18 February Monday

മല്യയെ സഹായിച്ചത് മോഡി

സ്വന്തം ലേഖകൻUpdated: Saturday Sep 15, 2018

ന്യൂഡൽഹി > ശതകോടികൾ തട്ടിപ്പ് നടത്തി ഇന്ത്യവിട്ട മദ്യരാജാവ് വിജയ് മല്യക്കെതിരായ ലുക്ക്ഔട്ട് നോട്ടീസ് സിബിഐ ദുർബലപ്പെടുത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അറിവോടെയെന്ന‌് വെളിപ്പെടുത്തൽ. പൊതുമേഖലാ ബാങ്കായ എസ്ബിഐയിലെ  മുതിർന്ന ഉദ്യോഗസ്ഥർ മല്യയെ കുടുക്കുന്നതിൽ വരുത്തിയ ​ഗുരുതരവീഴ്ചകളും പുറത്തുവന്നു. പ്രധാനമന്ത്രി അറിയാതെ ഇത്തരം അട്ടിമറി നടക്കില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

മല്യ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും അത് തടയാൻ സുപ്രീംകോടതിയെ സമീപിക്കണമെന്നും താൻ നൽകിയ നിയമോപദേശം എസ്ബിഐ അധികൃതർ അവഗണിച്ചെന്ന് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ വെളിപ്പെടുത്തി. മല്യ ഇന്ത്യ വിട്ടതിന‌് നാല് ദിവസംമുമ്പ് 2016 ഫെബ്രുവരി 28ന‌് നൽകിയ നിയമോപദേശമാണ് ദവെ വെളിപ്പെടുത്തിയത്. അന്നേദിവസം, എസ്ബിഐയിലെ നാല് മുതിർന്ന ഉദ്യോഗസ്ഥർ ബാങ്കിന്റെ അഭിഭാഷകർക്കൊപ്പം തന്നെ സമീപിച്ചിരുന്നുവെന്ന് ദവെ പറഞ്ഞു. മല്യ രാജ്യം വിട്ടുപോകുന്നത് വിലക്കുന്ന ഉത്തരവിനായി പിറ്റേദിവസം സുപ്രീംകോടതിയെ സമീപിക്കാമെന്ന് ഉറപ്പുനൽകി. പിറ്റേന്ന് രാവിലെ 10ന‌് കാണാമെന്നു പറഞ്ഞ് പിരിഞ്ഞു. കോടതി തുറക്കുന്ന 10.30 വരെ കാത്തിരുന്നെങ്കിലും ബാങ്ക് പ്രതിനിധികൾ എത്തിയില്ലെന്ന് ദവെ പറഞ്ഞു.

എസ്ബിഐയുടെ അന്നത്തെ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യ ഈ വെളിപ്പെടുത്തലിനോട് പ്രതികരിക്കാൻ വിസമ്മതിച്ചു. ഇപ്പോഴത്തെ മാനേജ്മെന്റിനോട് ചോദിക്കുകയാണ് വേണ്ടതെന്ന് അവർ പറഞ്ഞു. വായ്പ കുടിശ്ശിക തിരിച്ചുപിടിക്കാനുള്ള നടപടികളിൽ അലംഭാവം ഒന്നുമുണ്ടായിട്ടില്ലെന്ന് എസ്ബിഐ വക്താവ് അവകാശപ്പെട്ടു. എന്നാൽ, മല്യ ഇന്ത്യ വിട്ട് മൂന്ന് ദിവസത്തിനുശേഷം, 2016 മാർച്ച് അഞ്ചിനാണ് എസ്ബിഐയുടെ നേതൃത്വത്തിൽ ബാങ്കുകളുടെ കൺസോർഷ്യം സുപ്രീംകോടതിയെ സമീപിച്ചത്. അന്നത്തെ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി മാർച്ച് എട്ടിനുമാത്രമാണ് ബാങ്കുകളുടെ ഹർജിയെക്കുറിച്ച് കോടതിയിൽ പരാമർശം നടത്തിയത്.

കോർപറേറ്റുകളുടെ വായ്പാതട്ടിപ്പ് മാധ്യമവാർത്തയായ സാഹചര്യത്തിൽ 2015 ജൂലൈ 29ന‌് മല്യക്കെതിരെ സിബിഐ വഞ്ചന, ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങൾ ആരോപിച്ച് എഫ്ഐആർ എടുത്തിരുന്നു. അപ്പോൾ ബാങ്കുകൾ പരാതി നൽകിയിട്ടില്ലായിരുന്നു. അന്ന് മല്യ ബ്രിട്ടനിലായിരുന്നു. മല്യ മടങ്ങിഎത്തുമ്പോൾ കസ്റ്റഡിയിലെടുത്ത്  കൈമാറണമെന്ന് ആവശ്യപ്പെട്ട് 2015 ഒക്ടോബർ 16ന‌് ഇമിഗ്രേഷൻ അധികൃതർക്ക് സിബിഐ നോട്ടീസ് നൽകി. മല്യ പിറ്റേദിവസം വരുന്നുണ്ടെന്ന് നവംബർ 23ന‌് ഇമിഗ്രേഷൻ വിഭാഗം സിബിഐയെ അറിയിച്ചു. എന്നാൽ, “കസ്റ്റഡിയിൽ എടുക്കണം’ എന്ന നോട്ടീസ് “അറിയിക്കണം’ എന്നായി ദുർബലപ്പെടുത്തുകയാണ് സിബിഐ ചെയ്തത്. ലുക്ക്ഔട്ട് നോട്ടീസ് മാറ്റിയതിനു പിന്നിൽ പ്രധാനമന്ത്രി മോഡിയാണെന്ന് എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. രാജ്യം കൊള്ളയടിക്കാൻ സൗകര്യം ഒരുക്കിയത് സർക്കാരാണെന്ന് ഭരണനേതൃത്വത്തിന‌് സമ്മതിക്കേണ്ടിവരുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താ ഏജൻസിയോട് പറഞ്ഞു.

മല്യയെ കസ്റ്റഡിയിൽ എടുക്കാനുള്ള തെളിവുകൾ തങ്ങളുടെ കൈവശം ഇല്ലായിരുന്നെന്നാണ് സിബിഐ അവകാശപ്പെടുന്നത്. ആ സമയത്ത് ബാങ്കുകളുടെ പരാതിയും ഉണ്ടായിരുന്നില്ലെന്ന് സിബിഐ വക്താവ് പറഞ്ഞു. മല്യയെ രക്ഷിക്കാൻ കേന്ദ്രസർക്കാരിന്റെ ഉന്നതങ്ങളിൽ ആസൂത്രിതമായ നീക്കം നടന്നുവെന്നാണ് ഇതിൽനിന്നെല്ലാം വ്യക്തമാകുന്നത്. ബാങ്കുകൾ പരാതി നൽകുന്നതും കോടതിയെ സമീപിക്കുന്നതും ബോധപൂർവം വൈകിച്ചു. ധനമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ബാങ്കുകൾ പ്രവർത്തിച്ചതെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top