21 August Wednesday

"പാത്ത്‌ വോട്ട്‌ പോടുങ്കേ'

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

ചെന്നൈ> ജാതിയിലെയും മതത്തിലെയും പ്രശ‌്‌നങ്ങൾ പറഞ്ഞ‌ുവരുന്നവരോടൊപ്പം ചേരരുതെന്നും വോട്ടവകാശം ചിന്തിച്ച‌് വിനിയോഗിക്കണമെന്നും ആഹ്വാനംചെയ‌്ത‌്  മക്കൾ സെൽവൻ വിജയ‌് സേതുപതി. ഒരു ചടങ്ങിൽ സദസ്സിനെ അഭിമുഖീകരിച്ച് സംസാരിക്കുമ്പോഴായിരുന്നു താരം തന്റെ നിലപാട് പങ്കുവച്ചത്. ‘നമ്മുടെ നാട്ടിലൊരു പ്രശ്‌നം, നമ്മുടെ കോളേജിലൊരു പ്രശ്‌നം, നമ്മുടെ സംസ്ഥാനത്ത് ഒരു പ്രശ്‌നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്‌നം എന്ന‌് പറഞ്ഞുവരുന്നവർക്കൊപ്പം ചേരണം.

അല്ലാതെ, നമ്മുടെ ജാതിക്കൊരു പ്രശ്‌നം, നമ്മുടെ മതത്തിനൊരു പ്രശ്‌നം എന്ന‌് പറഞ്ഞുവരുന്നവരോടൊപ്പം ചേരാതിരിക്കുക. അങ്ങനെ പറയുന്നവർ എല്ലാം ചെയ്തിട്ട് അവരുടെ വീട്ടിൽ പോയി പൊലീസിന്റെ കാവലിൽ സുഖമായിട്ടിരിക്കും, അകപ്പെട്ടു പോകുന്നത് നമ്മളായിരിക്കും. ദയവ് ചെയ്ത് ഇക്കാര്യം ഓർത്തിരിക്കുക’–- വിജയ് സേതുപതി പറഞ്ഞു. വൻ കരഘോഷത്തോടെയാണ‌് സദസ്സ‌് അദ്ദേഹത്തിന്റെ വാക്കുകളെ സ്വീകരിച്ചത‌്.

സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ പരസ്യമായി തന്റെ അഭിപ്രായങ്ങൾ പറഞ്ഞിട്ടുള്ള നടനാണ് വിജയ് സേതുപതി. മെർസൽ സിനിമയുടെ പേരിൽ നടൻ വിജയ്‌ക്കെതിരെ സംഘപരിവാർ ആക്രമണമുണ്ടായപ്പോൾ അദ്ദേഹം ശക്തമായി പ്രതിഷേധിച്ചു. ശബരിമല യുവതീപ്രവേശനത്തെയും അദ്ദേഹം സ്വാഗതം ചെയ്തിരുന്നു. ‘ഭൂമി അമ്മയാണ്. അതിൽനിന്ന് ഒരുപിടി മണ്ണെടുത്താണ് ദൈവങ്ങളുടെ പ്രതിമ ഉണ്ടാക്കുന്നത്. എന്നാൽ, അതിനുശേഷം ആ പ്രതിമ പറയുന്നു ഭൂമി അശുദ്ധയാണെന്ന്. ഇതല്ലേ ഇപ്പോൾ സംഭവിച്ചത്. സ്ത്രീയാണ് ദൈവം. പിന്നെങ്ങനെ അവർ അശുദ്ധരാകും’–-മക്കൾ സെൽവൻ ചോദിച്ചു.


പ്രധാന വാർത്തകൾ
 Top