുള്ള വെടിയേറ്റാണ്‌ കോൺസ്‌റ്റബിൾമാരായ സുൽത്താൻ സിങ്‌, രാഹുൽ, ബാബ്‌ലു എന്നിവർ മരിച്ചതെന്ന്‌ ഫോറൻസിക്‌ വിദഗ്‌ധർ പറഞ്ഞു.
അറുപതോളം‌ പേരുള്ള സംഘമാണ്‌ പൊലീസുകാരെ കെണിയൊരുക്കി ആക്രമിച്ചത്‌‌. മണ്ണുമാന്തിയന്ത്രംകൊണ്ട്‌ വഴിതടഞ്ഞശേഷം ഉയർന്ന കെട്ടിടങ്ങൾക്കുമുകളിൽ പതിയിരുന്നായിരുന്നു ആക്രമണം‌.

സ്‌റ്റേഷനിലും കൊല
കാൺപുരിലെ ബിക്രു ഗ്രാമത്തിൽ രാഷ്‌ട്രീയ നേതൃത്വത്തിന്റെ തണലിലാണ്‌‌ വികാസ്‌ ദുബേയ്‌. ഉന്നതബന്ധങ്ങളുള്ള ഇയാൾ പൊലീസ്‌ സ്‌റ്റേഷന്‌ അകത്തുവച്ചും കൊലപാതകം നടത്തി. ബിജെപി നേതാവായിരുന്ന സന്തോഷ്‌‌കുമാർ ശുക്ലയെ അഭയംതേടിയ പൊലീസ്‌ സ്‌റ്റേഷനിൽവച്ചാണ്‌ 2001ൽ വികാസ്‌ വെടിവച്ചുകൊന്നത്‌. രണ്ട്‌ പൊലീസുകാരും കൊല്ലപ്പെട്ടു. ബിജെപി നേതാവ്‌ രാജ്‌നാഥ്‌സിങ്‌ യുപി മുഖ്യമന്ത്രിയായിരിക്കെ ഉണ്ടായ കൊലപാതകത്തിലും വികാസ്‌ ശിക്ഷിക്കപ്പെട്ടില്ല. സാക്ഷികളായ പൊലീസുകാരും ശുക്ലയുടെ ഡ്രൈവറും കൂറുമാറി. വികാസിനെ വെറുതെവിട്ടു. 2017ൽ ലഖ്‌നൗവിലെ ഒളിത്താവളത്തിൽനിന്ന് പ്രത്യേക ദൗത്യസംഘം പിടികൂടിയെങ്കിലും പുറത്തുവന്ന്‌ ഇയാൾ പുതിയസംഘം രൂപീകരിച്ചു.

യുപിയിലെ ജാതികേന്ദ്രീകൃത രാഷ്‌ട്രീയത്തിൽ ബ്രാഹ്മണനേതാവായി വികാസ്‌ ശക്തിപ്രാപിച്ചു. 2015ൽ വികാസിന്റെ ഭാര്യ റിച്ച ദുബേയ്‌ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റായി. ബിജെപി, ബിഎസ്‌പി, എസ്‌പി നേതാക്കളുമായി വികാസ്‌ അടുത്തബന്ധം പുലർത്തി. ബിഎസ്‌പി വിട്ട്‌ ബിജെപിയിൽ എത്തി ആദിത്യനാഥിന്റെ മന്ത്രിസഭയിൽ അംഗമായ ബ്രിജേഷ്‌ പതക്‌ വികാസിന്റെ അടുപ്പക്കാരനാണ്‌. ഉന്നതബന്ധങ്ങൾ ഉപയോഗിച്ച്‌ തനിക്ക്‌ താൽപ്പര്യമുള്ള പൊലീസുകാരെയാണ്‌ വികാസ്‌ സമീപ സ്‌റ്റേഷനുകളിൽ നിയോഗിച്ചത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top